Thursday, December 13, 2007

വിരസത

എഴുത്തച്ഛന്‍ മെമ്മോറിയല്‍
ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ
ഉച്ചഭക്ഷണ ഇടവേളയില്‍

തിലോത്തമ തീയറ്ററിനകത്ത്
നൂണ്‍ഷോയ്ക്കുള്ള ഇരുട്ട്
പതിവുപോലെ പ്രവേശിച്ച നേരം

താലൂക്കാപ്പീസില്‍
പി.പി. ഹരിദാസിന്റെ
അപേക്ഷയുള്ള ഫയലിനെ
ക്ലാര വര്‍ഗ്ഗീസ്
മടക്കിവെച്ച മാത്രയില്‍

പന്ത്രണ്ട് അമ്പതിന്
പുറപ്പെടേണ്ടിയിരുന്ന
ജെ.കെ. ട്രാവത്സ്
ഉടന്‍ സ്റ്റാന്‍ഡുവിടണമെന്ന്
ബസ്‌സ്റ്റാന്‍ഡിലെ ഉച്ചഭാഷിണി
കര്‍ക്കശപ്പെട്ടപ്പോള്‍

നിര്‍ണ്ണായകവും
ചരിത്രപ്രസക്തവുമായ
ഒരു അട്ടിമറിയിലൂടെ
വിരസതയ്ക്ക്
അന്നും
വിശന്നു തുടങ്ങി.

44 comments:

Umesh::ഉമേഷ് said...

ലാപുട ഈയിടെ എഴുതിയ ഒരു കവിതയും എനിക്കിഷ്ടമാകുന്നില്ല. എന്റെ ആസ്വാദനശക്തിയ്ക്കു കോട്ടം സംഭവിച്ചതാണോ അതോ ലാപുടയുടെ ശൈലിയില്‍ മാറ്റം വന്നതോ?

ലാപുടയോ മറ്റാരെങ്കിലുമോ സഹായിക്കാമോ? :)

റോബി said...

ഈ കവിത വായിച്ചുകഴിഞ്ഞപ്പോള്‍ അറിയാതെ ചിരിച്ചുപോയി. നന്നായിരിക്കുന്നു.
(തിലോത്തമ എന്ന പേര്‌ മുഴച്ചു നില്‍ക്കുന്നതായി തോന്നി.ഒരുപക്ഷേ എനിക്കു പരിചയമുള്ള ടാക്കീസുകള്‍ക്കൊന്നും ആ പേരില്ലാത്തതിനാലാവാം. ക്ഷമീര്‌... )

Pramod.KM said...

ഉഗ്രന്‍ കവിത.വിശക്കുകയും ഭക്ഷണം കഴിക്കുകയും വീണ്ടും വിശക്കുകയും ചെയ്ത് ജീവിക്കുന്ന ഒരു ജന്തുവായി വിരസതയെ ഉപമിച്ചത് ഏറെ ഇഷ്ടമായി.
:)..കണ്ണൂരിലെ മേലേ ചൊവ്വ എന്ന സ്ഥലത്ത് ‘തുഞ്ചത്താചാര്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍‘ ഉണ്ടെന്നുള്ളത് അറിയുമോ?:)..

വാല്‍മീകി said...

വിരസതയ്ക്ക് വിശന്നാല്‍ എന്താ കഴിക്യാ?

സുല്‍ |Sul said...

വിരസതക്ക് കുറച്ചു നേരം കൂടി
വിശക്കട്ടെ
പലനാളുകള്‍ വിശക്കട്ടെ
വിശന്നു വിശന്നു ചാവട്ടെ.

-സുല്‍

ശ്രീലാല്‍ said...

കവിതയില്‍ എഴുത്തച്ഛന്‍ മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ എന്നു വായിച്ചപ്പോള്‍ അത്രയ്ക്ക് വേണോ..? എന്നായിരുന്നു തോന്നിയത്. പക്ഷേ പ്രമോദിന്റെ കമന്റ് വായിച്ചപ്പോള്‍ ഞെട്ടിപ്പോയി.


എല്ലാത്തിലും പടര്‍ന്നു കയറി തിന്നും ഉറങ്ങിയും വിരസതയും ജീവിക്കട്ടെ..

കരീം മാഷ്‌ said...

കവിതയെ വായിക്കുന്നവന്റെ മനോരഥത്തിനു വിട്ടു തരുന്നതാണു ലാപുടയുടെ വരികള്‍.
അതു കൊണ്ടുതന്നെയാണു എനിക്കവ പ്രിയപ്പെട്ടവയാവുന്നതും.
രചനയില്‍ കവി വിജയിക്കുന്നു എന്നു എനിക്കു തോന്നുന്നതും.
വൃത്തവും ഛന്ദസ്സും ഒപ്പിക്കുമ്പോള്‍ തീവൃത നഷ്ടപ്പെടുന്ന കവിതകളെ അപേക്ഷിച്ചു, മനസ്സിലേക്കു കനലു കോരിയിടാന്‍ കേവലം ഗദ്യകവിതകള്‍ക്കു കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണും ലാപുടയുടെ കവിതകള്‍.

വിരസത എന്ന കവിത തന്നെ ഉദാഹരണമെടുക്കാം.
ആധുനീക മലയാളത്തിന്റെ പിതാവു മഹാനായ എഴുത്തച്ഛന്റെ പേരിലെ ഇംഗ്ലീഷ്‌ മീഡിയം സ്കൂള്‍ (കേരളീയന്റെ ആംഗലേയത്തിനോടുള്ള വിധേയത്വത്തേയും അപകര്‍ഷതയേയും പരിഹാസിക്കാന്‍ ഇതിലും തീഷ്ണമായ വരിയുണ്ടോ എന്നു സംശയം).
തിയ്യേറ്ററിനകത്തെ ഇരുട്ട്‌ (രണ്ടരമണിക്കൂര്‍ നീണ്ട സിനിമാപ്രദര്‍ശനിത്തിനിടെ നാം ഏറ്റവും അനുഭവിക്കുന്നതു തീയ്യേറിലെ ഇരുട്ടു തന്നെയാണ്‌( ഇരുട്ടിനോടൊപ്പം വൃത്തിഹീനതയും,ക്ഷുദ്രജീവികളും,സംസ്കാരരാഹിത്യവും).
താലൂക്കാപ്പീസിലെ മടക്കിവെക്കാന്‍ ക്ലാര വര്‍ഗ്ഗീസ്‌ ഒരു കാരണം കാത്തിരിക്കുകയായിരിക്കണം! വിരസതയെന്ന അടിസ്ഥാനകാരണത്തിനെ സമ്മതിച്ചു തരാന്‍ മടിക്കുന്ന അവള്‍ അതപേക്ഷിച്ചതൊരു പി.പി ഹരിദാസാണല്ലോ എന്നു ധ്വനിപ്പിച്ചതു മടക്കി വെച്ചതാവാം.
(സര്‍ക്കാരാപ്പീസുകളിലേക്കു ഇഴഞ്ഞുകയറുന്ന വര്‍ഗ്ഗീയതയെയാണു ഞാന്‍ ഈ വരിയില്‍ വായിച്ചത്‌)
വായിക്കുന്നതിനെക്കാള്‍ സമയം വായനക്കാര്‍ക്കു ചിന്തിക്കാന്‍ അവസരം കൊടുക്കുന്ന വരികള്‍ക്കായി കാത്തിരിക്കുന്നു.

രജീഷ് || നമ്പ്യാര്‍ said...

അവസാനത്തെ നാലു വരി വായിച്ചു കഴിഞ്ഞപ്പഴേക്കും അറിയാതെ നാവില്‍ വന്നതു 'യെന‍്റ്റമ്മോ!' എന്നാണ്.

ഒരുതരം അപനിര്‍മാണങ്ങളുടെ കവിത.

സനാതനന്‍ said...

എന്റെ വിരസതയുടെ പുറത്ത് ഒരു അട്ടിമറി കുടിയിരുന്നു. അപാരം

Umesh::ഉമേഷ് said...

ക്ഷമിക്കുക. ഗൂഗിള്‍ റീഡറില്‍ വായിച്ചപ്പോള്‍ അവസാനത്തെ സ്റ്റാന്‍സ ഒഴികെയുള്ളവയേ കണ്ടുള്ളൂ. ഫുള്‍ ഫീഡാണെന്നു (പൂര്‍ണ്ണകവിതയും) കരുതി നേരേ കമന്റിടുകയായിരുന്നു. മറ്റു കമന്റുകള്‍ കണ്ടപ്പോഴാണു് എവിടെയോ പന്തികേടുണ്ടെന്നു മനസ്സിലായതു്.

അവസാനത്തെ സ്റ്റാന്‍സ കൂടെ വായിച്ചപ്പോള്‍ ഈ കവിത ഇഷ്ടമായി. എങ്കിലും കഴിഞ്ഞ ചില കവിതകള്‍ (ഉദാ: അറിയിപ്പു്) ഇപ്പോഴും ഇഷ്ടപ്പെട്ടില്ല.

വേണു venu said...

ലാപുടയുടെ കവിതകള്‍‍ എന്നും വിരസത മാറ്റുന്നു.
ഒരു വായനയിലെ ചിത്രങ്ങള്‍‍, രണ്ടാം വായനയില്‍‍ മാറ്റിമറിക്കുന്ന ആശയങ്ങള്‍‍. മാറ്റങ്ങളൊക്കെ ഇഷ്ടമാകുന്നു എന്നും അറിയിക്കുന്നു.:)

ലാപുട said...

ഉമേഷേട്ടാ,

ഫീഡുകൊണ്ടുള്ള അക്കിടി എനിക്കും പറ്റിയിട്ടുണ്ട് മുമ്പ്....:)

പിന്നെ, കവിതയുടെ മാറുന്ന സ്വഭാവത്തിനെയും അത് ആസ്വാദ്യമായി തോന്നാത്തതിനെയും കുറിച്ച് പറഞ്ഞത് ശ്രദ്ധിച്ചു.

അടിസ്ഥാനപരമായി ഞാനെഴുതുന്നത് വളരെയൊന്നും മാറിയിട്ടില്ല എന്നുതന്നെ തോന്നുന്നു. ചില സൂക്ഷ്മാനുഭവങ്ങളെ
സ്വീകരിക്കാനും അവയെ ആവിഷ്കരിക്കാനുമുള്ള ശ്രമങ്ങള്‍ തന്നെ മുന്‍പും ഇപ്പോഴും എനിക്ക് എഴുത്ത്. ഒരു ഭാഷാ അനുഭവം ആക്കി
മാറ്റാവുന്ന സന്ദര്‍ഭങ്ങളെയും ആശയങ്ങളെയും തന്നെ ഇപ്പോഴും തേടിക്കൊണ്ടിരിക്കുന്നത്. പക്ഷേ ഇത്തരം അന്വേഷണങ്ങള്‍ നടത്തുന്ന പരിസരങ്ങളെ എറെക്കുറെ ബോധപൂര്‍വ്വം വ്യത്യാസപ്പെടുത്താന്‍ നോക്കുന്നുണ്ട് ഈയിടെ. അതിസാധാരണമായ ചില കാര്യങ്ങളുടെ അധികമൊന്നും ആഴത്തിലല്ലാത്ത ഉള്‍ഭാഗത്ത് തന്നെ കനപ്പെട്ട ചില വൈചിത്ര്യങ്ങള്‍ ഉണ്ടെന്ന്
തോന്നിപ്പോവുന്നതാണ് ഇതിനുള്ള ഒരു കാരണം. [ഇമ്മാതിരി പരിശ്രമങ്ങളില്‍ വല്ലാതങ്ങ് വിജയിക്കുന്നൊന്നുമില്ല എന്ന് ഞാന്‍ എന്ന
വായനക്കാരനറിയാം. എഴുതിപ്പഠിക്കാനുള്ള ഒരു ഇടം കൂടിയാണ് എനിക്ക് ബ്ലോഗ്]

മേല്‍പ്പറഞ്ഞതരം സാധാരണത്വങ്ങളെ ഒരു പാഠനിര്‍മ്മിതിക്ക് വേണ്ടി വിട്ടുകൊടുക്കുന്ന തരത്തില്‍ വായിക്കുന്നവര്‍ക്കുമുന്നില്‍
അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി എഴുത്ത് ഭാഷയില്‍ ആവശ്യമായി വരുന്ന അഴിവ് (fluidity) ആവണം മുന്‍പ്
എഴുതിയിരുന്നവയില്‍ നിന്നുള്ള ശൈലീവ്യതിയാനമായി നിങ്ങള്‍ക്ക് തോന്നുന്നത്.

ചില കാര്യങ്ങള്‍ എഴുത്തില്‍ വരരുതെന്ന് ഈയിടെ
ഞാനെഴുതിയവയില്‍ ബോധപൂര്‍വ്വമായി മുന്‍‌കരുതലുകളെടുത്തിരുന്നു. [ ഇനിമുതല്‍ ഇങ്ങനെയാണ് എഴുതുക എന്ന് ഒരു നിര്‍ബന്ധവുമില്ല കെട്ടോ..:) ]

1) Wisdom കൊണ്ട് പൊറുതിമുട്ടിയ, വായനക്കാര്‍ക്ക് വേണ്ടി വന്‍‌കിട ഭാരങ്ങള്‍ സഹിക്കുന്ന Victimized hero ആയി എഴുത്തിലെ കര്‍ത്തൃത്വം (authorship) പ്രത്യക്ഷപ്പെടരുതെന്ന്.

2) Metaphysical എന്നുവിളിക്കാവുന്നതരം ചില തോന്നലുകളില്‍ നിന്ന് കവിതയിലേക്ക് കുറുക്കുവഴി തേടരുതെന്ന്.

3) അകാവ്യകം എന്ന് എന്റെ കവിതാശീലങ്ങള്‍ക്ക് മുന്‍പ് തോന്നിയിരുന്ന സന്ദര്‍ഭങ്ങളുടെ ആവിഷ്കാരം പറ്റിയാല്‍ ശ്രമിച്ചു നോക്കണമെന്ന്. ( ഉദാ:- മൈക്ക് അനൌണ്‍സ്‌മെന്റ്, ഫോണ്‍‌വിളി, ഭീഷണി, അപനിര്‍മ്മിക്കപ്പെടുന്ന പരിണാമഗുപ്തി എന്നിവയെ കവിതയില്‍ ചേര്‍ക്കാന്‍ ശ്രമിച്ചുനോക്കിയത് ഈയിടെ എഴുതിയവയില്‍ കാണാന്‍ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു)

[ ഇതിലൊക്കെ ഏതെങ്കിലും സാധിച്ചിട്ടുണ്ടോ എന്നത് വായിക്കുന്നവരുടെ അഭിപ്രായത്തിന് പൂര്‍ണ്ണമായും വിട്ടുതരുന്നു..]

ഓരോ വാക്കുകളില്‍ നിന്നും കവിതയെ ഡീ കോഡ് ചെയ്തെടുക്കുന്നതരം വായനയില്‍ നിന്ന് മാറി മൊത്തം കവിതയുടെ ആഖ്യാനം അതിന്റെ കാല, രൂപ, പ്രമേയ പരിസരങ്ങളിലൂടെ എന്തെങ്കിലും എഫെക്റ്റ് ഉള്ളിലുണ്ടാക്കുന്നുണ്ടെങ്കില്‍ അതിനെ ഡീ കോഡ് ചെയ്യുന്നവിധത്തില്‍ വായിച്ചാല്‍ ഉമേഷേട്ടന് ഇത്രയും നിരാശ തോന്നാനിടയില്ലെന്ന് എന്റെ ഒരു തോന്നല്‍....ശരിയാണോ എന്തോ? :)

വായനയ്ക്കും തുറന്ന അഭിപ്രായത്തിനും നന്ദി. തുടര്‍ന്നും പ്രതീക്ഷിക്കുന്നു ഈ പരിഗണന..

Umesh::ഉമേഷ് said...

ലാപുടേ,

ഒരു പക്ഷേ (3) ആയിരിക്കണം എന്നെ വലച്ചതു്. മലയാളത്തിലെ പഴയ കാവ്യങ്ങള്‍ വായിച്ച ആസ്വാദനശീലത്തില്‍ നിന്നു് ആധുനികകവിതയിലേക്കുള്ള യാത്ര വളരെ പതുക്കെയായിരുന്നു. ഇപ്പോഴും എത്തേണ്ടിടത്തെത്തിയിട്ടില്ല. പ്രതീക്ഷിക്കാത്ത സങ്കേതങ്ങള്‍ കാണുമ്പോള്‍ അന്ധാളിക്കുന്നതാവാം.

പിന്നെ, മനസ്സിരുത്തി വായിക്കാന്‍ ഈയിടെയായി സമയവും കിട്ടുന്നില്ല. അതും കാരണമാവാം.

ബൂലോഗത്തില്‍ വരുന്ന ഗദ്യകവിതകളില്‍ ഇപ്പോള്‍ പ്രമോദിനെയും ലാപുടയെയും സനാതനനെയും മാത്രമേ ഇഷ്ടപ്പെടാന്‍ കഴിയുന്നുള്ളൂ. എന്റെ ആസ്വാദനരീതി ഇനി ഒരുപാടു നന്നാവണം എന്നാണു് എനിക്കു തോന്നുന്നതു്.

ലാപുട said...

റോബീ, ആ പേരില്‍ ടാക്കീസില്ലാത്തതു കൊണ്ടു തന്നെ തിലോത്തമ ഒരു പാര്‍ശ്വവത്കൃത അപ്സരസ്സാണെന്ന് പറഞ്ഞാല്‍ നീയെന്നെ തല്ലരുത്..:)

പ്രമോദേ, അമ്മാതിരി ഒരു സ്കൂള് ശരിക്കുമുണ്ടെന്നോ? അതും നമ്മുടെ നാട്ടില്‍ തന്നെ...:( എനിക്കറിയില്ലായിരുന്നു നീ പറയുന്നത് വരെ.

വാല്‍മീകി, നമ്മള്‍ കഴിക്കുന്നതെന്തും നമ്മുടെ വിരസതയും കഴിക്കുമായിരിക്കും...;)

സുല്‍,നല്ല പ്രാക്ക്...:)

ശ്രീലാലേ, ഞാനും ഞെട്ടിയെടാ അതു കേട്ടപ്പോ..:(

കരീം മാഷേ, വിശദമായ വായനയ്ക്കും കമന്റിനും വളരെ നന്ദി. എഴുതുന്നതില്‍ food for thought ആയി എന്തെങ്കിലും ബാക്കിയാവുന്നു എന്നറിയുന്നത് വലിയ സന്തോഷം.

രജീഷ്, സനാതനന്‍, വേണൂജീ നന്ദി, സന്തോഷം..:)

ദീപു said...
This comment has been removed by the author.
ദീപു said...

വിരസിച്ചു .... അല്ല രസിച്ചു ..

കാവലാന്‍ said...

പറയാന്‍ നല്ലവാക്കുകളന്വേഷിച്ചു ഞാന്‍ ‍പോകുന്നു...

ശ്രീ said...

നന്നായിരിക്കുന്നു, ഈ കവിതയും.

:)

Prasanth Kalathil | പ്രശാന്ത് കളത്തില്‍ said...

ലാ,
(ഉമേഷേട്ടന്റെ കമന്റിനുള്ള മറുപടി ഓര്‍ത്തുകൊണ്ട്)
ഞാന്‍ വളരെ വൈകിയാണിവിടെ എത്തിയത്. അവസാനത്തെ മൂന്നു കവിതകള്‍ മത്രമേ വായിച്ചിട്ടുള്ളൂ. കവിതയുടെ സ്ട്രക്ചറിങ്ങില്‍ നിങ്ങള്‍ വളരെ ശ്രദ്ധാലുവാണെന്ന് തോന്നുന്നു. വായനയ്ക്കുള്ള ലീഡുകള്‍ പെറുക്കിയെടുക്കുകയാണെങ്കില്‍, അത് കൃത്യമായി മനസിലാവും.നിങ്ങള്‍ വായനയിലേയ്ക്കുള്ള വാതിലുകള്‍ മാറ്റിപ്രതിഷ്ടിക്കുന്നു (ഭീകരം !).

കവിത ആവശ്യപ്പെടുന്ന ടോട്ടല്‍ റീഡിങ് തന്നെയാണ് നടക്കുന്നത്, നല്ലൊരു പരിധിവരെ. എന്നാലും ഒരു തമാശ എന്താച്ചാല്‍, ഇടയ്ക്കൊക്കെ വാക്കുകളുടെയും വരികളുടെയും സുതാര്യതയില്‍ വീണ്ടും ചില വായനകള്‍: കരീം മാഷ് നടത്തിയപോലെ !

അങ്ങനെ വരിതെറ്റിച്ചു വരുന്ന വായനകളെ ഏതു ചിരിയോടെ കാണും ? അറിയാന്‍ താല്പര്യമുണ്ട്...

സു | Su said...

വിരസതയ്ക്ക് വിരസത തുടങ്ങി.

അനിയന്‍സ് അഥവാ അനു said...

ഉമേഷിനെപ്പോലെ വായനാബോധവും അറിവുമുള്ള ഒരാളിനോട് പറയാന്‍ പാടില്ലാത്തത് എന്ന് കരുതുന്ന ഒരു കാര്യം. നമ്മുടെ മുന്‍ വിധികളെ വിട്ട് കുറേക്കൂടി സ്വതന്ത്രമായിട്ട് കവിതയെ സമീപിച്ചൂടേ? പഴയ ഭാരങ്ങളെയൊക്കെ വിട്ടിട്ട് ഓരോ നിമിഷത്തെയും പുതുതായി സമീപിക്കാന്‍ ജിദ്ദു പറഞ്ഞത് വായിച്ചയുടനെയായതുകൊണ്ടാണോ എന്തോ ഞാന്‍ ഇങ്ങനെ പറഞ്ഞത്. പക്ഷേ അപ്പോള്‍ കവിതയിലെ കവിത കാണാന്‍ എളുപ്പം കഴിയും എന്ന് തോന്നുന്നു. വിരസതയെ കാണുന്ന പുതിയ കണ്ണുകളില്‍ നിന്ന് ഞാന്‍ ബോറടിയുടെ ദൈവം എന്ന പഴയ ആറ്റിക്കുറുക്കിയ കവിതയിലേക്കൊന്നു പോയി നോക്കി. ലാപുട കുറേക്കൂടി അയഞ്ഞു തുടങ്ങുന്നു. രണ്ടും എനിക്കിഷ്ടമാണ്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വിരസതയില്ലാതെ വായിചു കവിത.

നന്നായിരിക്കുന്നു.

പെരിങ്ങോടന്‍ said...

വിരസതയും അറിയിപ്പും വളരെ സാധാരണ കവിതയായി തോന്നുന്നു. വിനോദേ കവിത കൊണ്ടു ആവിഷ്കരിക്കുവാന്‍ ശ്രമിക്കുന്നതിനെ കുറിച്ചു ഉത്തമബോധ്യം നിനക്കുള്ളപ്പോഴും നീയെങ്ങിനെയാണ് പരാജയപ്പെടുന്നത്? (എന്റെ ആസ്വാദനത്തില്‍)

ലാപുട said...

ദീപു, നന്ദി, സന്തോഷം...:)

കാവാലന്‍, നന്ദി.ഇനിയും വരൂ ഈ വഴിയില്‍.

ശ്രീ, നന്ദി സുഹൃത്തേ...;)

പ്രശാന്ത്, ചോദ്യത്തിനു തരാന്‍ നല്ല കൃത്യതയുള്ളൊരു ഉത്തരം എന്റെ കയ്യിലില്ലെന്ന് തോന്നുന്നു. സീരിയസായ ഏത് വായനയും സന്തോഷം തരുന്നുവെന്ന് പറയാനേ ഒരുപക്ഷേ എനിക്ക് സാധിക്കൂ. സൂചകങ്ങളിലൂടെ നിലനില്‍ക്കുന്നതും സുതാര്യത അനുവദിക്കപ്പെട്ടിരിക്കുന്നതുമായ ഒരു പ്രമേയത്തിന് /പ്രമേയ പ്രതീതിക്ക് ഒരു കാലിഡോസ്കോപ്പിന്റെ സ്വഭാവം ഉണ്ടാവും. നോക്കുന്നതിനു മുന്‍പുള്ള എന്റെ കുലുക്കലായിരിക്കില്ല കാഴ്ചക്കുമുന്‍പുള്ള വേറൊരാളുടെ കുലുക്കല്‍. ഒരു പക്ഷേ കാഴ്ചയില്‍ ‍ എന്റെ എഴുത്തിന്റെ അബോധത്തെ/ഉപബോധത്തെ കണ്ടുകിട്ടാന്‍ അയാള്‍ക്ക് സാധിക്കുമായിരിക്കും. ഇത് എനിക്ക് ഒരു പരിധി വരെ അസാധ്യമായ കാഴ്ചയുമായിരിക്കും. വായനയിലൂടെ ഇപ്രകാരം കൃതിയുടെ പാഠത്തിന്റെ സമഗ്രതയിലേക്ക് ചേര്‍ക്കപ്പെടുന്ന കാഴ്ചകളും അവയുടെ രസനിര്‍മ്മിതികളും എഴുതിയയാളിന്റെയോ വായിച്ചയാളിന്റെയോ സ്വന്തമല്ല എന്ന് വിചാരിക്കാന്‍ ഇഷ്ടമാണ്. അത്തരമൊരു അവസ്ഥയില്‍ നിന്ന് സന്തോഷം സ്വീകരിക്കാന്‍ ശ്രമിക്കുകയല്ലേ എഴുതുന്നയാള്‍ ചെയ്യേണ്ടത്?

സൂവേച്ചി, എന്നിട്ട് വിരസത എന്തു ചെയ്തു?

അനിയന്‍സ്, അയവും ഇഷ്ടമായെന്നറിയുന്നതില്‍ സന്തോഷം. ഉമേഷേട്ടന്‍ പൂര്‍വ്വഭാരങ്ങള്‍ കൊണ്ട് വിഷമതകളുള്ള ഒരു വായനക്കാരനാണ് എന്ന് എനിക്ക് തോന്നാറില്ല കേട്ടോ..:)

പ്രിയ, നന്ദി, സന്തോഷം..

ലാപുട said...

പെരിങ്ങ്സ്, നിന്റെ ആസ്വാദനത്തില്‍ ഞാനെങ്ങനെയാണ് പരാജയപ്പെടുന്നതെന്ന് പറയാനാവുന്നത് നിനക്കല്ലേ? എനിക്കല്ലല്ലോ..?

പെരിങ്ങോടന്‍ said...

ങാ അതാണ് ഞാന്‍ ആലോചിക്കുന്നത് ;-)

ഭൂമിപുത്രി said...

വിരസതയേപ്പിടിച്ചു ലാപ്പുട psychiatrist's couchല്‍ കിടത്തിക്കളഞ്ഞല്ലൊ.
എനിയ്ക്കതു'ക്ഷ' രസിച്ചു എന്നുവിരസതയറിയണ്ട.

ഗുപ്തന്‍ said...

പെരിങ്ങോടന്‍ പറയാനുദ്ദേശിച്ചതുപോലെ എന്തോ ആണ് എനിക്കും പറയാനുള്ളത്.

കാത്തുനില്‍പ്പും അറിയിപ്പും കണ്ടപ്പോള്‍ പതിവു ശൈലിവിട്ട് പരീക്ഷണങ്ങള്‍ നടത്തുകയാണെന്ന്‍ മനസ്സിലായിരുന്നു. ഇതും ആ വഴിക്കേ കാണുന്നുള്ളു. പക്ഷെ കവിത മുന്‍പത്തെപ്പോ‍ാലെ ആസ്വദിക്കാനാവുന്നില്ല.

അനംഗാരി said...

ബിംബങ്ങളെ കോര്‍ത്തിണക്കിയിരിക്കുന്നത് എനിക്ക് ഇഷ്ടപ്പെട്ടു...പക്ഷെ...
ലാപുടയുടെ പതിവ് കവിതകള്‍ ഇതില്‍ നിന്ന് മാറി നില്‍ക്കുന്നൂ. ശൈലിയില്‍ ഒരു തരം വഴുവഴുക്കല്‍ (പതിവ് ശീലുകളില്‍ നിന്നുള്ള ഒരു തെന്നിമാറല്‍)കടന്ന് കൂടിയോ എന്ന് സംശയം.
ഈയിടെയായി വിഷ്ണൂവിന്റെ കവിതകളിലും ഇത് കണ്ട് തുടങ്ങിയിട്ടുണ്ട്.

ലാപുട said...

ഭൂമിപുത്രി, നന്ദി. ഇല്ല, വിരസതയോട് ഞാനിത് പറയുന്നില്ല..:)

ഗുപ്തന്‍,തുറന്ന അഭിപ്രായത്തിന് നന്ദി. ഇവിടെത്തന്നെ മുകളില്‍ ഒരു കമന്റില്‍ പറഞ്ഞതു പോലെ എന്തൊക്കെയോ ചിലത് ആവും പോലെയൊക്കെ ശ്രമിച്ചു നോക്കുന്നു..അത്രയേ ഉള്ളൂ...:) തുടര്‍ന്നും വായിക്കുമല്ലോ..?

അനംഗാരി, ഒരേപോലെ എഴുതിയെഴുതി എനിക്കു തന്നെ ബോറടിക്കരുതല്ലോ..അതു കൊണ്ടാവും ഇങ്ങനെ......:)
അഭിപ്രായത്തിന് നന്ദി...

ജ്യോനവന്‍ said...

പ്രത്യയശാസ്ത്രം തിരിച്ചുവരുമെന്നും വീണ്ടും പാട്ടുതുടരുമെന്നും കരുതിയിരുന്നപ്പോള്‍
വിരസയുടെ പുതിയ പാഠങ്ങള്‍ പകര്‍ന്നുതന്നല്ലോ ലാപുട. എന്നാലും സന്തോഷമുണ്ട്;
ഒട്ടും സമാന്തരമല്ലാതെ പുതിയ അര്‍ത്ഥതലങ്ങളെയും ഭാഷാരീതികളെയും വിശക്കുകയാണല്ലോ ലാപുടയിലെ കവി. അത് മഹത്തരമാണ്. വിജയങ്ങള്‍ മകുടങ്ങളെങ്കില്‍ ഇടര്‍ച്ചകള്‍ തൂണുകളാണു കവിക്ക്.
തുടരുക. മറ്റൊന്നിനായി കാത്തുകാത്തിരിക്കുന്നു. വിശക്കുന്നു.

വെള്ളെഴുത്ത് said...

കവിത, ചര്‍ച്ചയ്ക്കുകൂടി വേദിയൊരുക്കുന്നത് എത്ര നല്ല കാര്യമാണ്. അപ്പോള്‍ അനുഭവിക്കുകയും ചെയ്യാം ആലോചിക്കുകയും ചെയ്യാം.അത് ഉമേഷ് തന്നെ തുടങ്ങി വച്ചത് എന്തുകൊണ്ടും നന്നായി. പലപ്പോഴും നമ്മുക്കറിയാവുന്നതു മാത്രം വച്ച് അളക്കുകയും ഖരത്തിനും വാതകത്തിനും പ്ലാസ്മയ്ക്കും നമ്മുടെ കൈയിലുള്ള അളവുപാത്രം മതിയാവുമോ എന്ന ചിന്തയില്ലാതെ അഭിപ്രായങ്ങള്‍ തട്ടിമൂളിക്കുകയുമാണ് നടപ്പുരീതി. തുടര്‍ന്ന് ‘മുരിക്കുമരങ്ങളില്‍ നിന്ന് പാതിരാപുള്ളുകളെ പായിക്കുന്ന രീതിയില്‍ ഗ്വാ ഗ്വാ അല്ലെങ്കില്‍ പൂയീ...‘വിനോദ് പറയുമ്പോഴാണ് ചിലപ്പോള്‍ അങ്ങനെയായിരുന്നല്ലോ അതന്വേഷിക്കേണ്ടിയിരുന്നത് എന്ന് തോന്നുന്നത്..എങ്കിലും “...ഓരോ വാക്കുകളില്‍ നിന്നും കവിതയെ ഡീ കോഡ് ചെയ്തെടുക്കുന്നതരം വായനയില്‍ നിന്ന് മാറി മൊത്തം കവിതയുടെ ആഖ്യാനം അതിന്റെ കാല, രൂപ, പ്രമേയ പരിസരങ്ങളിലൂടെ എന്തെങ്കിലും എഫെക്റ്റ് ഉള്ളിലുണ്ടാക്കുന്നുണ്ടെങ്കില്‍ അതിനെ ഡീ കോഡ് ചെയ്യുന്നവിധത്തില്‍ വായിച്ചാല്‍.....”
പദങ്ങളെയോ പദസംയുക്തങ്ങളെയോ അഴിച്ചെടുക്കുന്ന പ്രക്രിയയില്‍ നിന്ന് കവിതാപാരായണത്തിന് ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അതെളുപ്പമല്ല. ‘വാക്കുകകള്‍‘ എന്ന സാമ്പ്രദായികമായ നോട്ടത്തിനാണ് മാറ്റം വരേണ്ടത്. അവ ‘ചിഹ്ന‘ങ്ങളാണെന്നു വരുമ്പോള്‍ വിനോദ് പറഞ്ഞ മൂന്നാം ന്യായവും അപ്രസക്തമാവും. അദ്ഭുതകരമായ രീതിയില്‍ ഉമേഷും താന്‍ സംസാരിക്കുന്നത് അതിനെപ്പറ്റിയാണെന്ന് പിനീട് പറയുന്നു.

latheesh mohan said...
This comment has been removed by the author.
latheesh mohan said...
This comment has been removed by the author.
latheesh mohan said...

ഇവിടെവന്നു വായിച്ചു പോകാറുണ്ടായിരുന്നു. മലയാളിയുടെ ആറിത്തണുത്തുപോയ അച്ചടി സാഹിത്യം ഇത്തരം എഴുത്തുകള്‍ മിസ് ചെയ്യുന്നുണ്ട് എന്നു തോന്നിയിട്ടുമുണ്ട്.

പക്ഷേ, ബീറ്റ് പോയട്രി ചത്തു പോയതിനു ശേഷവും കവിതയില Macro Spacesനെ നിരാകരിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിക്കേണ്ടി വരുന്ന ഒരു മലയാളം കവിയുടെ ബാധ്യതയോട് എനിക്ക് എന്തോ ഒരു വല്ലായ്മ തോന്നുന്നു. കവിതയിലെ അഴിവിനെകുറിച്ച് എസ്രാ പൌണ്ട് സംസാരിച്ചത് 1960നു മുമ്പാണ്.

എന്തോ വിനോദിന്റെ വിശദീകരണം താങ്കളുടെ കവിതയ്ക്ക് ബാധ്യതയാകുകയേ ഉള്ളൂ. മെറ്റഫറുകളും അലിഗറികളും മാത്രമല്ല ഇമേജുകളും കവിതയ്ക്ക് ഭാരമാണ് എന്നു പറയുന്ന പടിഞ്ഞാറിന് കിഴക്കാണ് നമ്മള്‍ ജീവിക്കുന്നത്. എല്ലാകലകളും സിനിമയായി ചുരുങ്ങുന്ന കാലത്ത് കവിതയുടെ രീതികള്‍ മൌനത്തിനു വിട്ടുകൊടുക്കുന്നതാവും നല്ലത്.

‘എണ്ണ എന്ന ആത്മകഥ’ ഞാന്‍ അടുത്തകാലത്തു വായിച്ച ഏറ്റവും നല്ല കവിത ആയതുകൊണ്ടാണ് ഇത്രയും പറഞ്ഞത്. വിസ്ഡത്തിന്റെ പൊറുതിമുട്ടല്‍ അല്ല

സനാതനന്‍ said...

കവിത കരണ്ടു തിന്നാനെത്തുന്ന എലികളായി വായനക്കാര്‍ അധപ്പതിക്കുന്നുണ്ടോ എന്നൊരു സന്ദേഹമുണ്ട്.പാലില്‍ പഞ്ചസാരപോലെ എല്ലാം അലിഞ്ഞുകിട്ടിയില്ലെങ്കില്‍ എന്തോ കുഴപ്പമുണ്ടെന്ന മട്ടിലുള്ള സമീപനം,രീതിവല്‍ക്കരിക്കപ്പെട്ട എഴുത്തില്‍ നിന്ന് വഴിമാറാന്‍ ശ്രമിക്കുന്നത് എന്തോ കുറ്റമാണെന്ന മട്ടിലുള്ള മുഖം തിരിക്കല്‍ ഒക്കെയാണ് പല കമെന്റുകളിലും കാണുന്നത്.
വിരസമായ ജീവിത എന്തിനെയാണ് വിശക്കുന്നത് എന്നൊരു ചോദ്യം പോലും ഒരിടത്തും കണ്ടില്ല എന്നതു ദുഖിപ്പിക്കുന്നു.കഴിഞ്ഞ രണ്ടുകവിതകളിലായി ലാപുട തന്റെ പതിവു ശൈലിവിട്ട് സാമൂഹികവും രാഷ്ട്രീയവും വയ്യക്തികവുമായ തന്റെ ജീവിതത്തെ കുറച്ചുകൂടി
സമഗ്രമായി കവിതയിലേക്കിണക്കി ചേര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെനു തോന്നുന്നു.അത് തീര്‍ച്ചായായും ഒരു പുരോഗതിയാണ്
(എന്റെ അഭിപ്രായം.എന്റെ മാത്രം അഭിപ്രായം)
ഒപ്പ്.

സിമി said...

ലാപുടേ,

കവിത നന്നായി. അര്‍ത്ഥം ഒന്നും ചികയാന്‍ തോന്നിയില്ല. കവിത വായിച്ചിട്ടും വിരസത മാറിയില്ല. എന്നാലും ഒരു സിനിമ കണ്ടതുപോലെ :-)

Umesh::ഉമേഷ് said...

പഴയ രീതിയിലുള്ള കവിതകളെയും (‘ഉം” എന്നതു ശ്രദ്ധിക്കുക.) ഇഷ്ടപ്പെടുന്നവരുടെ നേര്‍ക്കു് ആധുനിക കവിത മാത്രം ഇഷ്ടപ്പെടുന്നവര്‍ നടത്തുന്ന ആക്രമണം ഇവിടെ മാത്രമല്ല കണ്ടിട്ടുള്ളതു്. കവിതയെ ഭരതമുനി മുതല്‍ എസ്രാ പൌണ്ടു വരെ നിര്‍വ്വചിച്ചിട്ടുണ്ടു്. അതു് എസ്രാ പൌണ്ടില്‍ നിന്നുപോകുകയുമരുതു്.

കാളിദാസന്റെ പ്രസക്തി ചങ്ങമ്പുഴ വന്നപ്പോഴും ചങ്ങമ്പുഴയുടേതു കടമ്മനിട്ട വന്നപ്പോളും നഷ്ടപ്പെട്ടില്ല. ഇവരുടെയൊക്കെ കവിതകള്‍ ലാപുടയും സനാതനനും വന്നാലും നഷ്ടപ്പെടില്ല.

ഇതിനിടയില്‍ത്തന്നെ അവരുടെ കാലത്തു് ഉത്കൃഷ്ടകൃതികളെന്നു വാഴ്ത്തപ്പെട്ട പല പൊട്ടശ്ലോകങ്ങളും കാവ്യങ്ങളും സഹൃദയര്‍ ചവറ്റുകൊട്ടയില്‍ തള്ളി. കാളിദാസനും കടമ്മനിട്ടയും അതിനെ അതിജീവിച്ചവരാണു്, ലതീഷ് പറയുന്ന “ബീറ്റ് പോയട്രി” ആയിട്ടും.

ചില ആധുനികകവിതകവിതകളെ വിമര്‍ശിക്കുമ്പോള്‍ (ഈ കവിതയെപ്പറ്റിയല്ല. ഇതെനിക്കിഷ്ടപ്പെട്ടു.) വൃത്തനിരാസമാണു് ഈ എതിര്‍പ്പിനു കാരണമെന്നും ചട്ടക്കൂടില്‍ മാത്രം കവിതയെ കാണുന്നവരാണു് അവര്‍ എന്നും ആരോപണം കേള്‍ക്കാറുണ്ടു്. അതു ശരിയല്ല എന്നു വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. പദ്യവും കവിതയും രണ്ടും രണ്ടാണു്. ഒന്നില്ലാതെയും മറ്റേതുണ്ടാകാം. അതേ സമയം അവ mutually exclusive-ഉം അല്ല.

ഇത്തരം വാദങ്ങള്‍ പലപ്പോഴും ആധുനികകവിതയുടെ (അതിന്റെ മാത്രം) വക്താക്കളും അല്ലാത്തവരുടെയും തമ്മിലുള്ള യുദ്ധമായി അധഃപതിക്കുന്നതു കാണുമ്പോള്‍ സഹതാപം തോന്നുന്നു. ആധുനികകവിതകളിലും ചവറുകള്‍ ധാരാളമുണ്ടു്-വെണ്മണിശ്ലോകങ്ങള്‍ പോലെ. അവയെപ്പറ്റി പറഞ്ഞാല്‍ ചട്ടക്കൂടു്, കൂച്ചുവിലങ്ങു്, കവിത കരണ്ടു തിന്നുന്ന എലി, പഴയ ഭാരങ്ങള്‍ എന്നു തുടങ്ങി അതിനെ ചേരി തിരിഞ്ഞുള്ള യുദ്ധമാക്കേണ്ട കാര്യമില്ല.

ചങ്ങമ്പുഴ എഴുതിയ കവിതകളെ ഉള്ളൂര്‍ കേരളസാഹിത്യചരിത്രത്തില്‍ “പാട്ടു്” എന്നാണു വിവക്ഷിച്ചതു്, കവിത എന്നല്ല. അന്നു് അംഗീകരിക്കപ്പെട്ടിരുന്ന വൃത്തങ്ങളിലല്ല അദ്ദേഹം എഴുതിയിരുന്നതു് എന്നതുകൊണ്ടു്. വീണപൂവിനെ വിമര്‍ശിച്ചു് ഇനി ആളുകള്‍ ഉണക്കച്ചാണകത്തിനെപ്പറ്റിയും കീറത്തലയിണയെപ്പറ്റിയും കവിതയെഴുതും എന്നു പറഞ്ഞു.

ഈ ഉള്ളൂര്‍ തന്നെ പില്‍ക്കാലത്തു് തുമ്പപ്പൂവിനെയും മറ്റി കവിതയെഴുതി. ഭാഷാവൃത്തങ്ങളില്‍ കവിതയെഴുതി. അദ്ദേഹത്തിന്റെ കാവ്യാസ്വാദനക്ഷമത കൂടുതല്‍ നന്നായി എന്നാണു് ഇതിനര്‍ത്ഥം.

ഇപ്പോഴും ചങ്ങമ്പുഴയും ആശാനും ഒരു വിഭാഗം ആളുകള്‍ക്കു് അനഭിമതരാണു്. അവരുടെ കവിതകള്‍ക്കു ബീറ്റ് ഉണ്ടെന്നു പറഞ്ഞു്!

ലാപുടയുടെ ഈ കവിത എനിക്കിഷ്ടപ്പെട്ടു. എണ്ണയുടെ ആത്മകഥയും ബോറടിയുടെ ദൈവവും ഇഷ്ടപ്പെട്ടു. പക്ഷേ മറ്റു ചിലതു് ഇഷ്ടപ്പെട്ടില്ല. മറ്റു പലരും എഴുതുന്ന പല കവിതകളും-വൃത്തത്തിലാണെങ്കിലും അല്ലെങ്കിലും-ഇഷ്ടപ്പെട്ടില്ല. ചിലവ ചവറു പോലെയാണെന്നും തോന്നാറുണ്ടു്. കവിതയുടെ ചട്ടക്കൂടു നോക്കിയല്ല കവിത ആസ്വദിക്കുന്നതു്.

ശ്ലോകങ്ങളെ ഇഷ്ടപ്പെടുന്ന ഞാന്‍ (കവിതയെ ചിത്രകലയോടു് ഉപമിച്ചാല്‍ ശ്ലോകങ്ങള്‍ കാര്‍ട്ടൂണുകളാണു്. ഒരു പ്രത്യേകതരം കവിത എന്നേ പറയാന്‍ പറ്റൂ. എങ്കിലും എനിക്കു കാര്‍ട്ടൂണുകളും ഇഷ്ടമാണു്.) ആരെങ്കിലും ഒരു ശ്ലോകത്തെ പൊട്ടശ്ലോകം എന്നു വിളിച്ചാല്‍ രോഷം കൊള്ളാറില്ല. പക്ഷേ അതല്ല ആധുനികകവിതയെ വിമര്‍ശിക്കുന്നവരുടെ നേരെ അതിന്റെ വക്താക്കള്‍ ചെയ്യുന്നതു്. വൃത്തമില്ലാതെ എഴുതുന്നതെന്തും, അതെന്തു ചവറാണെങ്കിലും, ഉദാത്തമാണന്നു പറയണം എന്നാണു വാദം. അല്ലെങ്കില്‍ പറഞ്ഞവന്റെ സാമൂഹികനിര്‍ജ്ജീവതയെയും തലച്ചോറിന്റെ വൈകല്യത്തെയും പൌരുഷത്തിന്റെ അഭാവത്തെയും വരെ പറഞ്ഞുകളയും!

ലാപുടയുടെ കവിതയുടെ കമന്റായി ഇതു പറയുന്നതില്‍ ഖേദമുണ്ടു്. ഇതു് ഇവിടെ വരേണ്ടതല്ല.

വെള്ളെഴുത്തു പറഞ്ഞതു് എനിക്കു മനസ്സിലായില്ല.

Inji Pennu said...

ഉമേഷേട്ടന്റെ
അട്ടിമറി കമന്റ്
എന്റെ വിരസതയുടെ
വിശപ്പ് തീര്‍ന്നു. :)


പ്രമോദിന്റെ കമന്റ് കണ്ടിട്ടാണ് സംഗതി കത്തിയത്. പക്ഷെ കവിത ഒട്ടുമേ ഇഷ്ടായില്ല. ലാപുടാജിയില്‍ നിന്ന് റിച്ചര്‍ സ്കേല്‍ 6 ഇനു മുകളിലുള്ള ഭൂകമ്പമാണ് ഞാന്‍ പ്രതീക്ഷിക്കാറുള്ളത്. അത്കൊണ്ടാവാം.

ലാപുട said...

ജ്യോനവന്‍, വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

വെള്ളെഴുത്ത്, വാക്കുകള്‍ ചിഹ്നങ്ങളാകുന്നതിന്റെ അനിവാര്യത മനസ്സിലാക്കുന്നു. അതിസാധാരണമായ വാക്കുകളുടെ ഉപയോഗം വാക്കിന്റെ അസാന്നിധ്യം എന്ന അവസ്ഥയെപ്പോലും നേടിയെടുക്കുന്ന തരത്തില്‍ സംഭവിപ്പിക്കുന്നതിലൂടെ ചില കവിതകളില്‍ മികച്ച കവികള്‍ക്ക് കവിതയുടെ ചിഹ്നമൂല്യത്തെ ഉയര്‍ത്താനാകുന്നത് കണ്ടിട്ടുണ്ട്. (ഞാനൊന്നുമെഴുതുമ്പോള്‍ സംഭവിക്കുന്ന കാര്യമല്ല :))

ലതീഷ്, സന്ദര്‍ശനത്തിനും കമന്റിനും വളരെ നന്ദി. ഞാന്‍ എഴുതുന്നതിനെപ്പറ്റി ഞാന്‍ തന്നെ പറയാവുന്നതിന്റെ പരിധി കടന്നായിപ്പോയി എന്റെ പറച്ചിലെന്ന് തോന്നാതിരുന്നില്ല. എന്നാലും ഗൌരവപ്പെടൂ എന്ന് എന്നെത്തന്നെ ശകാരിക്കാന്‍ പ്രേരിപ്പിക്കും ഇത്തരം അവനവന്‍ നോട്ടങ്ങളും അവയുടെ പലിശയാവുന്ന അബദ്ധങ്ങളും എന്നൊരു (അന്ധ)വിശ്വാസമുണ്ട് ചിലപ്പോഴെനിക്ക്...:)

സനാതനന്‍, ഒരു പക്ഷേ എന്റെ എഴുത്തില്‍ കാര്യമായി എന്തോ മിസ് ചെയ്യുന്നതുകൊണ്ടായിരിക്കാം കവിതയുടെ പ്രാഥമിക യുക്തി പോലും പലപ്പോഴും അഡ്രസ്സ് ചെയ്യപ്പെടാഞ്ഞത്..

സിമി, വായനയ്ക്കും കമന്റിനും നന്ദി. എല്ല്ലാ കലകളും സിനിമയിലേക്ക് ചുരുങ്ങുന്നു നടപ്പുകാലത്ത് എന്ന് ലതീഷ് പറഞ്ഞത് ശ്രദ്ധിച്ചുകാണുമല്ലോ..?

ഉമേഷേട്ടാ, അവസാനത്തെ കമന്റിനോട് ഞാന്‍ പ്രതികരിക്കേണ്ടതുണ്ടോ എന്ന് തീര്‍ച്ചയില്ല. ഏതായാലും ആസ്വാദനചായ്‌വുകള്‍ സംബന്ധിച്ച ഇഷ്ടങ്ങള്‍ ആക്രമണമോ പ്രതിരോധമോ ആവശ്യപ്പെടുന്നതരത്തില്‍ പ്രസ്ഥാനവത്കരിക്കപ്പെടേണ്ടവയെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല എന്നു മാത്രം പറയട്ടെ.

ഇഞ്ചിപ്പെണ്ണ്, സിസ്‌മോഗ്രാഫ് പോയിട്ട് സ്റ്റെതസ്‌കോപ്പ് പോലും വേണ്ടിവരാത്തവയാണ് ഇവിടെയുള്ളതില്‍ പലതും...:)

Umesh::ഉമേഷ് said...

ലതീഷ് “ബീറ്റ് പോയട്രി” എന്നു പറഞ്ഞതു ഞാന്‍ തെറ്റിദ്ധരിച്ചു എന്നു തോന്നുന്നു. ബീറ്റ് പോയട്രി എന്ന രീതിയെപ്പറ്റി അറിവുണ്ടായിരുന്നില്ല. അതിനാലാണു് അങ്ങനെ പ്രതികരിച്ചതു്.

ക്ഷമിക്കുക.

ചിത്രകാരന്‍chithrakaran said...

വിരസതക്ക് അട്ടിമറിയിലൂടെ വിശപ്പനുഭവപ്പെടുക എന്നുപറയുന്നത് വളരെ രസികന്‍ പ്രയോഗംതന്നെ.
പ്രിയ ലപുടക്കും കുടുംബത്തിനും ചിത്രകാരന്റെ ക്രിസ്തുംസ് -പുതുവര്‍ഷാശംസകള്‍!!!

രാജന്‍ വെങ്ങര said...

നല്പത്തിരണ്ടു കമെന്റും വായിച്ചുകഴിഞ്ഞപ്പോള്‍ മേലെഴുതിയതു കവിത (?)വീണ്ടുമൊരിക്കല്‍കൂടി വായിച്ചു.“ഭാവനയുടെ അപാരസുന്ദരനിലാകാശം”എന്നു കൊട്ടിഘോഷിച്ചു “വല്ല്യ പുള്ളിയാകാന്‍ “ഞാനില്ല.വയിച്ചു മനസ്സിലായതിനു അപ്പുറത്തു ,അതിലും വലിയ അര്‍ഥങ്ങള്‍ ചമച്ചുകൊടുക്കാന്‍ പാകത്തില്‍ മഹത്തരമായി ഒരു സ്രുഷ്റ്റിയാണിതെന്നു എനിക്കു തോന്നുന്നുമില്ല.അവസാനത്തെ നാലുവരിയിലാണ് ഈ “മഹത്തരം “ഉറഞ്ഞിരിക്കുന്നതു എങ്കില്‍ അതു കഷ്ടം എന്നല്ലാതെ എന്തു പറയാന്‍.

ദിനേശന്‍ വരിക്കോളി said...

പറയാതെ കിടന്നഓരോവാക്കും വായനക്കാരനില്‍ പൂര്‍ണമാകും വിധം ഒരു വരി വിനോദ് ഒഴിച്ചിടുന്നുണ്ട്