Thursday, January 17, 2008

പ്രേതാവിഷ്ടം

തലകീഴായി മറിഞ്ഞ്
ഭൂമിയിലേതല്ലാത്ത
സമയം പറയുന്ന
ടൈംപീസും

നെടുനീളത്തില്‍
നിലം‌പൊത്തി
ഒടിഞ്ഞുലഞ്ഞ പുസ്തകങ്ങളെ
ശര്‍ദ്ദിച്ചുകൊണ്ടിരുന്ന
അലമാരയും

വളഞ്ഞുമടങ്ങിയുറങ്ങുന്ന
ആളുകളില്‍ നിന്ന്
ശരീരമപ്പാടെ
ആവിയായ മട്ടില്‍
അങ്ങുമിങ്ങും കാണപ്പെട്ട
ഉടുപ്പുകളും

കുടിക്കാന്‍ വെച്ച വെള്ളം
മറിഞ്ഞ് പടര്‍ന്ന തറയും

വീണുപൊളിഞ്ഞ്
പേടിയെ പലരൂപത്തില്‍
പേടിപ്പെടുത്തും വിധം
പ്രതിഫലിപ്പിച്ച
കണ്ണാടിയും ചേര്‍ന്ന്

സ്വപ്നത്തിന്റെ നരകവെളിച്ചം
ഉറക്കത്തിന്റെ
കണ്ണില്‍ കുത്തിയപ്പോള്‍
ഭൂകമ്പത്തിലെന്നോണം
കുലുങ്ങിയുണര്‍ന്നു.

മുറിയിലെ വെളിച്ചത്തിന്റെ
സ്വിച്ച് കാണാതെ
തപ്പിത്തടഞ്ഞ്
കൈകാലുപിഴച്ച്
തൊട്ടതെല്ലാം വീഴിച്ച്
ഉഴറിയുലയുമ്പോള്‍

നോക്ക് വിഡ്ഢീ,
നിന്നെക്കൊണ്ട് ഞാനെന്റെ
ഫോട്ടോകോപ്പിയെടുപ്പിക്കുന്നത്
നോക്കി നീ കാണെന്ന്
പാതിയില്‍ പൊലിഞ്ഞ സ്വപ്നത്തിന്റെ
പ്രതികാരദാഹിയായ പ്രേതം.

24 comments:

ശ്രീ said...


വളഞ്ഞുമടങ്ങിയുറങ്ങുന്ന
ആളുകളില്‍ നിന്ന്
ശരീരമപ്പാടെ
ആവിയായ മട്ടില്‍
അങ്ങുമിങ്ങും കാണപ്പെട്ട
ഉടുപ്പുകളും...”

നന്നായിട്ടുണ്ട്.
:)

ശെഫി said...

ലാപൂടയുടെ കവിതകള്‍ പലപ്പോഴും ഒരു ചിത്രം കാണുമ്പോലെയാണ്‌. കാഴ്ചകളെ അപ്പാടെ പകര്‍ത്തി തരുന്നു.

ഇതും പതിവു പോലെ നന്നായിരുന്നു,

അഭയാര്‍ത്ഥി said...

ഹൃദയം ദുര്‍വ്വാഹമാം ദുഖത്താല്‍ പിടയുമ്പോള്‍
അദയാദ്ധ്വാനങ്ങള്‍ ചെയ്തെന്നെ ഞാന്‍ തളര്‍ത്തുന്നു
ശരീരം പോയ്‌ വീഴുന്നു വിരിപ്പിന്മേല്‍
പ്രാണനൊ നൈര്‍ബ്ബല്യാന്ധ നിദ്രയെ പുല്‍കീടുന്നു
നീര്‍വാര്‍ന്നാല്‍ തുപ്പും ചക്കിന്‍
കല്‍ച്ചക്രം കരിമ്പിനെ
നീയെന്തെ തുപ്പാത്തതീ നീര്‍ വാര്‍ന്നോരാല്‍മാവിനെ....

എന്‍ വി യുടെ ഒരു കവിതയാണ്‌ സമാനമായ ഒരു ചിന്താഗതിയുടെ.
നന്നായിരിക്കുന്നു എന്ന്‌ പറയില്ലല്ലൊ കവിതയെ- അനുഭവിപ്പിക്കുന്നു എന്ന്‌ പറയാം.

ജ്യോനവന്‍ said...

ജീവിതം തന്നെ നരകാവശിഷ്ടം എന്ന ഫോട്ടോ കോപ്പി!
ലാപുട കവിതകള്‍ മൗലികതയുടെ അങ്ങേ തലപ്പാണ്.
ഏറെ ഇഷ്ടപ്പെടുന്നു.

പോങ്ങുമ്മൂടന്‍ said...

പതിവു പോലെ നന്നായിട്ടുണ്ട്.
:)

വി.ആര്‍. ഹരിപ്രസാദ്‌. said...

ഇഫെക്ടീവ്‌.. ഇഫെക്ടീവ്‌..
:)

നിലാവര്‍ നിസ said...

വാക്കുകള്‍ കൊണ്ട് ഒരു പെയിന്റിങ്ങ്, പെയിന്റിങ്ങിനുള്ളിലെ ആഴങ്ങള്‍.. ആഴങ്ങള്‍ക്കുള്ളില്‍ തെന്നിമറയുന്ന കാഴ്ചകള്‍.. അതു കൊണ്ട് തന്നെ വീണ്ടും വായിക്കാന്‍ തോന്നുന്നു..

ഉമ്പാച്ചി said...

ഭയന്നു പോയി.

സുമേഷ് ചന്ദ്രന്‍ said...

ഓരോന്നു പറഞ്ഞ് പറഞ്ഞ് മനുഷ്യനെ പ്രേതപ്പെടുത്തല്ലെ മാഷെ!

:)

(വാക്കുകള്‍ക്ക് അതിമനോഹരമായ ഭീകരത്വം പകരുവാന്‍ കഴിയുന്നു. എന്നിട്ടും, ആ ഫോട്ടോകോപി പദം ചേര്‍ത്ത് വായിയ്ക്കുമ്പോള്‍ എന്റേതുമാത്രമായ ഒരു അലോസരം തോന്നി!)

akberbooks said...

വല്ലപ്പോഴും സന്ദര്‍ശിക്കുക
akberbooks.blogspot.com
ഒരു മലയാളി കൂട്ടം

വേണു venu said...

കവിത നല്ല രീതിയില്‍‍ അനുഭവിച്ചു. :)

Inji Pennu said...

ഹൌ!

ഭൂമിപുത്രി said...

ഇങ്ങിനെയുമൊരു സ്റ്റില്‍ലൈഫ് പെയിന്റിങ്ങ്!
സ്വപ്നപ്രേതം പറഞ്ഞതുപോലെ ചെയ്തു,അല്ലേ?
അഭിനന്ദനങ്ങള്‍!എന്നാലും തോന്നി,ആ ചിത്രംവരച്ചു അവിടെനിര്‍ത്തിയിരുന്നെങ്കില്‍ കുറേക്കൂടി നന്നായേനെയെന്നു.

റോബി said...

സാധാരണ വിനോദിന്റെ കവിതകള്‍ വായിക്കാനൊരുങ്ങുന്നതു പോലെ തലച്ചോറിനുള്ള ഒരു കൊട്ട് പ്രതീക്ഷിച്ച് തയ്യാറെടുത്തു തുടങ്ങി...

പക്ഷെ കൊട്ടു കിട്ടിയത് മറ്റെവിടെയോ ആണ്...മനസ്സില്‍..?

ഇത് മുന്‍ കവിതകള്‍ പോലെ സെറിബ്രല്‍ ആയി തോന്നിയില്ല. പക്ഷെ എഫക്ടീവ് ആണ്. കുറെ വിഷ്വല്‍‌സ്..അതില്‍ നിന്നും തീ നാക്കു പോലെ എന്തോ പുറത്തേയ്ക്കു നീളുന്നു.

nalan::നളന്‍ said...

റോബി പറഞ്ഞത് തന്നെ..
തലച്ചൊറിലെ കൊട്ടുകളെക്കാല്‍ മൂര്‍ച്ചയുള്ളതീ ചിത്രങ്ങള്‍ക്കു തന്നെ

അനിയന്‍സ് അഥവാ അനു said...

മൊത്തത്തില്‍ പേടിപ്പിക്കുന്ന ഒരു ചിത്രം കണ്ടതുപോലെ... പൊന്നു ലാപുടാ, നിങ്ങള്‍ ഒന്നുകില്‍ ഇത്ര കുത്തിക്കയറുന്ന ഭാഷയില്‍ എഴുതരുത്, ഇതിപ്പൊ ഓരോന്നായി മനസ്സില്‍ വരച്ചുവച്ചപ്പോള്‍തന്നെ ഭയന്നുപോയി...
നന്നായി എന്ന് ഇനി വേറെ പറയേണ്ടല്ലോ, ല്ലേ..

ഏ.ആര്‍. നജീം said...

'നിന്നെക്കൊണ്ട് ഞാനെന്റെ
ഫോട്ടോകോപ്പിയെടുപ്പിക്കുന്നത്"

പലരും അഭിപ്രായപ്പെട്ടത് പോലെ ഒരു നല്ല ചിത്രത്തിന്റെ കളര്‍ ഫോട്ടോസ്റ്റാറ്റ് പോലെ മനോഹരം...

വെള്ളെഴുത്ത് said...

പാതിയില്‍ പൊലിഞ്ഞ പ്രതികാരദാഹിയായ ഒരു സ്വപ്നത്തിന്റെ ഫോട്ടോകോപ്പി...മുകളില്‍ നിന്ന് താഴേയ്ക്ക് ?...സമാന്തരമായി? ലാപുടാ.. എന്നെ ഭയപ്പെടുത്തുന്നത് താങ്കളുടെ സ്ഥലസങ്കല്പമാണ്. അതെന്താണെന്ന് ഇനിയും തിരിഞ്ഞു കിട്ടിയിട്ടില്ലെങ്കിലും. സ്ഥലപരമായ രൂപകത്തെക്കുറിച്ച് ദെല്യൂഷ് ആണെന്നു തോന്നുന്നു എഴുതിയിട്ടുണ്ട്.അതൊന്നു വിളക്കുവച്ചു വായിക്കട്ടെ. അഭയാര്‍ത്ഥീ എന്‍ വിയുടെ കവിതയുമായി ഈ കവിതയിലെ ചിന്താഗതിയെ എങ്ങനെയാണ് ബന്ധിപ്പിക്കാന്‍ കഴിയുക? ‘ആത്മാവിനെ തുപ്പുക’ എന്ന മരണാഭിലാഷത്തിലോ?

നീലിമ said...

kavitha kollaam

ദീപു said...

നെഞ്ചിന്‍കൂടിനകത്തേക്ക്‌ ആരോ കൈ നീട്ടി ഹൃദയത്തെ പിഴിഞ്ഞെടുത്തത്‌ പോലെ.
ക്രൂരമായി പോയി. :)

ലാപുട said...

ശ്രീ, നന്ദി..:)

ശെഫി,വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

അഭയാര്‍ത്ഥി, സന്ദര്‍ശനത്തിനും കമന്റിനും വളരെ നന്ദി. എന്‍.വി യുടെ കൊച്ചുതൊമ്മനൊഴിച്ച് മറ്റൊന്നും ഞാന്‍ വായിച്ചിട്ടില്ല. എന്‍.വി യുടെ കവിതയ്ക്ക് ഇങ്ങനെയും ഭാവപ്പകര്‍ച്ചകളുണ്ടായിരുന്നു എന്ന് ഈ വരികള്‍ വായിച്ചപ്പോഴാണ് അറിയുന്നത്. നന്ദി..

ജ്യോനവന്‍, നന്ദി..

പോങ്ങുമ്മൂടന്‍, നന്ദി..

വി.ആര്‍.ഹരിപ്രസാദ്, നന്ദി, സന്തോഷം..

നിലാവര്‍ നിസ, കവിത പുനര്‍വായനക്ക് വിഷയമായി എന്നറിയുന്നത് സന്തോഷം. നന്ദി..

ഉമ്പാച്ചീ, :)

സുമേഷ് ചന്ദ്രന്‍, പ്രേതപ്പെടുത്തല്‍ എനിക്ക് ബോധിച്ചു...:)

അക്ബര്‍ ബുക്സ്, താങ്കളുടെ സംരംഭത്തിന് നന്മകള്‍ നേരുന്നു.

വേണൂജീ, നന്ദി..:)

ഇഞ്ചി, :)

ഭൂമിപുത്രി, അവസാന ഭാഗം ഒഴിവാക്കിയാല്‍ വലിയൊരു പോയിന്റ് നഷ്ടമാവുമെന്ന് തോന്നി..ഒരു പക്ഷേ എന്നെക്കൊണ്ട് ഇതെഴുതിക്കാന്‍ തന്നെ കാരണമായ ഒന്ന്..എഴുതിത്തീര്‍ത്തപ്പോള്‍ എന്തോ പിശകുകള്‍ വന്നിട്ടുണ്ടാവും..അതായിരിക്കും ആ ഭാഗം അത്ര അപ്പീലിംഗ് അല്ലാഞ്ഞത്...

റോബി, തീനാക്ക്...:)

നളന്‍ മാഷേ, നന്ദി, സന്തോഷം..:)

അനിയന്‍സ്, :)

ഏ.ആര്‍ നജീം, വായന്യ്ക്കും അഭിപ്രായത്തിനും വളരെ നന്ദി..

വെള്ളെഴുത്ത്, സമാന്തരതയെ അല്ലായിരുന്നു, ചാക്രികതയെയായിരുന്നു എഴുതിയെത്തിക്കാന്‍ നോക്കിയത്. എന്തോ പിഴച്ചിട്ടുണ്ട് എന്ന് ശങ്കയുണ്ട് ഇപ്പോ..:)ദെല്യൂഷിന്റെ കാര്യം വയിച്ച് കഴിഞ്ഞ് പറഞ്ഞു തരൂ...

നീലിമ, നന്ദി.

ദീപു, :)

Pramod.KM said...

അവസാനത്തെ ഖണ്ഡിക വായിച്ചപ്പോള്‍ ഒന്നുകൂടി വായിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഉഗ്രന്‍:)

kichu said...

"പാതിയില്‍ പൊലിഞ്ഞ സ്വപ്നത്തിന്റെ
പ്രതികാരദാഹിയായ പ്രേതം."

നല്ല കവിത.. ആശംസകള്‍.

Siji said...

manOharam...