Wednesday, January 02, 2008

ഹേമന്തത്തില്‍ ഒരു രാത്രികാല തിരക്കഥയില്‍

രാത്രി
വെളുത്ത ശലഭങ്ങളെ
താഴേക്ക്
പറത്തിക്കൊണ്ടിരുന്നു.

ഇരുട്ടിന്റെ
തണുത്ത
സ്ക്രീന്‍ സേവര്‍
മഞ്ഞ് മഞ്ഞ് എന്ന്
മിടിച്ചുകൊണ്ടിരുന്നു.

വളവുതിരിഞ്ഞ്
ഒറ്റയ്ക്കുവന്ന കാറിന്റെ
നെറ്റിവെളിച്ചം
വീശിയനങ്ങിയ നൊടിയില്‍

സേവ് ചെയ്തതല്ലാത്ത
തണുത്ത ദുരൂഹത
നീല ജാക്കറ്റിട്ട രൂപത്തില്‍
‍താനേ തുറന്നുവന്നു.

ചുണ്ണാമ്പ് ചോദിക്കരുത്
എന്റെ കയ്യിലില്ല എന്ന്
ക്ലിക്ക് ചെയ്തപ്പോഴേക്കും
കാറ് അകന്നുപോയി.

നീലജാക്കറ്റിട്ടൊരു
സാധാരണ പെണ്‍കുട്ടി
മരിച്ചവരും ശലഭങ്ങളും
ഉപയോഗിക്കാത്ത
റോഡിലൂടെ
കാലമര്‍ത്തി നടന്ന്
കടന്നുപോയി.

19 comments:

Pramod.KM said...

വഴിയരികില്‍ ചുണ്ണാമ്പും താംബൂലവുമായി നില്‍ക്കുന്ന അവള്‍ ആരാണ്:)
കൊറിയയിലെ മഞ്ഞത്ത് നന്നായി ഇറങ്ങിനടന്നെന്നു തോന്നുന്നു.
നന്നായി ഈ തിരക്കവിത.:)

ജ്യോനവന്‍ said...

സേവുചെയ്തതല്ലാത്ത ആ തണുത്ത ദുരൂഹത
ഒറ്റ'ക്ലിക്കില്‍'
നീല ജാക്കറ്റിട്ട സാധാണ പെണ്‍കുട്ടിയായി
കാലമര്‍ത്തി നടന്നുപോകവെ
എഴുതിവച്ച രാത്രികാല തിരക്കഥയായി
ഒരു ഹേമന്തപുഷ്പം കൂടി വിരിഞ്ഞു.
ദുരൂഹതയെ തിരിച്ചുനടത്തിവിട്ട
ആ 'ക്ലിക്കില്ലേ'
ആ റോഡും.
അതിസുന്ദരമായ ഭാവന.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ബൂട്ടിങ് ആണല്ലേ കവ്വിതയാക്കിയത്‌

Roby said...

പോപ്-അപ് ബ്ലോക്ക് ചെയ്യാത്തതല്ലേ കുഴപ്പം...വീട്ടുകാരോടു പറയട്ടെ...?

(മഞ്ഞ് തലയ്ക്കു പിടിക്കുമോ..!!)

ശ്രീ said...

ഇതും രസമായി.
:)

നിലാവര്‍ നിസ said...

കവിതയും സാങ്കേതികതയും മഞ്ഞും രാ‍ത്രിയു, എന്ന പോലെ.. നന്നായിട്ടുണ്ട്..

Sandeep PM said...

മോരും മുതിരയും തമ്മില്‍ ചേര്ത്തു കലക്കിയ ഈ ഭാവനയ്ക്ക് അഭിനന്ദനങ്ങള്‍

420 said...

നല്ല ഭംഗി..

അനിലൻ said...

ഇങ്ങനെ നിന്റെ കവിത ഞാന്‍ കണ്ടിട്ടേയില്ല.

വൃശ്ചികമാസമാണ്
ഉമ്മറത്ത് തണുത്ത നിലത്ത് കിടന്ന് ഞാനൊരു യക്ഷിക്കഥ കേള്‍ക്കുന്നു.

തണുപ്പ്, ഇരുട്ട്....

ഭയം വരുമ്പോഴുണ്ടാവുന്ന കോരിത്തരിപ്പ് തന്നെയാണോ യക്ഷി ഉടലില്‍ തൊടുമ്പോഴുമുണ്ടാവുക?

ടി.പി.വിനോദ് said...

പ്രമോദേ..:)

ജ്യോനവന്‍, നന്ദി..

പ്രിയ, ജീവിതം ചിലനേരത്ത് കവിതയിലേക്ക് ബൂട്ട് ചെയ്യാറുണ്ട് അല്ലേ?

റോബി...:)

ശ്രീ, നന്ദി, സന്തോഷം..

നിലാവര്‍ നിസ, കവിത നന്നായി സംവദിച്ചു എന്നറിയുന്നത് വളരെ സന്തോഷം..

ദീപു, നന്ദി സുഹൃത്തേ..

വി.ആര്‍. ഹരിപ്രസാദ്, വായനയ്കും അഭിപ്രായത്തിനും വളരെ നന്ദി.

അനിലേട്ടാ,എഴുതിയെങ്കിലും അതിജീവിക്കാന്‍ നോക്കണമല്ലേ ജീവിതം തരിച്ചുപോകുന്ന ചില സമയങ്ങളെ..?

ഏറുമാടം മാസിക said...

വ്യത്യസ്തമായ രചന

umbachy said...

സേവ് ചെയ്തൂട്ടൊ...

aneeshans said...

ഇതെന്താ ഒരു വഴി വിട്ട നടത്തം, എന്തോ ഉണ്ട് :)/
എവിടെ പോയതാരുന്നു മഞ്ഞത്ത് ?
ഒരു ഓ ടോ ഇട്ടോളൂട്ടാ

ഏറനാടന്‍ said...

മനോഹരം..
മനക്കണ്ണില്‍ കണ്ടു ഞാന്‍
ആ രംഗം കളര്‍‌ഫുള്‍ ആയിതന്നെ
തിരക്കഥ അഭ്രപാളിയില്‍...

[ nardnahc hsemus ] said...

നീലജാക്കറ്റിട്ടൊരു
സാധാരണ പെണ്‍കുട്ടി
മരിച്ചവരും ശലഭങ്ങളും
ഉപയോഗിക്കാത്ത
റോഡിലൂടെ
കാലമര്‍ത്തി നടന്ന്
കടന്നുപോയി.

അഡ്രസ്സിയെ തിരയുന്ന
മെയില്‍ പോലെ..

:)

ഗിരീഷ്‌ എ എസ്‌ said...

മനോഹരമായ എഴുത്ത്‌
ആശംസകള്‍

Latheesh Mohan said...

കവിതയില്‍ ദുരൂഹത കൂടുന്നുണ്ടു കേട്ടോ. ദുരൂഹതയുടെ കോപ്പിറൈറ്റ് എടുത്തു വെക്കേണ്ടി വരുമെന്നാണു തോന്നുന്നത് ;)

എനിക്കിഷ്ടപ്പെട്ടു.

ടി.പി.വിനോദ് said...

നാസര്‍, നന്ദി..

ഉമ്പാച്ചി, എന്റെ കയ്യില്‍ നിന്ന് ഡിലീറ്റായിപ്പോവുമ്പോ തരണേടാ...:)

ആരോ ഒരാള്‍, ഇല്ലില്ല, ഓ.ടോ വിട്ടുതരുന്ന പ്രശ്നമില്ല...:):)

ഏറനാടന്‍, ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം, നന്ദി..

സുമേഷ് ചന്ദ്രന്‍, ആ വായിച്ചുനീട്ടല്‍ എനിക്ക് വല്ലാതെയിഷ്ടമായി...നന്ദി.

ദ്രൌപദി, നന്ദി, സന്തോഷം..

ലതീഷ് , നന്ദി..:)

ഭൂമിപുത്രി said...

സൈബര്‍കാലങ്ങളിലെ
മായാവിഭ്രമങ്ങള്‍..
അതിലൊരു ചുണ്ണാമ്പ്വിരല്‍ വീഴാനേ ഉണ്ടായിരുന്നുള്ളു
കാലം കാതങ്ങളോളം
പുറകോട്ട് നടക്കാന്‍.