Monday, March 17, 2008

ക്യൂ

എന്തെങ്കിലും
തിരിച്ചുപിടിക്കാനുള്ള
ക്യൂവിലാണെന്ന്
വെറുതെ വിചാരിക്കുക.

നേരായിട്ടും കാണുമന്നേരം
മുന്നിലും പിന്നിലും
നീ തന്നെ
നിരനില്‍ക്കുന്നത്.

മുന്നില്‍ നിന്ന് നീയൊഴിഞ്ഞ്
നിരനീളം കുറയുമ്പോള്‍
‍നിന്റെയൊരൂഴത്തിന്
പുതുശ്വാസം വരുന്നത്.

എപ്പൊഴെത്തുമോയെന്ന്
പിന്നിലെ നീയാകെ-
യങ്കലാപ്പാവുമ്പോള്‍,

ഒട്ടുമുന്നില്‍ നിന്നുമൂറിയൂറി
ഉറിയുടെ പഴംചിരി
നീയേ ചിരിപ്പത്.

വെറുതെ വിചാരിക്ക്
നീയവിടെ നില്‍ക്ക്
ഞാനിവിടെ നില്‍ക്കുന്നു.

ഊഴം വരുന്നേരം
നേരിട്ടുകാണാം.

37 comments:

സുധീർ (Sudheer) said...

മുഴുവനങ്ങു ദഹിച്ചില്ല.
വരിയില്‍ നില്‍ക്കുന്നവരുടെ മനസ്സ്?
തിരിച്ചു പിടിയ്ക്കാനുള്ളവരുടെ പാച്ചിലിലെ വ്യര്‍ത്ഥത?എന്തായാലും വിശദീകരണം ആവശ്യമില്ല.
ചിലപ്പോള്‍ മനസ്സ്സു തന്നെ കുരുക്കഴിക്കുമായിരിക്കും.

ജ്യോനവന്‍ said...

നഷ്ടപ്പെട്ടതിനെയാണ് തിരിച്ചുപിടിക്കാനൊക്കുക.
ശരിയാണ്, അപ്പോള്‍ മുന്നിലും പിന്നിലും നിന്നു വെറുതെ വിചാരം കൊണ്ടതില്‍ ഒരു 'നീ'യെ ഒടുവില്‍ എനിക്കു വിട്ടുതന്നു!
നന്ദി.
:)

[ nardnahc hsemus ] said...

എക്സ്‘ക്യൂ’സ് മീ,
വിനോദ്, പറഞ്ഞ് പറഞ്ഞ്, പോസ്റ്റിട്ടതിനു നന്ദി :)

എന്നിട്ടും കവിത വായിയ്ക്കാന്‍ നേരമില്ല,
ഞാന്‍ ‘ക്യൂവില്‍‘ എന്നോട് തന്നെ മുന്നോട്ടും പിന്നോട്ടും മത്സരിച്ചുകൊണ്ടിരിയ്ക്കയാണ്..

ഊഴം വരുന്നേരം വായിച്ചോളാം!
:)

Pramod.KM said...

നല്ല മുറുക്കം.:)കാത്തിരിക്കുമ്പോള്‍ എല്ലാവരും ഇങ്ങനെ തന്നെ ആണ് ചിന്തിക്കുക അല്ലെ?

ശ്രീ said...

പതിവു കവിതകള്‍ പോലെ ആയില്ലേന്നൊരു സംശയം. (എനിയ്ക്കു മുഴുവനും മനസ്സിലായില്ലാ എന്നേ ഞാനുദ്ദേശ്ശിച്ചുള്ളൂട്ടോ)

Sanal Kumar Sasidharan said...

എന്തെങ്കിലും തിരിച്ചുപിടിക്കാനുള്ള ക്യൂവില്‍
എനിക്കുമുന്നിലും പിന്നിലും നടുവിലും ഞാന്‍ തന്നെ നില്‍ക്കുന്ന ക്യൂ.ഞാന്‍ സ്വയം തന്നെ ഒരു ക്യൂ.ഊഴം വരുവോളം എന്റെ മുന്നിലുള്ള എന്റ്റെ പിന്നിലായി കാത്തിരിക്കുന്ന ഞാന്‍.പിരിഞ്ഞുപിരിഞ്ഞ് ഒന്നായിത്തീരുന്ന കയറുപോലുള്ള ഞാന്‍,നീ,നമ്മള്‍...പിരിയുന്തോറും മുറുകുന്ന ഈ പ്രതിഭാസം കൂഴൂരിന്റെ ചിലകവിതകളിലായിരുന്നു ഏറെ കണ്ടിരുന്നത്.
നന്നായെന്നോ മറ്റോ പറയുന്നത് അധികപ്രസം‌ഗമാവും. :)

Sandeep PM said...

അങ്ങോട്ടും ഇങ്ങോട്ടും അവിടെയും ഇവിടെയും എല്ലായിടത്തും ഞാനാണ്‌... ഞാന്‍ മാത്രം എന്റെ ഭയം മാത്രം

നജൂസ്‌ said...

കാതിരിപ്പിനൊടുവില്‍ താന്‍ വന്നു. കാത്തിരിപ്പിന്റെ ഞാനുമായി.
ഒന്നുകൂടിവായിക്കട്ടെ. ഞാന്‍ ക്യൂവിലാണ്‌

വരാം

ഹരിയണ്ണന്‍@Hariyannan said...

ഞാനും ക്യൂവിലാണ്...

ഊഴം വരുന്നേരം
നേരിട്ടുകാണാം.

സജീവ് കടവനാട് said...

ക്യൂ കണ്ടപ്പ്പോള്‍ എന്തിനുള്ള ക്യൂവാണെന്നോ എങ്ങോട്ടുള്ള ക്യൂവാണെന്നോ നോക്കാതെ ഞാനും കയറി.പിന്നെ ക്യൂവില്‍ ഞാനെന്നെ തെരഞ്ഞു. ഏത് ഞാനാണ് ശരിക്കും ഞാനെന്ന് കണ്‍ഫടിച്ചു നില്‍ക്കുമ്പോള്‍ കണ്ടു

ഒട്ടുമുന്നില്‍ നിന്നുമൂറിയൂറി
ഉറിയുടെ പഴംചിരി
നീയേ ചിരിപ്പത്.

നിലാവര്‍ നിസ said...

വരികള്‍ക്കിടയില്‍ കാത്തിരിപ്പിനെ വായിക്കുന്നു..

Latheesh Mohan said...

വെറുതെ വിചാരിക്കാന്‍ മനസ്സില്ല.
ഇവിടെ നില്‍ക്കുന്നുമില്ല
ഊഴം വരില്ല :)

വി ഹാവ് മേഡ് എ പാക്റ്റ്, മൈ ഡിയര്‍ വാള്‍ട് വിറ്റ്മാന്‍.

:)

ശെഫി said...

ക്യൂ ഒരു ഏക വചനമയിരുന്നല്ലേ.ഒരാള്‍ ഒറ്റക്കൊരു ക്യൂവായിരുന്നു

പാമരന്‍ said...

വായിച്ചു.. ഇനി ആസ്വദിക്കട്ടെ..

ഗുപ്തന്‍ said...

ശരിയാണ്. ഞാനും ക്യൂവിലാണ്.

ടി.പി.വിനോദ് said...

സുധീര്‍, ദുര്‍ഗ്രഹത ഉണ്ട് അല്ലേ? ശരിയാക്കാന്‍ ശ്രമിക്കാം..

ജ്യോനവന്‍, നന്ദി..

സുമേഷ് ചന്ദ്രന്‍..:)

പ്രമോദേ, മുറുകിയിരിപ്പിനെ വേണമെങ്കില്‍ അയഞ്ഞുതൂങ്ങുന്നതിനുമുമ്പുള്ള കാത്തിരിപ്പെന്ന് വിളിക്കാം..:)

ശ്രീ, കുറേക്കൂടി നന്നാക്കാമായിരുന്നെന്ന് എനിക്കും തോന്നുന്നുണ്ട്..:)

സനാതനന്‍, നല്ല വായനക്ക് വളരെ നന്ദി..

ദീപു, അതെ ശരിയാവണം, പേടികളെ സ്ഥാപിച്ചെടുക്കാനായി ഒരുപാട് ക്യൂവിലൂടെ നിരങ്ങിനിരങ്ങിയാണ് നമ്മള്‍...

നജൂസ്, നന്ദി, സന്തോഷം..

ഹരിയണ്ണന്‍, നന്ദി, വീണ്ടും വരൂ...:)

കിനാവ്, ഉള്ളതു പറഞ്ഞാല്‍...അല്ലേ? :)

നിലാവര്‍ നിസ, നന്ദി.

ലതീഷ് മോഹന്‍, ഉടമ്പടിയുടെ ഇരുപുറത്തുനിന്നും നമ്മള്‍ ബുദ്ധിയിലേക്ക് ക്യൂ നില്‍ക്കുമാറാകട്ടെ..:) [എന്നാലും പാവം വിറ്റ് മാന്‍..:)]

ശെഫി, അതെ അങ്ങനെയാവാനേ വഴിയുള്ളൂ..

പാമരന്‍, നന്ദി, സന്തോഷം..

ഗുപ്തന്‍...:)

Roby said...

വിനോദിന്റെ കവിത വായിക്കുന്നത്‌ സിഐഡി പണിയാകണമെന്ന മുന്‍ധാരണയില്‍ ഇന്നലെ ആദ്യം കണ്ടപ്പോള്‍ ബുദ്ധി കൊണ്ടു വായിച്ചു.
ഒരിടത്തുമെത്തിയില്ല്ല..:)
ഇന്നു രാവിലെ ഒന്നു വായിച്ചപ്പോള്‍ പുതിയൊരു വെളിച്ചം.
ഇനി നാളെ ഒന്നു കൂടി നോക്കണം..:)

അഭിലാഷങ്ങള്‍ said...

ശരിയാണ്. ഞാനും ക്യൂവിലാണ്.

ഇവിടെ...ഗുപ്തന്റെ തൊട്ടു പിറകില്‍.

ങേ..! അതിനിടയില്‍ ഇതേതാ ഒരു റോബി ഇടക്ക് കയറിയത്? ക്യൂ‍ പാലിക്കൂ മാഷേ...:-)

ഓഫ്: ലാപുട, ഇന്ന് ഇയാളുടെ കവിതകള്‍ കുറേ വായിച്ചു. ഈ ബ്ലോഗ് ഞാന്‍ എങ്ങിനെ മിസ്സാക്കി എന്നറിയില്ല. “ഗ്രാമത്തിന്‍ വിശുദ്ധിയും മണവും മമതയും ഇത്തിരി കൊന്നപ്പൂവും എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഒരു മലയാളി“ യാണ് എന്നെ ഇവിടെ എത്തിച്ചത്. രണ്ടാള്‍ക്കും ആശംസകള്‍...ഇവിടെ വന്ന് ചില പഴയ അടിപൊളി രചനകള്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു.

:-)

Unknown said...

ക്യൂ ഒരു കാലത്ത് സാഹിത്യത്തിനേയും സിനിമയേയും മഥിച്ച പ്രശ്നമായിരുന്നു..യാരോ ഒരാളില്‍ ഒന്നിനുമല്ലാതെ ക്യൂ നില്‍ക്കുന്ന ആളുകളെ കാണിക്കുന്നുണ്ട്..ജി.കുമാരപിള്ളയുടെ ഒരു കവിതയില്‍ ജാഥയെ നീണ്ട ക്യൂ ആയി സങ്കല്‍പ്പിച്ചിട്ടുണ്ടെന്നു തോന്നുന്നു..റഷ്യയുടെ സാമന്തരായിരുന്ന കാലത്ത്, കിഴക്കന്‍ യൂറോപ്പ്യന്‍ കവികള്‍ മിക്കവരും ക്യൂ വിന്റെ നേര്‍ രേഖ കൊണ്ട് പലതും എഴുതാന്‍ ശ്രമിച്ചിട്ടുണ്ട്..അധികാരത്തെ,ആശ്രിതത്വത്തെ,റെജിമന്റേഷനെ..അങ്ങനെയങ്ങനെ..സ്വത്വം നൂറുനൂറായിപ്പിളര്‍ന്നു കിടക്കുന്ന കാലത്ത് ആന്തരികവല്‍ക്കരിക്കപ്പെട്ട ക്യൂവിനെ അഭിമുഖീകരിക്കാന്‍ ശ്രമിച്ചത് നന്നായി..ഒരു പക്ഷെ ഈ കവിത തുടരും..മറ്റു രൂപങ്ങളില്‍..ഇത് അത്ര പെട്ടെന്ന് വിട്ടുപോകില്ല

ഭൂമിപുത്രി said...

ഒടുങ്ങാത്ത ക്യൂ!
മടുത്താലും മാറാന്‍ വയ്യല്ലൊ..

Sanal Kumar Sasidharan said...

ലാപുടാ,
ഞാന്‍ രണ്ടു ദിവസം കൊണ്ടു നടന്ന ഒരു സംശയത്തെ
“പ്രമോദേ, മുറുകിയിരിപ്പിനെ വേണമെങ്കില്‍ അയഞ്ഞുതൂങ്ങുന്നതിനുമുമ്പുള്ള കാത്തിരിപ്പെന്ന് വിളിക്കാം..:)“ ഈ മറുപടിയിലൂടെ ദൂരീകരിക്കാന്‍(അല്ലെങ്കില്‍ എന്റെ നിഗമനത്തെ ബലപ്പെടുത്താന്‍ സഹായിച്ചു താങ്കള്‍.സന്തോഷം.
എന്തിനാണ് ഊറിയൂറിച്ചിരിച്ച് ഒരു ഉറി കവിതയില്‍ സ്ഥാനം പിടിച്ചതെന്ന് ഞാന്‍ വെറുതേ ആലോചിച്ച് ലഹരിപിടിക്കുകയായിരുന്നു.
എന്റെ നിഗമനങ്ങള്‍ ഇവയായിരുന്നു.
1.ഉറി ഒരു ക്യൂ ആണ്.ലം‌ബമായ ഒരു ക്യൂ.
2.അവിടെ ഒന്നിനുപിന്നില്‍ മറ്റൊന്നായല്ല കാത്തിരുപ്പ്/നില്‍പ്പ്/കിടപ്പ്.ഒന്നിനുമുകളില്‍ മറ്റൊന്നായാണ്.നമ്മുടെതന്നെ അഭിനിവേശങ്ങളുടെ ക്യൂവും ഇങ്ങനെയാണ് ഒന്നിനുമുകളില്‍ ഒന്നായി.
3.ചിരി, ഊറിയൂറി ചിരി എന്നതിലെ ദീര്‍ഘം ചുരുങ്ങി ചുരുങ്ങി ഉറിയായിത്തൂങ്ങിയതുമാവാം.ചുരുങ്ങി ചുരുങ്ങി ഒന്നുമല്ലാതായി തീരുന്ന ജീവിതമാകാം ഈ ക്യൂ.
4.എനിക്കും എനിക്കും ഇടയില്‍ എന്തൊക്കെയോ ഉണ്ട്,തിരിച്ചറിയപ്പെടാത്ത ഞാന്‍ തന്നെയാണത്.അവയെ തിരിച്ചറിയപ്പെടുകയോ എടുത്തെറിയുകയോ,ചീഞ്ഞൊഴിയുകയോ ചെയ്യുന്നതുവരെ ഊഴം വരില്ല ഈ ആകാശത്തുനിന്നും ഭൂമിയില്‍ തൊടാതെ തൂങ്ങിക്കിടക്കുന്ന ഈ ക്യൂവിന്.

എന്റെ ലഹരി...ക്ഷമിക്കു..

ടി.പി.വിനോദ് said...

റോബി,അതാണ് ചില തരികിട ലേബലുകളെ നമ്പിയാലുള്ള ഗുണം..:):) ഇനിയും വായിക്ക് നീ, ഒരു ലേബലിലും തടയാതെ..

അഭിലാഷ്, വന്നതിലും വായിച്ചതിലും മിണ്ടിയതിലും വളരെ സന്തോഷം..ഇനിയും വരിക ഇവിടെ.

ഗോപിയേട്ടന്‍: അതെ, നില്‍പ്പ്, നില്‍പ്പ് എന്ന് സമയം മിടിച്ചുകൊണ്ടിരിക്കുന്നു. അതിനെ കാണുന്നതും കേള്‍ക്കുന്നതും അതില്‍ പങ്കെടുക്കുന്നതും തുടരുമെന്ന് തന്നെ തോന്നുന്നു..

ഭൂമിപുത്രി, മടുക്കുന്നവര്‍ക്ക് മാറിനില്‍ക്കാനുള്ളിടത്തും ക്യൂ...:)

സനാതനന്‍, ഉള്ളതുപറഞ്ഞാല്‍ ഉറിയും ചിരിക്കും എന്ന പഴഞ്ചൊല്ലില്‍ നിന്നായിരുന്നു അങ്ങനെ എഴുതാന്‍ തോന്നിച്ചത്. അതാണ് പഴംചിരി എന്നൊക്കെ ആരോപിച്ചത്. നിങ്ങള്‍ പറഞ്ഞപ്പോഴാണ് ഉറിയില്‍ അടങ്ങിയ മേലോട്ടുള്ള ക്യൂവിനെപ്പറ്റി ക്ലൂ കിട്ടിയത്. ആ വായനയും ചേരുന്നുവെന്ന് കാണുമ്പോള്‍ നല്ല സന്തോഷം.:)

Manoj | മനോജ്‌ said...

എന്തായാലും ഇത് ഇന്ത്യന്‍ ക്യൂ അല്ല, കണിശം
നുഴഞ്ഞു കയറ്റം, ചാടിക്കടക്കല്‍,
കൌണ്ടറില്‍ ഇരിക്കുന്നവന്റെ അളിയന്റെ അമ്മാവന്‍
സ്ഥലം റൌഡിയുടെ recommendation ഉള്ളയാള്‍...
തുടങ്ങി ചാടിക്കളി ഉള്‍പ്പെടാത്ത ക്യൂ ...
ഭാരത/കേരള ക്യൂ അല്ലതന്നെ!

പരിഷ്കാരി said...

ഇഷ്ടമായി.

വെള്ളെഴുത്ത് said...

എന്തെങ്കിലും പറഞ്ഞാല്‍ അത് അബദ്ധമാവുമെന്ന് എനിക്ക് ഒറപ്പൊണ്ട്.
ഇതു സാധാരണ ക്യൂവേ അല്ല. ഞാന്‍ ചെയ്യേണ്ടതെല്ലാം മുന്നിലും പിന്നിലും നില്‍ക്കുന്ന “നീ” ചെയ്യുന്നു. ഉള്ളതു പറഞ്ഞാല്‍ ചിരിക്കുന്ന ഉറിയുടെ ചിരി നീ ചിരിക്കുന്നു. നീ ആശ്വസിക്കുന്നതു ഞാന്‍ കാണുന്നു നീ അങ്കലാപ്പിലാവുന്നതും ഞാന്‍ കാണുന്നു. സമയം വരുമ്പോള്‍ ഞാന്‍ നിന്നെ നേരിട്ടുകാണാം എന്ന് ആശ്വസിക്കുന്നു. അപ്പോള്‍ അങ്ങനെ നേരിട്ടു കാണാനാണോ ഈ ക്യൂ. നീ ഞാന്‍ തന്നെയല്ലേ? എന്റെ ആല്‍ട്റ്റര്‍ ഈഗോയല്ലേ..? ഈ നേരിട്ടു കാണലാണൊ തിരിച്ചു പിടിക്കാനുള്ള സംഗതി? മൊത്തത്തില്‍ ഇതൊക്കെ വിചാരങ്ങളാണു താനും.(എന്റെ):)ഇങ്ങനെ കാര്യങ്ങള്‍ കുഴമറിയുന്നതു കൊണ്ട് എന്തെങ്കിലും പറഞ്ഞാല്‍ അതു അബദ്ധമാവും ഒറപ്പ്!

ടി.പി.വിനോദ് said...

മനോജ്, ഇവിടെ കൊറിയയില്‍ ഞാന്‍ കാണുന്ന ക്യൂ വുകള്‍ക്ക് ആക്രാന്തം നന്നേ കുറവാണ്..അതു കൊണ്ടാവും ഞാനെഴുതിയ ക്യൂവിന് ഒരു സാധു മട്ട്..:)

പരിഷ്കാരി, നന്ദി, സന്തോഷം.

വെള്ളെഴുത്ത്, ഈ കവിതകൊണ്ട് സാധ്യമായ ഏതാണ്ടെല്ലാ കുഴമറിച്ചിലുകളെയും ഊരിയെടുത്ത് ആ കമന്റില്‍ ഒട്ടിച്ച് വെച്ചിട്ടുള്ളതുകൊണ്ട് അതിനോട് എന്തെങ്കിലും പറഞ്ഞാല്‍ ഗുലുമാലാവുമോ എന്ന് എനിക്കും പേടി..:):)
നന്ദി...

സുധീർ (Sudheer) said...

"ഭൂമിപുത്രി, മടുക്കുന്നവര്‍ക്ക് മാറിനില്‍ക്കാനുള്ളിടത്തും ക്യൂ...:)"

ഇത് എന്നെ പഴയ ആ ‘സ്റ്റാലിന്‍ ഫലിതം‘ ഓര്‍മ്മിപ്പിച്ചു.എല്ലാവരും കേട്ടിട്ടുള്ളതായിരിയ്ക്കും
എന്നതു കൊണ്ട് എഴുതി അലമ്പാക്കുന്നില്ല.

GLPS VAKAYAD said...

ആദ്യമായാണ്,
വായിച്ചു ക്യൂവില്‍ ഒരുപാടു ദേഹങ്ങള്‍ക്കു പിന്നില്‍ നിന്ന്,ഇനിയും വരും മുടങ്ങാതെ

ടി.പി.വിനോദ് said...

സുധീര്‍, എന്താണാ സ്റ്റാലിന്‍ തമാശ? ഞാന്‍ കേട്ടിട്ടില്ല എന്നു തോന്നുന്നു..ധൈര്യമായി പറയൂ..:)

ദേവതീര്‍ത്ഥ, വന്നതിലും വായിച്ചതിലും അഭിപ്രായമറിയിച്ചതിലും വളരെ സന്തോഷം, നന്ദി.

സുധീർ (Sudheer) said...

(ഓര്‍മ്മയില്‍ നിന്നും എഴുതുന്നത്‌,വളരെ പണ്ട്‌ വായിച്ചത്‌)

സ്റ്റാലിന്‍ യുഗം.
കിരാത ഭരണം,ക്ഷാമം,
ദാരിദ്ര്യം.റഷ്യന്‍ ജീവിതത്തിന്റെ മുഖ
മുദ്രയാണ്‌ 'ക്യൂ'.എന്തിനും ഏതിനും ക്യൂ.

മോസ്കൊ നഗരം.ഒരു കഷ്ണം റൊട്ടിയ്ക്കായുള്ള ക്യൂവില്‍ ‍ആയിരങ്ങള്‍.വിശപ്പും ഏറെ നേരത്തെ
കാത്തു നില്‍പ്പും അവരെ അക്ഷമരാക്കുന്നുണ്ട്‌.
അവരില്‍ ഒരുവന്‍ ക്ഷമകെട്ട്‌,
'ഈ സ്റ്റാലിനെന്ന ദുഷ്ടനാണ്‌ ഇതിനെല്ലാം കാരണം.
അയാളെക്കണ്ട്‌ രണ്ട്‌ തെറി
പറഞ്ഞിട്ടു തന്നെ കാര്യം'

എന്ന് എല്ലാവരോടും വിളിച്ചുപറഞ്ഞ്‌ അവിടെ നിന്നും പോയി.ഒരു പത്തു മിനിട്ടു പോലുമായില്ല അതാ അയാള്‍ തിരിച്ചു വരുന്നു.
എന്തായി പോയ കാര്യം എന്നന്വേഷിച്ചവരോട്‌ പറഞ്ഞു:

'അവിടെ ഇതിലും വലിയ ക്യൂ,
അങ്ങോട്ട്‌ അടുക്കാന്‍ വയ്യ!'

(ഒരുപാട്‌ നീളം കൂടിപ്പോവും എന്നതുകൊണ്ടും,സരസമായ ഭാഷയില്‍ ഇത്‌
അവതരിപ്പിയ്ക്കാനുള്ള കഴിവു കേടുമാണ്‌ ആദ്യം
ഇത്‌ എഴുതുന്നതില്‍ നിന്ന് എന്നെ വിലക്കിയത്‌.അതു കൊണ്ട്‌ 'ബോറടിയുടെ ദൈവ'മെന്നോട്‌ മാപ്പു തരട്ടേ അല്ലേ?)

ടി.പി.വിനോദ് said...

സുധീര്‍, തമാശ രസിച്ചു..ഞാന്‍ മുന്‍പ് കേട്ടിട്ടില്ലായിരുന്നു..

ആ തമാശ ചില വിട്ടഭാഗങ്ങള്‍ പൂരിപ്പിക്കുന്നുമുണ്ടാവണം അല്ലേ..?

“ഞങ്ങള്‍ സ്വതന്ത്രരാണ്; അങ്ങനെ പറയാന്‍ പാര്‍ട്ടി ഞങ്ങള്‍ക്ക് അനുവാദം തന്നിട്ടുണ്ട് ”എന്ന് ഒരു റഷ്യന്‍ സഖാവ് പറഞ്ഞതായി കേട്ടിട്ടുണ്ട് വേറൊരു തമാശ..:)

സുധീർ (Sudheer) said...

വിട്ട ഭാഗങ്ങള്‍ പൂരിപ്പിയ്ക്കുന്നുണ്ട്,
നേരത്തെയെനിക്കുണ്ടായിരുന്ന കുരുക്കുകള്‍
അഴിയുകയും ചെയ്യുന്നുണ്ട്.

“ഞങ്ങള്‍ സ്വതന്ത്രരാണ്; അങ്ങനെ പറയാന്‍ പാര്‍ട്ടി ഞങ്ങള്‍ക്ക് അനുവാദം തന്നിട്ടുണ്ട് ”
ഇതു വായിച്ചപ്പോള്‍ വീണ്ടുമൊരോര്‍മ്മ:

“നിങ്ങളില്‍ ഭാര്യമാരെ പേടിയുള്ളവരെല്ലാം
എഴുന്നേറ്റു നില്‍ക്കുക” എന്ന വാക്കുകള്‍ കേട്ട്
സദസ്സിലെ എല്ലാവരും
എഴുന്നേല്‍ക്കുന്നു,ഒരുവനൊഴികെ.
ആണൊരുത്തനെങ്കിലുമുണ്ടല്ലോ എന്ന് ആശ്വാസം.
കൂടുതല്‍ തിരക്കിയപ്പോള്‍,”എന്റെ ഭാര്യ പറഞ്ഞിട്ടുണ്ട് ഒരു സദസ്സില്‍ എല്ലാവരും എണീറ്റു
നില്‍ക്കുമ്പോള്‍ നിങ്ങള്‍ ഇരിയ്ക്കണം” എന്ന്.

(ഒരു മുല്ലാ നസറുദ്ദീന്‍ കഥയെന്നു സംശയം,
കവിതയുടെ വിഷയത്തില്‍ നിന്നു പാളിയതിനു
ക്ഷമ ചോദിക്കുന്നു.)

തറവാടി said...

ഇവിടെയുള്ള
അവസാനത്തെ വരികളാണോ ഈ കവിതക്ക് പ്രചോദനം എന്നറിയാന്‍ ഒരാഗ്രഹം.

ടി.പി.വിനോദ് said...

സുധീര്‍, പുതിയ നുറുങ്ങും കൊള്ളാമല്ലോ..:)

തറവാടി, അതില്‍ നിന്ന് പ്രചോദിച്ചതല്ല ഇത്..
അവിടെ നടപ്പും ഇവിടെ നില്‍പ്പുമാണല്ലോ അല്ലേ? നില്‍പ്പിനെ നടപ്പിന്റെ വിപരീതമെന്ന് തന്നെ കാണാമല്ലോ വേണമെങ്കില്‍...?

താങ്കളുടെ വായനയ്ക്ക് അതും ഇതും ഒന്നില്‍നിന്നുരുവായതെന്ന് വിശ്വസിക്കാന്‍ ഇഷ്ടം തോന്നുവെങ്കില്‍ ഞാന്‍ ഇടപെടുന്നില്ല..

മൂര്‍ത്തി said...

ഓഫിനു മാപ്പ്

സ്റ്റാലിനെ തെറി പറയാന്‍ പോലും അവസരം ഉണ്ടെങ്കില്‍പ്പിന്നെ....ഭീകരമായ ഏകാധിപത്യം എന്നത് പൊളിയുന്നില്ലേ? ഈ തമാശേടെ തമാശ...

സുധീർ (Sudheer) said...

moorthy,

athoru thamsa mathram.
anigine sambhavangal undayal
avide veroru que koodi undaakum
kolamaravum (hang post) kaathu
nilkkunnavarude neenda nira.

(no malayalam soft in this system ,
sorry!)

Mahi said...

മുന്നിലും പിന്നിലുമുള്ള നീ, അങ്കിലാപ്പിലാവുകയും ഊറി ഊറി ചിരിക്കുകയും ചെയ്യുന്ന നീ, "അതി"ന്റെ നീയെന്ന ഭാവഭേദങ്ങള്‍(തത്വമസി).ഊഴം വരുമ്പോള്‍ നേരിട്ട്‌ കാണാമെന്ന്‌ പറഞ്ഞത്‌ നമ്മിലെ നമ്മെ തന്നെ കാണുന്നതിനെയാണൊ? പിരിഞ്ഞു പിരിഞ്ഞുള്ള എഴുത്തില്‍ തെളിയുന്നുണ്ട്‌ ജീവിതത്തിന്റെ ഗൌരവമാര്‍ന്നൊരുള്‍ വായന, കവിതയുടെ ലാളിത്യം കൈവിടാതെ തന്നെ