Sunday, August 06, 2006

ഭാഷകള്‍

(1)
ലോകത്തിലെ ഏതോ ഒരു ഭാഷയില്‍
നിന്റെ പേരിന് ഓര്‍മ്മ എന്ന് അര്‍ത്ഥമുണ്ട്.
നമുക്കു പരിചയമില്ലാത്ത
അതിന്റെ ലിപികളിലേക്കാവണം
വാക്കുകളുടെ പതിവു ചേക്കുകളില്‍ നിന്ന്,
രൂപകങ്ങളുടെ പ്രിയപ്പെട്ട ഉഷ്ണങ്ങളില്‍ നിന്നും
നീ ഇറങ്ങിപ്പോയിക്കൊണ്ടിരിക്കുന്നത്.
(2)
ലോകത്തില്‍ നിനക്കുമാത്രമറിയുന്ന ഒരു ഭാഷയില്‍
എന്റെ പേരിന് മറവി എന്ന് അര്‍ത്ഥമുണ്ട്.
നിഗൂഢമായ അതിന്റെ സ്വരങ്ങളിലേക്കാവണം,
മുമ്പെന്നൊ കണ്ടുതീര്‍ന്ന സ്വപ്നങ്ങളില്‍ നിന്ന്
ഞാന്‍ ഞെട്ടിയുണര്‍ന്നുകൊണ്ടിരിക്കുന്നത്.

12 comments:

ഉമേഷ്::Umesh said...

മനോഹരം!

മുകളില്‍ കാണുന്നതുപോലെയുള്ള കൃതികളെയാണു ഞാന്‍ കവിത എന്നു വിളിക്കുന്നതു്. അല്ലാതെ വൃത്തവും താളവും മാത്രമുള്ളവയെയല്ല. അവയെ ഞാന്‍ പദ്യം എന്നു വിളിക്കുന്നു. രണ്ടും എനിക്കിഷ്ടമാണു്.

നല്ല കവിത, ലാപുഡേ. ഇനിയും എഴുതൂ...

രാജ് said...

ഉമേഷിന്റെ അഭിപ്രായം പോലെ മനോഹരം. നല്ല കവിതകള്‍ എഴുതുന്നവര്‍ ബൂലോഗത്തില്‍ കുറവാണു്, ഈയടത്തു ഒരു ബാബുവും, പിന്നെ മറിയം കഴിഞ്ഞ 3-4 ആഴ്ചകളിലായും നല്ല കവിതകള്‍ പ്രസിദ്ധീകരിച്ചു കാണുന്നു.

മലയാളം ബ്ലോഗുകളുടെ ലോകത്തേയ്ക്കു സ്വാഗതം മാഷെ :)

nalan::നളന്‍ said...

ഞെട്ടി കേട്ടോ!
ഒരുപാടിഷ്ടപ്പെട്ടു..

ബാബു said...

സുന്ദരം കവിത, സുഹൃത്തെ. കൂടുതല്‍ പ്രതീക്ഷിക്കുന്നു.

കമന്റുകള്‍ പിന്മൊഴിയില്‍ വരുവാനുള്ള മാര്‍ഗം http://ashwameedham.blogspot.com/2006/07/blog-post_28.html -ല്‍ പറഞ്ഞിട്ടുണ്ട്‌.

ടി.പി.വിനോദ് said...

ഉമേഷ് ജീ, പെരിങ്ങോടരേ,നളന്‍ സാറേ, ബാബു മാഷേ.......

നന്ദി ഒരുപാടു നന്ദി....

വല്യമ്മായി said...

നന്നായിരിക്കുന്നു.സ്വാഗതം

അനോമണി said...

ഉമേഷേട്ടാ..

താങ്കള്‍ പറഞതിനോടു പൂര്‍ണമായും യോജിക്കുന്നു. പക്ഷെ, അത്തരത്തിലല്ലല്ലോ ഈയിടെ കവിതാ വിമര്‍ശനത്തിന്റെ ഗതി. ‘ചിന്ത’യിലാണെന്നു തോന്നുന്നു ഒരു ചര്‍ച്ച വായിച്ചിരുന്നു. മ്ലേഛവും ജുഗുപ്സാവഹവും ചൈനീസും എന്നല്ലാതെ എന്തുപറയാം.
പിന്നെ ഈ ലാപുടന്റെ തന്നെയാണെന്ന് തോന്നുന്നു ഒരു കവിത ‘ഹരിതക’ത്തില്‍ കണ്ടിരുന്നു(അല്ലെങ്കില്‍ ക്ഷമിക്കണേ ലാപുടാ... എന്തോ അങനെ തോന്നി!)- ‘ട്രാജഡി’.
എന്തായാലും കവിത കലക്കി. എന്റെ വക 100ല്‍ 100 !!

ടി.പി.വിനോദ് said...

വല്ല്യമ്മായീ, നന്ദി....
അനോമണീ,
ഊഹം കിറു കൃത്യം...എങ്ങനെ മനസ്സിലായി ?

K.V Manikantan said...

ലാപുഡയെ ബ്ലോഗിലെത്തിച്ചതിന്റെ ക്രെഡിറ്റ്‌ ഞാന്‍ സ്വല്‍പം അഹങ്കാരത്തോടെ അവകാശപ്പെടട്ടേ. ഇദ്ദേഹത്തെ ഒന്നു സ്വാഗതിക്കൂ എന്ന് പോസ്റ്റ്‌ ഇടണ്ടാ എന്ന് ഞാന്‍ കരുതി.

ശക്ത്മായ വാക്കുകള്‍ ഏല്‍ക്കേണ്ടിടത്ത്‌ ഏല്‍ക്കുന്നുണ്ടോ എന്ന് പരീക്ഷിക്കണം എന്നെനിക്ക്‌ തോന്നി.

വളരെ സന്തോഷം ഉമേഷിന്റെയും പെരിങ്ങോടന്റെയും മ റ്റെല്ലാരുടേയും കമന്റുകള്‍ കണ്ടതിന്‌......

ലാപുഡയുടെ രണ്ട്‌ കിടിലന്‍ ലേഖങ്ങള്‍ മൂന്നാമിടത്തില്‍ വന്നിട്ടുണ്ട്‌. അത്‌ യൂണികോഡ്‌ അല്ലാത്തതിനാല്‍ ലിങ്ക്‌ നല്‍കാന്‍ എനിക്കൊരു മടി.


സ്വാഗതം ലാപുഡ.... വിശാലമായ ഭൂലോകത്തിലേക്ക്‌....

കൊറിയന്‍ വിശേഷങ്ങള്‍പോരട്ടേ...

ദിനേശന്‍ വരിക്കോളി said...

''നിഗൂഢമായ അതിന്റെ സ്വരങ്ങളിലേക്കാവണം,
മുമ്പെന്നൊ കണ്ടുതീര്‍ന്ന സ്വപ്നങ്ങളില്‍ നിന്ന്
ഞാന്‍ ഞെട്ടിയുണര്‍ന്നുകൊണ്ടിരിക്കുന്നത്.''
കവിത രാഷ്ടീയമാണോ വിനോദിന് ? എന്ന് ചിന്തിച്ചുപോകും വിധം നല്ലവായനയുടെ ഒരുദേശംവിനോദിന്‍റെ കവിതകള്‍ തുറന്നുവെക്കുന്നുണ്ട് കവിത രാഷ്ട്രീയമാണ് വിനോദിന് ... ഒരുപക്ഷെ നമ്മുടെ പലകവികളിലും /കവിതകളിലും കാണാനാവാത്ത ഒരു പരപ്പും ‍ ഒതുക്കവും വിനോദിന്‍റെ കവിതകള്‍ തുറന്നുവെക്കുന്നുണ്ട് ..ഒപ്പം വായനക്കാരനും ഒരു നുറുങ്ങ് ബാക്കിവെക്കുന്നുണ്ട് ...ആശംസകള്‍ ...

ടി.പി.വിനോദ് said...

ദിനേശന്‍, ഇവിടെയും മറ്റു കവിതകളിലും ഇട്ട കമന്റുകള്‍ കണ്ടു. എഴുതിയിട്ട് ഇത്ര നാളായിട്ടും ആരുടെയെങ്കിലും വായനയെ ഇപ്പോഴും സന്തോഷിപ്പിക്കുന്നുണ്ട് ഇവയെല്ലാം എന്നറിയുന്നത് ചില്ലറയല്ലാത്ത ആത്മധൈര്യം തരുന്നു. ഒരുപാട് നന്ദി.

സാമൂസ് കൊട്ടാരക്കര said...

മനോഹരം ,,,,,,,,ആശംസകള്‍