Saturday, August 26, 2006

മരം പെയ്യുന്ന ഒച്ച

നൊന്തുവോ നിനക്കെന്ന്
നനവിന്റെ
അവസാനത്തെ തുള്ളികള്‍
മണ്ണിനോട് ചോദിക്കുന്നത്
ഈ ഒച്ചയിലാവണം.

പെയ്ത് തീരുന്ന
വാക്കുകളില്‍ നിന്ന്
ഇതുപോലെ
ഇഷ്ടത്തിന്റെ ലിപികളെ
കരുതിവെയ്ക്കുന്നുണ്ടാവുമോ
കേള്‍വിയുടെ
ഏതെങ്കിലും ഇലപ്പച്ചകള്‍?

18 comments:

Unknown said...

കരുതിവെയ്ക്കുന്നുണ്ടാവും എന്നാണ് എനിക്ക് തോന്നുന്നത്.

എപ്പോഴത്തേയും പോലെ മനോഹരം!

വല്യമ്മായി said...

കരുതി വെച്ചതൊക്കെ പുറത്തെടുക്കൂ.ഓര്‍മ്മകളുടെ കയ്യൊപ്പിടാതെ കടന്ന് പോകാറില്ലല്ലോ കാലം.

ഡാലി said...

കരുതി വച്ചാലും കടുത്ത ചൂടില്‍ ആ ലിപിതുള്ളികള്‍ക്ക്‌ ആവിയായി അന്തരീഷത്തില്‍ അലിഞ്ഞു ചേരാതെ പറ്റില്ല പോലും..പക്ഷെ തണുപ്പുകിട്ടിയാല്‍ അവ നനുത്ത മഞ്ഞു കണങ്ങളാകാനും മതി..

അനംഗാരി said...

നിനക്ക് നോവരുത് എന്ന് കരുതി ഞാന്‍ കരുതി വെച്ചതൊക്കെയും, എന്റെ കൈവെള്ളയിലൂടെ ഊര്‍ന്ന് പൊയ്ക്കിണ്ടിരിക്കുന്നു. പക്ഷെ, ഒന്നറിയുക ഓരോ തുള്ളിയിലും, എന്റെ സ്നേഹത്തിന്റെ ഒരായിരം ചുംബനങ്ങള്‍ അടങ്ങിയിരിപ്പുണ്ട്.

Thiramozhi said...

കെട്ടിച്ചമച്ചതുപോലെ. ഉടുത്തൊരുങ്ങി ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോലെ.
വിനോദിന്റെ കവിതകള്‍ പൊതുവേ ഇങ്ങനെയല്ലല്ലോ.
പി പി രാ.

രാജാവു് said...

വായിക്കുന്തോറും പുതിയ പുതിയ ഉള്‍‍ക്കാഴ്‍ച്ചകള്‍ തരുന്ന, ഇഷ്ടത്തിന്‍റെ ലിപികള്‍ കൊണ്ടെഴുതുന്ന മാന്ത്രികാ ഭാവുകന്ങള്‍.
രാജാവു്.

വളയം said...

പെയ്ത് തീരുന്ന
വാക്കുകളില്‍ നിന്ന്

ഒഴുകിയിറങ്ങട്ടെ കവിതകളിനിയും

ഗോപകുമാര്‍ said...

സഖു,
കവിത നന്നായി ഇഷ്ട്പ്പെട്ടു കേട്ടോ...

ടി.പി.വിനോദ് said...

നന്ദി കൈത്തിരീ...

ദില്‍ബാസുരാ നിങ്ങളുടെ തോന്നല്‍ സത്യമായിരിക്കട്ടെ...

നന്ദി വല്ല്യമ്മായി..വീണ്ടുമെത്തിയതിനും വാക്കുകള്‍ കുറിച്ചതിനും

ഡാലി...ഒരു പക്ഷെ അവയ്ക്കു polymorphism ഉള്ളതാണു നമ്മുടെ പ്രതിസന്ധി എന്നു തോന്നുന്നു...

കുടിയന്‍ മാഷേ..നന്ദി..ഈ നോട്ടങ്ങള്‍ക്ക്..

രാജാവേ..ഒരുപാടു സന്തോഷിപ്പിക്കുന്നു അങ്ങയുടെ വരവുകള്‍...

നന്ദി വീണ്ടും...വളയമേ...

ഗോപ് സ്.... അങ്ങനെ നീയും വന്നു ഇവിടെ അല്ലേ...നന്നായീ..കവിത ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം...

ടി.പി.വിനോദ് said...

പി. പി. ആര്‍,
ഒരുപാടു നന്ദി..ഇവിടെ വന്നതിനും അഭിപ്രായം കുറിച്ചതിനും..
കവിതയെപ്പറ്റി മാഷ് പറഞ്ഞതിനെക്കുറിച്ച് ആലോചിച്ചു..അനാവശ്യ(അശുദ്ധ)മായ ചില തിക്കുമുട്ടലുകളെ എളുപ്പവഴിയില്‍ ക്രിയ ചെയ്യുന്നതു കൊണ്ടാവണം ഇത് ഇങ്ങനെ ആയത്....
തിരുത്താന്‍ ശ്രമിക്കാം.. എങ്ങനെയായിരിക്കുമെന്ന് ഇപ്പോഴെനിക്കറിയില്ലെങ്കിലും....

റീനി said...

ലാപുട....

മഴ :.. നിനക്ക്‌ വേദനിച്ചോ?

മണ്ണ്‌:...ഉവ്വ്‌...നല്ലോണം

മഴ:....എന്നിട്ടും നീയെന്തേ ഒന്നും പറഞ്ഞില്ല?

മണ്ണ്‌:....എനിക്കാ ഒച്ച സാന്ത്വനമേകുന്നു, നൊമ്പരം നിന്റെ സാമിപ്യം അറിയിക്കുന്നു.......

(ഇന്നു പൂര്‍ണ്ണ ച്ന്ദ്രന്‍ ഇല്ലല്ലോ, പിന്നെ എനിക്കെന്തു പറ്റി?)

അരവിന്ദ് :: aravind said...

മനോഹരം ലാപുഡ. വളരെ നന്നായി.

ടി.പി.വിനോദ് said...

നന്ദി റീനീ...
കവിതയെ നിങ്ങളുടേതാക്കി പൂരിപ്പിച്ചതിന്..

നന്ദി അരവിന്ദ്..ഇനിയും വരിക ഇതേ സ് നേഹത്തോടെ...

Sudhir KK said...

ലാപുട, ആദ്യത്തെ അഞ്ചു വരികള്‍ എനിക്കു വളരെ പ്രിയപ്പെട്ടവ. മരം പെയ്യുന്ന ഒച്ചയെപ്പറ്റി “നൊന്തുവോ“ എന്ന് ചോദിക്കുകയാണെന്ന ആ വരികളില്‍ കവിതയുടെ നനവ് തിളങ്ങുന്നു. ‘മരം പെയ്യുന്ന ഒച്ച‘ തലക്കെട്ടു മാത്രമല്ലാതെ കവിതയുടെ കൂടി ഭാഗമായിരുന്നെങ്കില്‍ ആ വരികള്‍ സ്വതന്ത്രമായി നില്‍ക്കുമായിരുന്നു.

രണ്ടാം ഭാഗം അല്പം അലങ്കാര ബഹുലമായോ? പെയ്തു തീരുന്ന വാക്കുകള്‍ , ഇഷ്ടത്തിന്റെ ലിപികള്‍ , കേള്‍വിയുടെ ഇലപ്പച്ചകള്‍ , ഇതു കൂടാതെ രണ്ടാം പാദത്തിന് ഒന്നാം പാദത്തോടുള്ള ഉപമ എന്നിങ്ങനെ അലങ്കാരങ്ങളുടെ നിബിഡത അനുഭവപ്പെട്ടു. രണ്ടാം പാദത്തെ വിശ്ലേഷിക്കാന്‍ സമയമെടുത്തെങ്കിലും മനസിലാക്കി വന്നപ്പോള്‍ അവയും ഇഷ്ടപ്പെട്ടു.

ചിത്രം കവിതയുടെ ഭാവത്തോട് അത്രയ്ക്കങ്ങോട്ട് നീതി പുലര്‍ത്തിയില്ല.

Roby said...

lï÷Eêaïöus JlïYJw¼ú Hjñ zïjhêi patern Döûªñ ÷Yêªïiïˆñûú...Hjñ Yk lêOJù, dïöª AYïöE lïmaðJjïÀñª Hjñ mjðjù...
JlïYJw CŸöE lêiï¼÷Xê Fªsïiïkë.

Eªêiïjï¼ñªñ...lkëêöŒêjñ BtÎY

ടി.പി.വിനോദ് said...

കൂമന്‍സേ...ഏറെ വൈകിയാണ് നിങ്ങളുടെ കുറിപ്പു കണ്ടത്...
വാക്കുകളെ ജാഗരൂകമായ ഘടകക്രിയയ്ക്കു വിധേയമാക്കുന്ന നിങ്ങളുടെ വായനയെ എനിക്കു ഒരുപാടിഷ്ടമാണ്...
കവിതയെക്കുറിച്ചു പറഞ്ഞതിനോടെല്ലാം ഒരു പരിധി വരെ യോജിക്കുന്നു...രൂപകങ്ങളും ഉപമകളും വാക്കുകളില്‍ ചെയ്യപ്പെട്ട കൂടോത്രങ്ങള്‍ പോലെയാണ്..ഉച്ചാടനം സാധ്യമാവുന്നത് ധ്യാനത്തിന്റെ ഉയരമുള്ള അതിര്‍ത്തികളില്‍ വെച്ച് മാത്രം...

ശിശു said...

വാക്കുകള്‍ ഇഷ്ടവും അനിഷ്ടവും നിറച്ച്‌ പെയ്തുകൊണ്ടിരിക്കട്ടെ..
അവയില്‍ നിന്ന് പുതുമണ്ണിന്റെ ഗന്ധമുള്ള, മഴവില്ലിന്റെ നിറമുള്ള ലിപികള്‍ നല്ല കേള്‍വിക്കാരന്‍ അരിച്ചുസൂക്ഷിച്ചുവെക്കും..
തീര്‍ച്ച..

ടി.പി.വിനോദ് said...

നന്ദി ശിശൂ,
വാക്കുകള്‍-ബന്ധങ്ങള്‍‍-ഓര്‍മ്മകള്‍ എന്നത് മനുഷ്യത്വത്തിന്റെ ഏറ്റവും മഹത്തായ സാധ്യതയെ ഓര്‍മ്മിപ്പിക്കുന്ന ഫ്ലോ ചാര്‍ട്ട് ആണെന്ന് നിങ്ങളെപ്പോലെ ഞാനും വിശ്വസിക്കുന്നു...