Saturday, August 18, 2007

പതിവ്

പോകുന്നവഴിയില്‍
പതിവായി കാണുന്ന
പാറക്കല്ലില്‍ നിന്ന്
അതിന്റെ
വിശദമായ നിശ്ചലത
എന്നിലേക്ക്
കയറിവരുന്നു.

നടപ്പുനീളുന്ന
ദൂരത്തിലേക്കെല്ലാം
നിശ്ചലത
എന്നോടൊപ്പം
എന്റെ കാലുകളില്‍
സഞ്ചരിക്കും.

ഇളകിപ്പറന്ന്
അങ്ങുമിങ്ങുമാകാവുന്ന
ചിലതിന്റെയെല്ലാം മേലെ
മനസ്സിനുള്ളില്‍
അമര്‍ന്നിരുന്ന്
കരുതലാവുന്നുണ്ടാവും
അതിന്റെ കനം.

തൊട്ടുരുമ്മി
അരിച്ചുകേറിയതിനെ
ഇക്കിളികോച്ചരുതെന്ന്
പറഞ്ഞാല്‍ കേള്‍ക്കില്ല
എന്റെ ഓര്‍മ്മപ്പായലുകള്‍.

മടങ്ങിവരുന്ന വഴിയില്‍
അതേയിടമെത്തുമ്പോള്‍
എന്നില്‍നിന്നത്
തിരിച്ചിറങ്ങും.

ഒരു ദിവസത്തിന്റെ കൂടി
പഴക്കം കൂടിയ
നിശ്ചലതയായി
നാളെയെന്നെ കാത്തിരിക്കും.

പോകുന്ന വഴിയില്‍
പതിവായി കാണുന്ന
പാറക്കല്ലില്‍.

33 comments:

ടി.പി.വിനോദ് said...

ഈ ബ്ലോഗ് തുടങ്ങിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു. വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും വിമര്‍ശിക്കുകയും ചെയ്ത എല്ലാ ബൂലോക സുഹൃത്തുകളെയും നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു.

മുസ്തഫ|musthapha said...

ആശംസകള്‍ ലാപുട... :)

ഇനിയും ഒരുപാട് നല്ല വരികള്‍ വിനോദിന്‍റെ തൂലികയിലൂടെ ഇവിടെ നിറയട്ടെ...

സാല്‍ജോҐsaljo said...

ഓര്‍മ്മകളുടെ ഈ പായല്‍,
അരിച്ചുകയറി ഒരു വര്‍ഷം!
കവിതയുടെ ഈ പതിവുകല്ല്
മനസില്‍ പതിച്ചു നിറയെ!

ആശംസകള്‍.
അടക്കമുള്ള ഈ വരികള്‍ ഏറെ സന്തോഷിപ്പിക്കുന്നു.

Pramod.KM said...

നല്ല കനം:)
ആശംസകള്‍,ഒരു വറ്ഷത്തിന്റെ.

ശ്രീ said...

വരികള്‍‌ ഇഷ്ടമായി.

ആശംസകള്‍!
:)

വേണു venu said...

വിനോദ്ജീ,
ആശംസകള്‍‍, അഭിനന്ദനങ്ങള്‍‍..
ഇനിയുമിനിയും ഈ ബൂലോകാംബയെ ധന്യമാക്കാന്‍‍ ലാപുടയ്ക്കു് കഴിയട്ടെ.:)

മഴത്തുള്ളി said...

കൊള്ളാം കവിത ഇഷ്ടമായി.

ആശംസകള്‍.

സജീവ് കടവനാട് said...

വാര്‍ഷികാഘോഷം എവിടെ വച്ചാണ്. ‘...എന്താ പരിപാടി?’ വാര്‍ഷിക കവിത കൊള്ളാം. അതില്‍ ‘വിശദമായ നിശ്ചലത’ എന്തെന്ന് മനസിലായില്ല.
‘ഇളകിപ്പറന്ന്
അങ്ങുമിങ്ങുമാകാവുന്ന
ചിലതിന്റെയെല്ലാം മേലെ
മനസ്സിനുള്ളില്‍
അമര്‍ന്നിരുന്ന്
കരുതലാവുന്നുണ്ടാവും
അതിന്റെ കനം.’ആ വരികള്‍ക്കെന്തോ ഒരു സുഖക്കുറവുണ്ട്. മനസിലാകാത്തതു കൊണ്ടായിരിക്കും.

അഘോഷത്തിനു ക്ഷണിക്കണേ...

Sanal Kumar Sasidharan said...

ലാപുട,
താങ്കള്‍ക്ക് ചലനാത്മകമായ എല്ലാത്തിനും മുകളില്‍ ഒരു പേപ്പര്‍ വെയിറ്റ് പോലെ എടുത്തുവൈക്കാന്‍ ഈ നിശ്ചലതയുണ്ട് എന്നതാണ്,താങ്കളുടെ കവിതകള്‍ക്കുള്ള പ്രത്യേകത.മനസില്‍നിന്നും കടലാസിലേക്കെത്തുന്നതുവരെ പറന്നുപോകാതെ ആശയങ്ങളെ അമര്‍ത്തിവയ്കാന്‍ ഒരുപക്ഷേ ഈ നിശ്ചലത താങ്കളെ സഹായിക്കുന്നുണ്ടാവണം.
ജീവിതത്തോടൊപ്പം നടക്കുന്ന മരണം തന്നെയാണ് കാലുകള്‍ക്കൊപ്പം നടക്കുന്ന ഈ ജഢത്വം.
സത്യത്തില്‍ “നിശ്ചലത“ എന്ന വിശദമാക്കലിനു പകരം “ ജഢത്വം“ എന്നിരുത്തിപ്പറഞ്ഞിരുന്നെങ്കില്‍ കൊതിച്ചുപോയി.

സു | Su said...

ഒന്നാം വര്‍ഷ‍ത്തിന്റെ ആശംസകള്‍. :)

ടി.പി.വിനോദ് said...

അഗ്രജന്‍, നന്ദി, സന്തോഷം..

സാല്‍ജോ, നന്ദി ..

പ്രമോദേ, താങ്ക്സ് ..ചിയേഴ്സ്...:)

ശ്രീ,നന്ദി..

വേണുമാഷേ, വായനയ്ക്കും ആശംസയ്ക്കും നന്ദി..

മഴത്തുള്ളി, കവിത ഇഷ്ടമായെന്നറിയുന്നതില്‍ സന്തോഷം.നന്ദി...

കിനാവ്, ആഘോഷമൊന്നും ഇല്ല..എന്നാലും ക്ഷണിച്ചിരിക്കുന്നു ഇങ്ങോട്ട്..:) സത്യത്തില്‍ ഈ മാസം ആദ്യമായിരുന്നു ഒരു കൊല്ലം തികഞ്ഞത്.ഇന്ന് ഈ കവിത പോസ്റ്റ് ചെയ്യാന്‍ നോക്കിയപ്പോഴാണത് ശ്രദ്ധിച്ചത്...പിന്നെ പാറക്കല്ലിന്റെ നിശ്ചലതയില്‍ വ്യംഗ്യമായി ഒന്നുമില്ലെന്ന തോന്നലിലാണ് വിശദമായ നിശ്ചലത എന്ന് പറഞ്ഞത്...

സനാതനന്‍, സൂക്ഷ്മ നിരീക്ഷണത്തിനു വളരെ നന്ദി. ജഡത്വം എന്ന വാക്കിനോട് എനിക്കത്ര ഇഷ്ടം തോന്നുന്നില്ല ഇവിടെ. അതിനൊരു സൈദ്ധാന്തിക സ്വഭാവമില്ലേ?

സൂവേച്ചി, നന്ദി..സന്തോഷം...

വിഷ്ണു പ്രസാദ് said...

ലാപുട, ഇനിയും ഒരുപാട് നല്ല കവിതകള്‍ കൊണ്ട് ഈ ബ്ലോഗ് ഞങ്ങളുടെ സംവേദന ശീലങ്ങളെ നവീകരിക്കട്ടെ.വാര്‍ഷികാശംസകള്‍.
ഈ വര്‍ഷം പുസ്തകം ഇറക്കണം... :)

രാജ് said...

പോകെ പോകെ ഇവിടെ നിന്നെന്തെങ്കിലും എടുത്തു പോകുവാന്‍ വയ്യാത്ത കനം. നീ ആ വരികള്‍ക്കു മുകളിലെ പാറക്കല്ലൊന്നെടുത്തുമാറ്റൂ.

ഒരു കൊല്ലത്തില്‍ എത്ര കവിതയുണ്ട്?

കരീം മാഷ്‌ said...

ആശംസകള്‍!
കവിത ഇഷ്ടമായി.
ഇനിയും ഒരുപാട് വരികള്‍
ധന്യമാക്കാന്‍‍ ലാപുടയ്ക്കു് കഴിയട്ടെ

കരീം മാഷ്‌ said...
This comment has been removed by the author.
ഡാലി said...

നിശ്ചലതയുടെ കനം ദിവസങ്ങളുടെ പഴക്കം കൂടുമ്പോള്‍ കൂടുമോ?
വാര്‍ഷികാശംസകള്‍

സുനീഷ് said...

കനമുള്ളോരു മൌനം
പതിയിരുന്ന്
ചുമരില്‍
നഖമാഴ്ത്തിയലറുന്ന പോലെ
മരണത്തിണ്റ്റെ തിരശ്ശീലയില്‍
കറകള്‍ വീഴ്ത്തി
ദിവസത്തിണ്റ്റെ പഴക്കങ്ങള്‍
പ്രേതങ്ങളായിളക്കി
ഓര്‍മ്മയുടെ പായലുകള്‍
ചത്തു പൊങ്ങുന്നു.

അഭിനന്ദനങ്ങള്‍ വിനോദേട്ടാ....

ദിവാസ്വപ്നം said...

ഇഷ്ടമായി

Raji Chandrasekhar said...

kavita iShtam.
enthanu kavi uddeSichatu ?
Asvaadakan^ manassilaakkiyatho ?
Alochikkatte, ezhuthaam.

കണ്ണൂസ്‌ said...

AAsamsakaL. :-)

ഏറുമാടം മാസിക said...

കവിത ..ഇഷ്ടപ്പെട്ടു...

ടി.പി.വിനോദ് said...

വിഷ്ണുമാഷേ, നന്ദി.പുസ്തകം-അത് ഒട്ടും തന്നെ എളുപ്പമുള്ള കാര്യമല്ലല്ലോ അല്ലേ..:(

പെരിങ്സ്, താങ്ക്സ്. നീ പറയുന്ന കാര്യം മനസ്സിലാവുന്നു. ഒരു പക്ഷേ അത്രയൊന്നും കവിത്വം എനിക്കുണ്ടാവില്ലെടാ..

കരീം മാഷ്, ഡാലി,കിച്ചന്‍സ്, ദിവ,രജി ചന്ദ്രശേഖര്‍, കണ്ണൂസ്, നാസര്‍. വായനയ്ക്കും അഭിപ്രായത്തിനും ആശംസയ്ക്കും നന്ദി, സന്തോഷം.

Unknown said...

ആശംസകള്‍ ലാപുട.

അപ്പൂപ്പന്‍ താടി പോലെ മനസ്സിലേയ്ക്ക് പറന്നിറങ്ങുന്നതായിരിക്കണം കവിതയെന്ന് ചിലര്‍ക്ക്.
മനസ്സില്‍ ചിതറിപ്പറക്കുന്നതിനു മേല്‍ കനത്തോടെ അമര്‍ന്നിരിക്കുന്നത് മറ്റു ചിലര്‍ക്ക്.
വട്ടവും വേലിയും പാരമ്പര്യവുമായി പിന്നാലെ കൂടുന്നു ഇനിയും ചിലര്‍.
നിരന്തരമായ ഈ വൈരുദ്ധ്യങ്ങള്‍ക്കിടയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിനു അഭിനന്ദനങ്ങള്‍.

വാര്‍ഷിക കണക്കെടുപ്പുമായി വന്നതിനു കൊടുത്ത മറുപടി നന്നായി!

കെ.പി said...

“ഒരു ദിവസത്തിന്റെ കൂടി പഴക്കം ചെന്ന നിശ്ചലതയായി നാളെ..”

ആ വരികള്‍ ഏറെ ഇഷ്ടമായി എന്ന് പറയട്ടെ..ഒന്നാം വര്‍ഷത്തിന് ആ‍ശംസകള്‍.

കെ.പി.

Unknown said...

LAPUTA...
ORU NISCHALATHA JEEVITHATHTHEYAAKEYUM MOODAAN...
ATHINU ORU PARAYE VAZHIYIL KATHU NILKKENDI VARUNNILLA ENIKK.
SWATHAVE ULLATHUKONDAVAAM.
ENKILUM NISCHALATHAYIL ORU CHALANAMUND KAVITHAYUDE..
NANDI..

വാണി said...

ലാപുട...
സ്ഥിരമായി ഞാന്‍ വായിക്കാറുള്ള ഒരു ബ്ലോഗ്..
ഈ കവിതകള്‍ ഒരു പുസ്തകമായ്ക്കാണാനും അതിയായ മോഹം..
ആശംസകള്‍...
ഒപ്പം ഇനിയും ഇനിയും കവിതകള്‍ നിറഞ്ഞ് ഈ ബ്ലോഗ് എന്നും വേറിട്ട് നില്‍ക്കുന്ന ഒന്നായി തുടരട്ടേ..

വിശാഖ് ശങ്കര്‍ said...

‘പതിവ്’ തെറ്റിയില്ല ലാപുട.
വാര്‍ഷികാശംസകള്‍

'ങ്യാഹഹാ...!' said...

, "വിശദമായ നിശ്ചലത
എന്നിലേക്ക്
കയറിവരുന്നു."

ഈ “നിശ്ചലത“ എന്ന വാക്കിന്റെ അര്‍ത്ഥമെന്താ?? കവിത ബായിച്ചപ്പ ഒരു കണ്‍ഫ്യൂഷന്‍...

എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ....

ങ്യാ‍..ഹ..ഹാ..!

Sethunath UN said...
This comment has been removed by the author.
Sethunath UN said...

നന്നായിരിയ്ക്കുന്നു മാഷെ.
ഒരുപാടെഴുതൂ.
ഒന്നാം വാര്‍ഷികാശംസകള്‍!

ങ്യാഹഹാ...! -
ചോ: ഈ “നിശ്ചലത“ എന്ന വാക്കിന്റെ അര്‍ത്ഥമെന്താ??
ഉ : താങ്കളുടെ (ങ്യാഹഹാ യുടെ) തലച്ചോറിന്റെ ഇപ്പോഴത്തെ അവസ്ഥയല്ലേ?

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

"പോകൂ പ്രിയപ്പെട്ട പക്ഷി
കിനാവിന്റെ നീലിച്ച ചില്ലയില്‍നിന്നും
നിനക്കായി വേടന്റെ കൂരമ്പൊരുങ്ങുന്നതിന്‍മുമ്പ്‌..."

ഇട്ടിമാളു അഗ്നിമിത്ര said...

ആശംസകള്‍... ഇത്തിരി വൈകിയാണെങ്കിലും

ടി.പി.വിനോദ് said...

യാത്രാമൊഴി, കെ.പി, അനിയന്‍സ്, വാണി, വിശാഖ്, നിഷ്കളങ്കന്‍, ങ്യാ ഹ ഹ, സഗീര്‍, ഇട്ടിമാളു ,അഭിപ്രായങ്ങള്‍ക്കും ആശംസകള്‍ക്കും നന്ദി എല്ലാവരോടും...