അടഞ്ഞോ തുറന്നോ കിടക്കുന്ന
വാതിലിനടിയിലൂടെ
ഉറുമ്പുകള്‍
മുറിയിലേക്ക് വന്നുകൊണ്ടിരിക്കുന്നു.
നനഞ്ഞോ ഉണങ്ങിയോ നില്ക്കുന്ന
ചുവരുകള്‍ക്കിടയില്‍
ചിലന്തികള്‍
വലനെയ്തുകൊണ്ടിരിക്കുന്നു.
മുലകളെയോ
നദിച്ചുഴിയെയോ
സ്വപ്നം കണ്ടുകൊണ്ട്
കട്ടിലില്‍ ഒരാള്‍ ഉറങ്ങിക്കൊണ്ടിരിക്കുന്നു.
ഇപ്പോള്‍ മുറിയിലുള്ളത്
സ്വപ്നങ്ങളെക്കൂടാതെ
ഉറുമ്പുകളും ചിലന്തികളും
ഉറങ്ങുന്ന ആളുമാണ്.
ഉറുമ്പുകള്‍ ഉറങ്ങാത്തതുകൊണ്ട്
സ്വപ്നങ്ങള്‍ കാണില്ലായിരിക്കും.
സംഭോഗത്തിനുശേഷം
ആണ്ചിലന്തിയെ പെണ്‍ചിലന്തി
തിന്നുന്നതുകൊണ്ട്
കാമം പുരണ്ട സ്വപങ്ങളുണ്ടായാല്‍
ചിലന്തികള്‍ക്ക്
ഉറങ്ങാന്‍ കഴിയില്ലായിരിക്കും.
എങ്കിലും
വിയര്‍ക്കുന്നതിന്റെയും
വേദനിക്കുന്നതിന്റെയും
സ്വപ്നം കാണുന്നതിന്റെയും ദൈവമേ,
ഇല്ലാത്ത ഉറക്കങ്ങളില്‍ നിന്ന്
ഇറങ്ങിനടന്ന്
ഉറുമ്പുകളുടെ സ്വപ്നങ്ങള്‍
ഒച്ചയില്ലാത്ത ഒരു സംഗീതത്തെ
തെറ്റിവരയ്ക്കുമ്പോള്‍
നീയതിനെ
മരണം എന്നുതന്നെയാണോ വിളിക്കുക?
ഭൂമിയിലെ അവസാനത്തെ
ചിലന്തിയുടെ ചുംബനത്തെ
നീ തന്നെയാണോ
പരിഭാഷപ്പെടുത്തുക?
ഉണര് ന്നോ
ഉറങ്ങിയോ വേദനിക്കുന്ന
മുറി(വു)കളില്‍
എവിടെയിരുന്നാണ്
നീ മനുഷ്യരെ സ്വപ്നം കണ്ട് പേടിക്കുന്നത്?
മുറിയില്‍
ഇപ്പോഴുള്ളത്
മുറിയോ കവിതയോ
ഭാഷപോലുമോ അല്ലായിരിക്കട്ടെ.
(കലാകൌമുദിയില് 2005-ല്‍ പ്രസിദ്ധീകരിച്ചത്)
8 comments:
പഴയ ഒരു കവിത. കലാകൌമുദിയില് വന്നത്
ഭൂമിയിലെ അവസാനത്തെ
ചിലന്തിയുടെ ചുംബനത്തെ
നീ തന്നെയാണോ
പരിഭാഷപ്പെടുത്തുക?
=================================
കാര്യം എന്തായാലും എനിക്കു ചിലന്തികളെ വലിയ പേടിയാണൂ..എത്രയോ പ്രാവശ്യം ഞാന്‍ കുളിമുറിയില്‍ നിന്നു ഇറങ്ങി ഓടിയിട്ടുണ്ടു.(രഹസ്യം:- തുണി ഉടുക്കാന്‍ മറന്നു..)
എങ്കിലും ചിലന്തികള്‍ വല്ലത്തൊരു ബിംബമാണു..
വരകളില്‍ മിക്കപ്പോഴും കടന്നുവരുന്ന, അസ്വസ്താജനകമായ, വിഷസാനിധ്യം.
=================================
അക്ഷരപ്പിശകുകള്ക്കു മാപ്പ്
=================================
വിയര്‍ക്കുന്നതിന്റെയും
വേദനിക്കുന്നതിന്റെയും
സ്വപ്നം കാണുന്നതിന്റെയും ദൈവമേ,
ലാപുട,
ഈ വിളിയിലൊരു അവാച്യമായ സൌന്ദര്യം വിളങ്ങുന്നു.
വിനോദ്,
ശൈലി വല്ലാതെ മാറിയിട്ടുണ്ടല്ലോ.ഇതിനോടൊരടുപ്പം തോന്നുന്നു.
ഉറക്കം, മരണം, സ്വപ്നം എന്നിവയിലായിരുന്നു രണ്ടുദിവസമായി എന്റെ യാത്ര.
‘അവസാനിക്കാത്ത സ്വപനങ്ങളുടെ പൂവിനെ കൂടെവെച്ച് എന്നെയൊന്നുറങ്ങാന് വിടുമോ ദൈവങ്ങളേ,
പിന്നീടൊരിക്കലും നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് ഞാനൊളിഞ്ഞ് നോക്കില്ല, എവിടെയെന്ന് കൈകൂപ്പി ചോദ്യമാവില്ല, സത്യം.’
നന്നായിരിക്കുന്നു. മനസ്സിലായിടത്തോളം. :)
അക്ഷരപിശക് ഉണ്ട്. നോക്കുമല്ലോ.
ഇത് ആദ്യം വായിച്ചപ്പൊഴേ ഒരു കമന്റ് ഇട്ടതാണ്.അത് സെര്‍വര്‍ പിശാചിന് ഇരയായി.
ഉറുമ്പ്,ചിലന്തി..,നിദ്രയുടേയോ സ്വപ്നങ്ങളുടെയോ ഇടവേളകളില്ലാത്ത നിരന്തരവും നിര്‍മ്മമവുമായ ഉദ്യമങ്ങളുടെ പ്രതീകങ്ങളായ ഇവയില്‍നിന്നും മറ്റോരു കവിതകൂടി..ഇവയെ , സ്വപ്നം കാണുന്ന മനുഷ്യനുമായും അവന്റെ സ്വപ്നങ്ങള്‍ക്ക് ഭാഷ്യങ്ങള്‍ തീര്‍ക്കുന്ന ഈശ്വരനുമായും ഘടിപ്പിക്കുക വഴി ലാപുട ഈ കവിതയ്ക്ക് പുതിയൊരു മാനം നല്കിയിരിക്കുന്നു.
സ്വപ്നങ്ങള്‍ തകര്ക്കുന്നതിനെക്കുറിച്ചുമാത്രം സ്വപ്നംകാണുന്ന ദൈവവും,അവന്റെ ആയുധമായ കാലവും ചേര്‍ന്ന് കൈയ്യാളിയ ഈ മുറിയില്‍ കവിതയോ ഭാഷയോ ആ മുറിയുടെ ഭൌതീകാസ്തിത്വം പോലുമോ ഇല്ലാതിരിക്കട്ടെ.തകര്‍ക്കലിന്റെ ഈ ഉത്തരാധുനിക ഈശ്വരന് നല്കാന്, ബാക്കിയാവുന്ന തമോഗര്‍ത്തം തന്നെ വഴിപാട്!
ഒടിയന്, നന്ദി..മനുഷ്യരെക്കുറിച്ചാലോചിക്കുമ്പോള് ചിലന്തികളും പേടിക്കുന്നുണ്ടാകും..:)
ഇബ്രൂ, വരവിനും വായനയ്ക്കും നന്ദി, സ്നേഹം...
വിഷ്ണുമാഷേ :)
അബ്ദൂ :)
സൂവേച്ചി, നന്ദി...ക്ഷമിക്കണം, അത് അക്ഷരപ്പിശകല്ല :)
വിശാഖ് , മുറിയില്‍ അതുപോലും ബാക്കിയാവാതിരിക്കട്ടെ എന്ന എന്റെ ഭ്രാന്തമോഹത്തിന് കിട്ടാവുന്ന ഏറ്റവും കരുണയൂള്ള വായനയാണ് നിങ്ങളുടെ ആ വാക്കുകള്‍..നന്ദി....
qw_er_ty
Post a Comment