Wednesday, February 24, 2010

പോ(കു)ന്നു

പണ്ടും പിന്നെയും പോയിട്ടില്ലാത്ത
ഇടങ്ങളിലേക്ക്
സഞ്ചരിക്കുന്നുവെന്ന് വിചാരിക്കുന്നു.

പോകാവുന്നത്ര ദൂരം
പോയ്ക്കൊണ്ടിരിക്കുമെന്ന്
പറയുന്നില്ല
(ഭൂമി ഉരുണ്ടതായതുകൊണ്ട്
ചെറിയൊരു പ്രശ്നമുണ്ട്-
തുടങ്ങിയേടത്ത് തന്നെ
തിരിച്ചെത്തുമ്പോഴാണ്
പരമാവധി ദൂരം താണ്ടിയിട്ടുണ്ടാവുക).

അതേപ്പറ്റി തല്‍ക്കാലം
ആലോചിക്കുന്നില്ല.

ആരുമാരും പോയിട്ടില്ലാത്ത
ദിശയിലൂടെ
മുന്നിലുള്ളത് വകഞ്ഞ്
വഴിയുണ്ടാക്കിയാണ്
പോയ്ക്കൊണ്ടിരിക്കുന്നതെന്ന്
സങ്കല്‍പ്പിക്കുന്നു.

തിരിച്ചുവരുമെങ്കില്‍
വഴിതെറ്റാതിരിക്കണമെന്നുണ്ട്.

ഇതുവായിക്കാനെടുത്ത
നിങ്ങളുടെ സമയത്തില്‍
ഏത് വാക്കുകൊണ്ട്
എത്രയാഴത്തില്‍ കൊത്തിയാലാണ്
ഒരടയാളമുണ്ടാവുക?

12 comments:

Jayesh/ജയേഷ് said...

ഭൂമി ഇപ്പോഴും ഉരുണ്ട് തന്നെയായത് കൊണ്ട് സമാധാനമുണ്ട്. പുറപ്പെടുന്നിടത്ത് ഒരു കൊടി നാട്ടാന്‍ മറക്കാതിരുന്നാല്‍ ..

നഗ്നന്‍ said...

എല്ലാം ഉരുണ്ടതല്ല.

കാലം പരന്നതല്ലേ.

അടയാളങ്ങൾ അനാവശ്യം.

ഏകതാര said...

ആഴത്തില്‍ കൊത്താനാവുന്ന വാക്കുകള്‍ അപൂര്‍വമായേ കാണാറുള്ളു ഇപ്പോള്‍.

രാജേഷ്‌ ചിത്തിര said...

അപൂര്‍വതകളില്‍ അടയാളപ്പെടുത്തുന്നു

മാനസ said...

ആരുമാരും പോയിട്ടില്ലാത്ത ദിശയെങ്കില്‍ ,
ഒരു മടങ്ങിവരവുണ്ടാകുമെങ്കില്‍ ‍,
വഴി തെറ്റാതിരിക്കാന്‍ ‍,ദിശ കാണിക്കാന്‍ .
മനസ്സില്‍ ആഴത്തില്‍ ' സ്നേഹ' മെന്നൊരു വാക്ക് കൊത്തിയ ഒരു വിളക്കുമരം ഉണ്ടാകില്ലേ ?
എന്‍റെ പൊട്ടമനസ്സിനു അങ്ങനെയാ തോന്നുന്നേ...

Unknown said...

വിനോദേ,
വായിച്ച്പ്പോള്‍ തന്നെ ഒരടയാളം വീണു.

ശ്രീ said...

"ഭൂമി ഉരുണ്ടതായതുകൊണ്ട്
ചെറിയൊരു പ്രശ്നമുണ്ട്-
തുടങ്ങിയേടത്ത് തന്നെ
തിരിച്ചെത്തുമ്പോഴാണ്
പരമാവധി ദൂരം താണ്ടിയിട്ടുണ്ടാവുക"

നന്നായിട്ടുണ്ട്

ടി.പി.വിനോദ് said...

ജയേഷ്, :)

നഗ്‌നന്‍, അപ്പോള്‍ ആവിഷ്ക്കാരങ്ങളോ ?

ഏകതാര, ഒരു പക്ഷേ ആഴങ്ങളെ ഉള്‍ക്കൊള്ളാനുള്ള പ്രതലങ്ങള്‍ ഭാഷയ്ക്ക് നഷ്ടമാവുന്നതാവാനും മതി.

രാജേഷ്...:)

മാനസ, നല്ല മനസ്സിന്റെ തോന്നല്‍ ‍...:)

റ്റോംസ്, സന്തോഷം.

ശ്രീ, :)

വായനയ്ക്കും കമന്റിനും എല്ലാവരോടും നന്ദി.

Pramod.KM said...

കൊത്തിയ മുറിവ് ഉണങ്ങുമ്മുമ്പ് തിരിച്ചുവരേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ വഴിയറിയാതെ കുഴങ്ങുമ്പോള്‍ പണ്ടെങ്ങോ മറന്ന മറ്റൊരു വഴി ഓര്‍മ്മയിലെത്തും.:)

M.R.Anilan -എം. ആര്‍.അനിലന്‍ said...

ഇതുവായിക്കാനെടുത്ത
നിങ്ങളുടെ സമയത്തില്‍
ഏത് വാക്കുകൊണ്ട്
എത്രയാഴത്തില്‍ കൊത്തിയാലാണ്
ഒരടയാളമുണ്ടാവുക?

ടി.പി.വിനോദ് said...

അനിലന്‍, നന്ദി.

Unknown said...

പോയ വഴില്‍ തിരിച്ചു വരാന്‍ ശ്രമികണ്ട
കഴിയില്ല
അപ്പോഴേക്കും പുതു യുഗം മുന്നില്‍ എത്തിട്ടുണ്ടാവും
അടയാളങ്ങള്‍ മാഞ്ഞു പോയിട്ടുണ്ടാവും
തിരഞ്ഞു നോക്കാം എന്ന് മാത്രം
അവര്‍ നമ്മെളെ കടന്നു പോകുമോ എന്ന് മാത്രം അറിയാം