Saturday, November 18, 2006

എഴുതുമ്പോള്‍...

ഈണത്തെ
അഴിച്ചുമാറ്റി മാത്രമേ
ഒരു പാട്ടിനെ
എഴുതിവെയ്ക്കാനാവൂ.

എഴുതിവെച്ച ഒരു പാട്ട്
പാട്ടിനെക്കുറിച്ചുള്ള
വലിയ ഒരു നുണയാണ്.

ഒരുപക്ഷേ
ജീവിതം
മരണത്തെക്കുറിച്ചുള്ള
നുണയാവുന്നതുപോലെ...

30 comments:

ലാപുട said...

എഴുതുമ്പോള്‍...

വിഷ്ണു പ്രസാദ് said...

വായിച്ചു.അര്‍ഥങ്ങള്‍ തിരയുന്നു...

വല്യമ്മായി said...

സത്യങ്ങള്‍ പലപ്പോഴും നഗ്നമല്ലേ

ഇത്തിരിവെട്ടം|Ithiri said...

ഇത്തിരി വാക്കുകളില്‍ ഒത്തിരി കാര്യങ്ങള്‍ കോറിയിടുന്ന താങ്കളുടെ വരികള്‍ അപാരം.

നന്നായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...

സു | Su said...
This comment has been removed by a blog administrator.
സു | Su said...

കാണിക്കുന്ന സ്നേഹവും, സ്നേഹത്തെക്കുറിച്ചുള്ള വല്യൊരു നുണയാണോ? :(

sunil krishnan said...

നുണയും ഇല്ലാത്തതിന്റെ തോന്നലല്ലേ

സങ്കുചിത മനസ്കന്‍ said...

കുറച്ച് ‘ഒരു’ കള്‍ അധികമായില്ലേ എന്നൊരു സംശയം. ‘ഒരു’കള്‍ ഇല്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്ന് തോന്നുന്നു.

ഈണത്തെ
അഴിച്ചുമാറ്റി മാത്രമേ
(ഒരു) പാട്ടിനെ
എഴുതിവെയ്ക്കാനാവൂ.

എഴുതിവെച്ച (ഒരു) പാട്ട്
പാട്ടിനെക്കുറിച്ചുള്ള
വലിയ (ഒരു) നുണയാണ്.

(ഒരുപക്ഷേ)
ജീവിതം
മരണത്തെക്കുറിച്ചുള്ള
നുണയാവുന്നതുപോലെ...

;) ഞാനൊരു കൊച്ചു എഡിറ്ററാണെന്നറിയാമല്ലോ :)

Paul said...

ചില ഈണങ്ങളുണ്ട്,
കാവ്യത്മകമായ വാക്കുകള്‍
തേടി നടക്കുന്നവ...
എനിക്കായൊരു കവിത
എഴുതാത്തതെന്തെന്ന്
ആരായുന്നവ.

അറിയാനൊരു അടയാളമുണ്ടാവും -
പ്രണയിക്കാന്‍ വെമ്പുന്നൊരു
ഹൃദയം പോലിരിക്കും!

പട്ടേരി l Patteri said...

ഇതെഴുതുമ്പോഴും
ഞാന്‍ തിരയുന്നു
ഈണം

തിരഞ്ഞപ്പോഴോ

നിറയുന്നൊരായിരം
ഈണങ്ങള്‍
നുണപ്പാട്ടായി

സുനില്‍ സലാം said...

കാല്പനികമായ ഏതോ ഈണങ്ങളില്‍ നിന്നും അകാലത്തില്‍ അടര്ന്നു വീണുപോയവയായിരിക്കും ഒരോ പാട്ടിലേക്കും കവിതയിലേക്കുമല്ലം വിരുന്നു വരാന്‍ വെമ്പുന്ന ഈ വാക്കുകളുടെ ശലഭങ്ങള്‍ അല്ലേ ലാപുട

അഗ്രജന്‍ said...

ലാപുട, നല്ല വരികള്‍

സങ്കുവിന്‍റെ എഡിറ്റിങ്ങും നന്നായി.

റോബി said...

എഴുതപ്പെട്ട വരികള്‍ പാട്ടിനെക്കുറിച്ചുള്ള നുണ മാത്രമല്ല പാട്ടിന്റെ ശരീരവും കൂടിയാണ്‌. എന്റെ ശരീരം എന്നെക്കുറിച്ചുള്ള വലിയ നുണയാണെന്നും കരുതാമോ?
ജീവിതത്തിന്‌ പൂര്‍ണ്ണത തരുന്നത്‌ മരണമല്ലേ?
വരികളുടെ സാധ്യതകള്‍ ഈണത്തില്‍ അവസാനിക്കുന്നുണ്ടോ...?

ഒരുപാട്‌ ചിന്തിപ്പിക്കുന്നു നിന്റെ വരികള്‍...

ദില്‍ബാസുരന്‍ said...

എനിയ്ക്ക് എല്ലാം മന‍സ്സിലായി എന്ന ഈ കമന്റ് മനസ്സിലായതിനെ കുറിച്ചുള്ള ഒരു വലിയ നുണയാകുന്നു. :-)

Anonymous said...

വരികള്‍ പാട്ടിന്റെ ശരീരം.
വരികളുടെ അര്‍ത്ഥം പാട്ടിന്റെ ആത്മാവ്.
ഈണം പാട്ടിന്റെ മനസ്സ്.
ജീവിതം മരണത്തെക്കുറിച്ചുള്ള നുണയാണോ? :)

ബെന്നി::benny said...

തലങ്ങും വിലങ്ങും വായിച്ചു..
കമഴ്ന്നും മലര്‍ന്നും ക്ലേശിച്ചു...

പക്ഷേ, മനസ്സിലാവുന്നില്ല.

ലാപുടാ, മനസ്സിലായില്ല!! എന്താണ് ഉദ്ദേശിച്ചതെന്ന് ആരെങ്കിലും എനിക്ക് പറഞ്ഞ് തരുമോ?

ഏറനാടന്‍ said...

ചെറുകവിതയിലും വലിയ കടല്‍ നിറക്കാമെന്ന് ലാപുട തെളിയിച്ചു. കടലിരമ്പം പോലെ വരികള്‍, തിരമാല പതഞ്ഞ്‌ അടിച്ച്‌ കരയിലെത്തുന്ന പ്രതീതി..

റീനി said...

ലാപുടയുടെ കവിതയും സങ്കുചിതന്റെ എഡിറ്റഡ്‌ വേര്‍ഷനും ഒരുപോലെ ഇഷ്ടമാവുന്നു. രാവേറെയായി ഉറക്കം തൂങ്ങുന്നതുകൊണ്ടാവാം.

ലാപുടേ, പതിവുപോലെ മനോഹരം.

nalan::നളന്‍ said...

നുണയാണോന്നറിയില്ല..
പക്ഷെ
കാപട്യങ്ങളെ ഞ്യായീകരിച്ച്.
അന്ധത നടിച്ച്..
ആത്മഹത്യയില്‍ നിന്നുമുള്ള നിരന്തരമായ ഒളിച്ചോട്ടമാണു ജീവിതം.

പി. ശിവപ്രസാദ് said...

ലാപുടയുടെ പുതിയ കവിത ഒരു കാലിഡോസ്‌കോപ്പായി തോന്നി. മുഖംമൂടി അഴിച്ചുവെച്ച്‌ വായനക്കാര്‍ ഇത്തിരി സമയം മനസ്‌സുതുറന്ന്‌ ആസ്വദിക്കട്ടെ. ശക്തമായ അവതരണം. ഔചിത്യമുള്ള ബിംബങ്ങള്‍. ബലേ ഭേഷ്‌!

ബെന്നി::benny said...

അങ്ങോട്ടുമിങ്ങോട്ടും തിരിക്കുമ്പോള്‍ വൈവിധ്യമുള്ള ഡിസൈനുകള്‍ കാണാവുന്ന ഉപകരണമല്ലേ കാലിഡോസ്കോപ്പ്? അപ്പോള്‍ വാക്കുകള്‍ തിരിച്ചും മറിച്ചും നോക്കിയാല്‍ പല ഡിസൈനുകള്‍ ഇവിടെയും കാണാന്‍ പറ്റുമായിരിക്കും അല്ലേ, ശിവാ?

ചന്ത്രക്കാറന്‍ said...

മനസ്സിലായില്ലേ ബെന്നീ, പാട്ട്‌ എഴുതിവക്കാന്‍ പറ്റില്ലെന്ന്, പോസ്റ്റലായി കളരിപ്പയറ്റ്‌ പറ്റില്ലെന്ന്‌, ബ്ലോഗില്‍ ചിന്തിക്കാന്‍ പറ്റില്ലെന്ന്‌, ഐസുമ്മെ പെയ്ന്റടിക്കാന്‍ പറ്റില്ലെന്ന്‌...

ചിതല്‍ പിടിക്കാത്ത മരം തേക്ക്‌ - ഒ.വി.വിജയന്‍.

പെരിങ്ങോടന്‍ said...

അപ്പോള്‍ ജീവിതം എഴുതി വയ്ക്കുമ്പോള്‍ എന്താണു് അഴിച്ചുമാറ്റേണ്ടതു്?

നുണകള്‍??

sunil krishnan said...

അപ്പോള്‍ ജീവിതം അലങ്കരിക്കപ്പെട്ട നുണകള്‍ മാത്രം അല്ലേ പെരിങ്ങോടരേ ?

Anonymous said...

ഇതുപോലുള്ള വേറിട്ട വരികള്‍ ആരും എഴുതാന്‍ കൊതിക്കുന്നവയാണു്‌. :)

Malayalee said...

ലാപുടേ: കവിത നന്നായിട്ടുണ്ട്. സങ്കുചിതന്റെ എഡിറ്റിങും കൊള്ളാം. എഴുതി വച്ച പാട്ടും ജീവിതവും തമ്മിലുള്ള സാമ്യം അല്പം ദുര്‍ഗ്രഹമാണെന്നു തോന്നി. “ഒരു പക്ഷേ മരണം ജീവിതത്തെക്കുറിച്ചുള്ള നുണയാവുന്നതു പോലെ...” എന്നു തിരുത്തി വായിക്കാനാണ് എനിക്കിഷ്ടം.

ലാപുട said...

വായിച്ചയര്‍ക്കും കമന്റ് ചെയ്തവര്‍ക്കും ചര്‍ച്ച ചെയ്തവര്‍ക്കും ഒരുപാടൊരുപാട് നന്ദി.
ദുര്‍ഗ്രഹമായി തോന്നിയവരോട് ക്ഷമാപണം :)
qw_er_ty

Rajesh R Varma said...

ലാപുടാ,

നന്നായിരിക്കുന്നു. കല ജീവിതത്തെക്കുറിച്ചുള്ള നുണയുമാവാം, അല്ലേ?

parajithan said...

ലാപുടേ, പുതിയ കവിതകള്‍ വായിയ്ക്കാന്‍ അല്‌പം വൈകി. ഇത്‌ വല്ലാതെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍.

സങ്കുചിതന്റെ എഡിറ്റിംഗ്‌ രസമുണ്ട്‌. പക്ഷേ അതിനോട്‌ യോജിക്കുന്നില്ല, ഒട്ടും. ആ 'ഒരു'കള്‍ മാറ്റിയാല്‍ കവിതയ്ക്ക്‌ 'ഒരു' പ്രസ്താവനയുടെ ചുവ വന്നു പോകും.

Pramod.KM said...

‘ജീവിതം
മരണത്തെക്കുറിച്ചുള്ള
നുണയാണ്‍’
ലാപുടേ..ഗംഭീരമായ കണ്ടെത്തല്‍.ഇപ്പോഴാണ്‍ ഞാന്‍ ഇത് കണ്ടെത്തിയത്.;)