Monday, March 12, 2007

രണ്ടു ചാക്രിക കവിതകള്‍

തണുപ്പ്

എന്റെ ചൂടില്‍
ഞാന്‍ തന്നെ
വെട്ടിത്തിളച്ച്
എന്നിലേക്ക് തന്നെ
മറിഞ്ഞ് വീണ്
എനിക്കുതന്നെ
പൊള്ളുമ്പോള്‍
എന്നെത്തന്നെ തളിച്ച്
ഞാന്‍ തന്നെ
കെടുത്തുന്ന
അടുപ്പുകളെ
എന്റേതെന്ന് തന്നെ
ഞാന്‍ വിളിക്കണോ?

കടം

ഉറങ്ങുന്ന ഒരാളെ
സ്വപ്നംകാണാന്‍ വേണ്ടിയാണ്
അവനോട് കുറച്ച്
ഉറക്കം കടം വാങ്ങിയത്.

കടംവാങ്ങിയ ഉറക്കത്തില്‍
ഉറങ്ങുന്ന അവനെ
സ്വപ്നംകാണുന്ന ഞാന്‍
എങ്ങനെയായിരിക്കും
എപ്പോഴായിരിക്കും
അവന്റെ ഉറക്കത്തെ
മടക്കിക്കൊടുക്കുക?

12 comments:

ടി.പി.വിനോദ് said...

രണ്ടു ചാക്രിക കവിതകള്‍....
അകത്തുനിന്നോ പുറത്തുനിന്നോ പൂട്ടിയതെന്ന് മറന്നുപോയ മുറികള്‍ പോലെ...

സു | Su said...

തണുപ്പിന്റെ അടുപ്പ് സ്വന്തമെന്ന് വിശ്വസിക്കാം. തീ കൊളുത്തുന്നതും അണയ്ക്കുന്നതും സ്വയം ആണല്ലോ.

ഉറങ്ങാതിരിക്കുന്ന അവന്‍ സ്വപ്നത്തില്‍ത്തന്നെ കടം തന്നത് തിരിച്ച് ചോദിക്കുമായിരിക്കും. കടം കൊണ്ടത് വെറുതെ.

ഒടിയന്‍... said...

വാക്കില്‍ പറയാനാകത്തതിനു വ്യാകരണനിയമങ്ങള്‍ ഇല്ലല്ലൊ...പറയാനുള്ളതു വരചിട്ടുണ്ടു..

അടിക്കുറിപ്പ്: - അകത്താര്..പുറത്താര്

( http://img2.freeimagehosting.net/image.php?8660d68d7d.jpg )

Unknown said...

ഒരു തീപിടുത്തം അപ്രതീക്ഷിതമായി വരാം, സ്വയം തിളച്ചുവീണ് കെടുത്തിയ അടുപ്പില്‍ വീണ്ടും വാക്ക് എരിയിക്കാന്‍. ഒരുറക്കം എങ്ങുനിന്നുമല്ലാതെ വന്നേക്കാം, സ്വപ്നങ്ങള്‍ കാട്ടിത്തരാനും വിളിച്ചുണര്‍ത്താനും...
നന്ദി... നല്ല കവിതക്ക്...

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

അടുപ്പിന്‌ മൂന്നുകാല്‍
ഭൂതം ഭാവി വര്‍ത്തമാനം
നടുവിലെ ഒരാളലില്‍
ആവിയിലേക്കും...

തണുപ്പ് നല്ലകവിത ലാപുടന്‍

വിശാഖ് ശങ്കര്‍ said...

yiതീയും തണുപ്പും,കലാപവും ആളിയൊടുങ്ങിക്കഴിഞ്ഞെത്തുന്ന ശാന്തതയുമെല്ലാം ഉള്ളിലെ ഒരു ചക്രം മാത്രം;ആത്മാവില്‍ സ്വര്‍ഗ്ഗനരകങ്ങള്‍ തീര്‍ക്കുന്നത്-കാലം.കാലത്തിന്റെ ആ നൈരന്തര്യത്തില്‍ നമ്മുടെ ക്ഷണഭംഗുരമായ നിമിഷങ്ങളെ ,നമ്മെത്തന്നെ എങ്ങനെ വേര്‍തിരിച്ചെടുക്കാന്‍,എന്തു വിളിക്കാന്‍..
ലാപുടാ,
തണുപ്പോളം പൊള്ളിച്ചില്ല കടം.

Rasheed Chalil said...

ലാപുടാ... നല്ല കവിത.

ടി.പി.വിനോദ് said...

സൂവേച്ചീ, നന്ദി. തണുപ്പിന്റെ നാളങ്ങളും സ്വപ്നങ്ങളോളം ഉദാരമായ കടങ്ങളും ..അതെ വരുമായിരിക്കും...:)

ഒടിയന്‍, നന്ദി,ചിത്രം കണ്ടു...വളരെ ഇഷ്ടമായി
ചിത്രങ്ങള്‍ എന്തേ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നില്ല?

അനിയന്‍സ്,നന്ദി..:)

സുനില്‍,വിശാഖ്, നന്ദി..‘കടം’ ഉറങ്ങാത്ത ഒരു രാത്രിയുടെ ഓര്‍മ്മയായിരുന്നു. തികച്ചും വൈയക്തികമായ ഒന്ന്.കമ്മ്യൂ‍ണിക്കേറ്റ് ചെയ്യില്ലെന്ന് എഴുതുമ്പോള്‍ തന്നെ സംശയമുണ്ടായിരുന്നു.:)

ഇത്തിരിവെട്ടം, സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി..:)

Unknown said...

ആദ്യത്തെ കവിത വളരെ ഇഷ്ടമായി. :-)

പ്രതിഭാസം said...

ഒരുപാട് കാലങ്ങളുടെ അലച്ചിലിനു ശേഷം ഇന്നാണ്‍ ഞാന്‍ ലാപുടയുടെ കവിതകള്‍ വായിക്കുന്നത്. കവിത ആസ്വദിക്കാനേ അറിയൂ.. അഭിപ്രായം പറയാനോ, വിമര്‍ശിക്കാനോ അറിയില്ല.
ഒന്നു മാത്രം പറയുന്നു. ലാപുടയുടെ കവിതകളിലെ ജീവന്‍ അനുഭവിച്ചറിയാന്‍ കഴിയുന്നു.
(ഇന്ന് ഇവിടെയെത്തിയ സന്തോഷത്തില്‍ സുഹൃത്ത് ഷെബിയെ വിളിച്ചിരുന്നു. അനുമോദനങ്ങള്‍ ആ വഴിയും ചിലപ്പോല്‍ എത്തിയേക്കാം)

ടി.പി.വിനോദ് said...

ദില്‍ബൂ,പ്രതിഭ, നന്ദി, സന്തോഷം :)

Pramod.KM said...

അടുപ്പിന്റെ ഉടമന്സ്ഥാ‍വകാശം ആറ്ക്കായാലും പൊള്ളുന്നതു എനിക്കു തന്നെ ലാപുട...
കടം വാങ്ങിയ ഉറക്കം എന്ന കവിത വായിച്ചപ്പൊള്‍ അപരിചിതമായ ഒരു കണ്‍ഫൂഷനിലെക്കു ഞാന്‍ വീണ്ടും ഒരു തീത്ഥാടനം നടത്തി...
നന്നായിരിക്കുന്നു...