Saturday, October 19, 2013

കുലുക്കിക്കുത്ത്

നിന്നെപ്പറ്റി എഴുതി
(നിനക്കും) മടുത്തിട്ടുണ്ടാവും

ഇന്ന്
സ്വപ്നത്തെപ്പറ്റിയും
തവളയെപ്പറ്റിയുമാണ്
എഴുതുന്നത്

സ്വപ്നത്തില്‍ തവളയെ കണ്ടു
എന്നെഴുതുമ്പോള്‍
സ്വപ്നം = ഒരു സ്ഥലം എന്ന്
ധ്വനിപ്പിക്കപ്പെടുന്നു

തവളയെ സ്വപ്നംകണ്ടു
എന്നാവുമ്പോള്‍
സ്വപ്നത്തിനൊരു
ക്രിയയുടെ പരിവേഷമുണ്ട്

തവള സ്വപ്നത്തില്‍ വന്നു
എന്നാലോചിക്കുമ്പോള്‍
തവള കര്‍ത്താവാണ്

തവള, സ്വപ്നം, കാഴ്ച
എന്നീ ചിഹ്നങ്ങള്‍ വെച്ച്
വ്യാകരണം
കുലുക്കിക്കുത്ത് നടത്തുകയാണ്

ഒന്നുവെച്ചാല്‍ രണ്ട്
രണ്ട് വെച്ചാല്‍ നാല് എന്ന്
ആഹ്വാനമുണ്ടാകുന്നു

ഞാന്‍
സ്വപ്നത്തില്‍
ഒരു മനസ്സ്
വെയ്ക്കുന്നു

2 comments:

ബൈജു മണിയങ്കാല said...

സ്വപ്നത്തിന്റെ വ്യാകരണം

uttopian said...

എടുക്കുമ്പോള്‍ ഒന്ന്.
തൊടുക്കുമ്പോള്‍ പത്ത്.
എയ്യുമ്പോള്‍ നൂറ്.
കൊള്ളുമ്പോള്‍ ആയിരം .