Wednesday, July 29, 2009

ജീവിതം കൊണ്ട് ഘടകക്രിയ ചെയ്യപ്പെട്ട മരണങ്ങള്‍



“If you can talk brilliantly about a problem, it can create the consoling illusion that it has been mastered.” - Stanley Kubrick

മരണത്തിലേക്ക് പൂര്‍ത്തിയാവുന്ന ഒരു പ്രക്രിയയാണ് ജീവിതം എന്ന യുക്തിയോട് മനസ്സുചേര്‍ക്കുകയാണെങ്കില്‍ നമുക്ക് ബോധ്യമാവുന്ന ഒരു തലകീഴ് സത്യമുണ്ട് - ജീവിച്ചിരിക്കുന്നു എന്നു പറയുന്നതിനു ബദലായി മരിച്ചുകൊണ്ടിരിക്കുന്നു എന്ന പ്രസ്താവം നുണയാവുന്നില്ല എന്ന അനിവാര്യത. മരണം ജീവിതത്തിന്റെയോ അല്ലെങ്കില്‍ ജീവിതം മരണത്തിന്റെയോ ഏകക (unit) മായി ഉപയോഗിച്ചുള്ള അളന്നുകളികളുടെ രസാവഹവും അതേസമയം ഭീതിദവുമായ കൌതുകങ്ങളിലേക്ക് ഈ അനിവാര്യതയില്‍ നിന്ന് വഴികളനേകം നീണ്ടു പിരിയുന്നത് അറിയാനാവും നമുക്കപ്പോള്‍.

പ്രൈമറി സ്കൂളിലെ കണക്കുക്ലാസുകളില്‍ നമ്മള്‍ പരിചയിച്ചിട്ടുള്ള ഘടകക്രിയ എന്ന ഗണിതസൂത്രത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു ആസൂത്രണത്തെ ‘ഡില്‍ഡോ; ആറുമരണങ്ങളുടെ പള്‍പ്‌ഫിക്ഷന്‍ പാഠപുസ്തക’ ത്തിന്റെ ആവിഷ്ക്കാരത്തിലേക്ക് ദേവദാസ് വിളക്കിച്ചേര്‍ത്തിട്ടുണ്ട് എന്ന് എന്റെ വായനയ്ക്ക് തോന്നുന്നു. മരണമാണിവിടെ വിഭജിക്കപ്പെടുന്നത്, ജീവിതത്തിന്റെ പെരുക്കപ്പട്ടികയില്‍നിന്നാവുന്നു ഘടകങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്നത്.

ആറുമരണങ്ങള്‍, അവയുടെ പത്രവാര്‍ത്തകള്‍, വാര്‍ത്തകളോട് യോജിച്ചും വിയോജിച്ചും അതാത് മരണങ്ങളുടെ ‘ഉടമകള്‍‘ നടത്തുന്ന ആത്മഭാഷണങ്ങള്‍, പാഠപുസ്തകത്തിലെന്നപോലെ പാഠങ്ങള്‍ക്കൊടുവില്‍ അഭ്യാസങ്ങള്‍, പരിശീലനപ്രശ്നങ്ങള്‍, അനുബന്ധങ്ങള്‍ - ഇത്രയും കാര്യങ്ങളുടെ കലര്‍ത്തിവെയ്പ്പാകുന്നു ഈ പുസ്തകത്തിന്റെ പ്രത്യക്ഷ പ്രകൃതം.

മേലെക്കുറിച്ച മൂന്ന് ഖണ്ഡികകളെയും സ്റ്റാന്‍ലി കുബ്രിക്കിന്റെ ഉദ്ധരണിയെയും ഘടിപ്പിക്കുന്ന അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പൂരിപ്പിക്കുന്ന ഒട്ടനവധി തിരിച്ചറിവുസാധ്യതകളെ ഉത്പാദിപ്പിക്കുന്നുണ്ട് ഡില്‍ഡോയുടെ വായനാനുഭവം.

ബുക്ക് റിപ്പബ്ലിക്കിന്റെ രണ്ടാമത് പുസ്തകം- ‘ഡില്‍ഡോ: ആറുമരണങ്ങളുടെ പള്‍പ് ഫിക്ഷന്‍ പാഠപുസ്തകം‘ എന്ന ദേവദാസ് വി.എം. ന്റെ നോവല്‍ 8 ആഗസ്റ്റ് 2009 രാവിലെ 10 മണിക്ക് തൃശൂരില്‍ കേരളസാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് പ്രകാശിപ്പിക്കപ്പെടുന്നു. മലയാള ഭാഷയെയും അതിലുള്ള സാഹിത്യത്തെയും സ്നേഹിക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിതെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് മേതില്‍ രാധാകൃഷ്ണനും കവര്‍ഡിസന്‍ ചെയ്തിരിക്കുന്നത് ഉന്മേഷ് ദസ്തക്കിറുമാണ്. 65 രൂപയാണ് ഒരു കോപ്പിയുടെ വില. പുസ്തകത്തിന്റെ കോപ്പികള്‍ ഇവിടെ നിന്നും ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

7 comments:

ചില നേരത്ത്.. said...

very lovely write up!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ലാപുടാ,

ചെറായി മീറ്റിൽ വച്ച് വാങ്ങി.ഇനി വായിയ്ക്കണം.അതു കഴിഞ്ഞ് അഭിപ്രായം പറയാം.ഇവിടെ ചെന്നൈയിൽ വച്ച് എഴുത്തുകാരനെ കാണണമെന്നു കരുതുന്നു...

നന്ദി ആശംസകൾ!

Roby said...

ചെറ്താണെങ്കിലും മനോഹരം. ആ വാക്യങ്ങളുടെ ഘടന കണ്ടിട്ട് അസൂയയുണ്ട് കേട്ടോ...:)

ബ്ലോത്രം said...

ആശംസകള്‍..

ടി.പി.വിനോദ് said...

ഇബ്രു, സുനില്‍, റോബി, ബ്ലോത്രം, വായനയ്ക്ക് നന്ദി.
എല്ലാവരും പുസ്തകം കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തുമെന്ന് കരുതുന്നു.

Raman said...

i will purchase it next time.

ഫൈസൽ said...

പ്രിയ വിനോദ്,
ബ്ലോഗെഴുത്തിന്റെ എണ്ണം കൂടി വരുന്നു. എന്നാല്‍ അതില്‍നിന്ന് കാമ്പുള്ളത് കണ്ടെത്തുക പ്രയാസകരമായിരിക്കുന്നു. ലാപൂടയ്ക്ക് മജ്ജയും മാംസവും ഉണ്ട്. ഈടുള്ള ജീവിത നിരീക്ഷണം.
ബ്ലോഗെഴുത്തില്‍ സാധ്യതയുണ്ടെന്നതിന്റെ മുദ്രപത്രം.
നന്മ.
ഫൈസല്‍