Sunday, April 20, 2008

ഒറ്റയ്ക്ക് കേള്‍ക്കുന്നത്

ഇയര്‍ഫോണിലേതോ
തബല പെയ്യുന്നു

കാതിലെ കാടുലച്ച്
പാട്ടുവീശുന്നു

ഒതുക്കത്തിലൊട്ടും
തുളുമ്പാതകത്തേക്ക്
തീര്‍ത്തും രഹസ്യമായ്
താളമിടിവെട്ടുന്നു

പുറമേയ്ക്ക് പകരാതെ
ഒറ്റയ്ക്ക് തീരുന്നു
തെളിവില്ലാതെത്രയോ
നനവുകാലങ്ങള്‍.

30 comments:

Pramod.KM said...

രഹസ്യമായ ഇടിവെട്ട് ഇയര്‍ഫോണിലൂടെ മാത്രം സാധ്യം അല്ലേ?:)

Unknown said...

ലോകം എങ്ങനെ ഏകാന്തതയുടെ ചെറു ചെറു ദ്വീപുകളാകുന്നുവെന്ന്..ഓരോ ചെറു നനവുകളും വലിയ വലിയ മരുഭൂമികളെ ചൂണ്ടിക്കാണിക്കുന്നുവെന്ന്...പണ്ട് ഒരു അഭിമുഖത്തില്‍,ഏറ്റവും സ്വാധീനിച്ച പുസ്തകത്തെപ്പറ്റി ചോദിച്ചപ്പോള്‍ ബ്രെഹ്റ്റ് പറഞ്ഞു:അത്ഭുതം തോന്നും,ബൈബിള്‍...അതുപോലെ എല്ലാ വിളക്കുകളും ഇരുട്ടിനെ തെളിയിക്കാനല്ല,ഇരുട്ട് എത്ര ലോകത്തുണ്ടെന്നു കാണിച്ചുതരാന്‍ കൂടിയാണെന്ന് പറഞ്ഞത്,അത്ഭുതം തോന്നും,ബ്രെഹ്റ്റോ നെരൂദയോ അല്ല,ശ്രീരാമകൃഷ്ണപരമഹംസനാണ്..ആ വാചകത്തിന്റെ വിസ്താരം ഈ കവിതയില്‍ ഞാന്‍ വായിച്ചു..നന്ദി

Roby said...

ആത്യന്തികമായി ഒരു മനുഷ്യനു ചെയ്യാനാകുക തനിക്കായീ ഒരു ദ്വീപുണ്ടാക്കി, അതിലായിരീക്കുക എന്നതാണോ?

നനവുകാലങ്ങളെല്ലാം ഇപ്പോള്‍ തനിച്ചാണ് അനുഭവിക്കാറുള്ളത്.

എന്റെ മകളുടെ ചെവിയില്‍ ഇയര്‍‌ഫോണ്‍ വെച്ചാല്‍ അവളത് വെറുപ്പോടെ എടുത്ത് എറിഞ്ഞു കളയും...മനുഷ്യന്‍ ഒറ്റയ്ക്കല്ല ജനിക്കുന്നതെന്ന് എന്റെ മകളെന്നെ പഠിപ്പിക്കുന്നു. ഈ കവിത അതു വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.

അഹങ്കാരി... said...

മനുഷ്യന് ഏകാന്തത വേണം പക്ഷെ മനുഷ്യന്‍ ആത്യന്തികമായി ഒരു സമൂഹജീവിയാണ്.
നാമോരോരുത്തരും ഒരോരോ കൊച്ചു ദ്വീപുകളാകാന്‍ ശ്രമിക്കുന്നതാണ് ലോകത്തിന്റെ ഇന്നത്തെ ശാപം.

പിന്നെ ഇതൊരുമാതിരി അവാര്‍ഡ് നിര്‍ണ്ണയം പോലെ പോകുവാ‍.സംവിധായകനും കഥാകൃത്തും പ്രേക്ഷകനും അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയും ഒക്കെ ഉദ്ദേശിക്കുന്നതും കണ്ടെത്തുന്നതും പല പല കാര്യങ്ങളാകും...അല്ലേ?

പിന്നെ എന്റെ ബ്ലോഗ് നാട്ടാരെ ഒന്നു കാട്ടാന്‍ ഞാനെന്താ ചെയ്യേണ്ടെ? ഈ അഗ്രിഗേട്ടര്‍ എന്നാലെന്താ?

K.V Manikantan said...

great tp.

ജ്യോനവന്‍ said...

('കുഴല്‍' മാര്‍ഗമാണ്. അവനവനിലേയ്ക്കു മാത്രം വരുന്നുണ്ട്.)
ഒട്ടും പകരാനറിയാതെ രഹസ്യമായി കേള്‍ക്കുന്നത്;
ഒരു മഴ നനയുന്നതുപോലെ ചെവി നിറയുന്നുണ്ട്.

വിശാഖ് ശങ്കര്‍ said...

ഓരോ മനുഷ്യനും ചെവിവട്ടം പിടിക്കേണ്ടൊരു താളമുണ്ടാവും അകം പൊരുളില്‍ എവിടെയെങ്കിലും.അസ്തിത്വം എന്നത് അതിന്റെ തുടിപ്പാവണം.അന്വേഷണങ്ങള്‍ അതില്‍ അലിയേണ്ടവയും...

അയല്‍ക്കാരന്‍ said...

കേള്‍വി എന്നും ഒരുവന്റെ സ്വകാര്യാനുഭവമായിരുന്നു. ചുറ്റുപാടിന്റെ അപശബ്ദങ്ങളില്‍നിന്ന് ഒരു നിമിഷത്തിലേക്കെങ്കിലുമുള്ള മോചനമാണ് ഇയര്‍ഫോണ്‍.

ചുണ്ടത്തെ മൈക്രോഫോണ്‍ ചെവിയിലെ ഇയര്‍ഫോണുമായി ഞാന്‍ ബന്ധിപ്പിക്കാത്തിടത്തോളം കാലം എന്റെ ജീവനില്‍ നിന്റെ നൊമ്പരങ്ങളുണ്ട്

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പുറമേയ്ക്ക് പകരാതെ
ഒറ്റയ്ക്ക് തീരുന്നു
തെളിവില്ലാതെത്രയോ
നനവുകാലങ്ങള്‍.


ഈ വരികളില്‍ നിന്ന്‌ മറ്റൊരു കവിത എഴുതാന്‍ തൊന്നുന്നപോലെ

വേണു venu said...

പുറമേയ്ക്ക് പകരാതെ
ഒറ്റയ്ക്ക് തീരുന്നു
തെളിവില്ലാതെത്രയോ
നനവുകാലങ്ങള്‍.
വളരെ ആഴങ്ങളിലേക്കെത്തിക്കുന്നു ആ വരികള്‍.
:)

ശ്രീനാഥ്‌ | അഹം said...

:)

ശ്രീ said...

ഒറ്റ വാക്കില്‍
“മനോഹരം”
:)

Dinkan-ഡിങ്കന്‍ said...

യമകം...!
ഇതില്‍ ലാപുടീയന്‍ വരികള്‍ എവിടെ?

ടി.പി.വിനോദ് said...

പ്രമോദ്...:)

ഗോപിയേട്ടന്‍, നല്ല വാക്കുകള്‍ക്ക് നൂറ് നന്ദി. ഇങ്ങനെ എഴുതുന്നത് എങ്ങനെയാവും സംവദിക്കപ്പെടുക എന്ന് സന്ദേഹമുണ്ടായിരുന്നു. ഇപ്പോള്‍ തീര്‍ന്നു...:)

റോബി, കുട്ടികള്‍ പറയാതെ പറയുന്നത്ര ഒരു കവിതയും വാക്കാവുന്നുണ്ടാവില്ല.

ആത്മാന്വേഷി, സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി. വായന എഴുത്തുകാരന്റെ കുടികിടപ്പ് സ്വത്താണെന്ന് ഞാന്‍ കരുതുന്നില്ല. സ്വതന്ത്രവായനകളിലൂടെ സമാഹരിക്കപ്പെടുന്നതായിരിക്കും ഒരു കൃതിയുടെ സ്വത്വം( അങ്ങനെയൊന്നുണ്ടെങ്കില്‍). എഴുതിവെച്ചതില്‍ ഞാനൊരു കൂട്ടം ഒളിപ്പിച്ചു വച്ചിട്ടൊക്കെ ഉണ്ട് , കാണട്ടെ ഏത് കേമനത് ഊഹിച്ചു ജയിക്കും എന്ന മട്ടില്‍ ഞെളിഞ്ഞ് ഗൌരവപ്പെടുന്ന എഴുത്തുകാരനെ ആര്‍ക്കെങ്കിലും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ‍
ബ്ലോഗ് മറ്റുള്ളവരെ കാണിക്കാന്‍ പ്രത്യേകിച്ചെന്തെങ്കിലും ചെയ്യേണ്ടതായി അറിയില്ല. അഗ്രഗേറ്റര്‍ എന്നാല്‍ ബ്ലോഗ് പോസ്റ്റുകളുടെ ലിങ്കോടുകൂടിയ പട്ടിക പ്രദര്‍ശിപ്പിക്കുന്ന വെബ്ബിടങ്ങളാണ്. മലയാളത്തിലെ അഗ്രഗേറ്ററുകളില്‍ നമ്മുടെ പോസ്റ്റ് ലിസ്റ്റ് ചെയ്യപ്പെടാന്‍ നമ്മളായിട്ടൊന്നും ചെയ്യേണ്ടതില്ല. ബ്ലോഗുന്നത് മലയാളത്തിലാണെങ്കില്‍ അഗ്രഗേറ്ററുകള്‍ അവയെ സ്വയം കണ്ടെത്തി ലിസ്റ്റ് ചെയ്യും എന്നാണെന്റെ അറിവ്.

സങ്കുചിതന്‍, ഒരുപാടു നാളി‍നു ശേഷം കണ്ടതില്‍ ഒത്തിരി സന്തോഷം, നന്ദി..

ജ്യോനവന്‍, നന്ദി സുഹൃത്തേ...:)

വിശാഖ്, നന്ദി ..

അയല്‍ക്കാരന്‍, ഒറ്റയ്ക്കൊറ്റയ്ക്കുള്ള കേള്‍വികള്‍ ഒറ്റയല്ലാത്ത കേള്‍വികളെ അപശബ്ദങ്ങളെന്ന് പഠിപ്പിക്കാതിരിക്കട്ടെ. ഒരുമിച്ച് കേള്‍ക്കേണ്ടതൊരുപാടുണ്ട് നമുക്ക്. അല്ലേ?

പ്രിയ, എഴുതു...:)

വേണൂജീ, നന്ദി, സന്തോഷം...:)

ശ്രീനാഥ്, :)

ശ്രീ, നന്ദി...:)

നജൂസ്‌ said...

പുറമേയ്ക്ക് പകരാതെ
ഒറ്റയ്ക്ക് തീരുന്നു
തെളിവില്ലാതെത്രയോ
നനവുകാലങ്ങള്‍.

ഇതു തുറന്ന്‌ വെക്കുന്നത്‌ വായിക്കാത്തവന്റെ ദ്ര്ഷ്ടിയിലേക്കാണ്‌. അതു കൊണ്ടായിരിക്കാം അതെല്ലാം തെളിവില്ലാതെ മാഞ്ഞു പോകുന്നത്‌
.
സാധ്യമാവില്ല ആത്മാന്വേഷി. അത്രക്കുയരത്തിലേക്ക്‌ നാം ദ്വീപുകളെ പടുത്തുയര്‍ത്തി. ഒരു കുലുക്കം കൂടാതെ ആരും ഒരുമിക്കില്ല..

നന്മകള്‍ ലാപുട

ടി.പി.വിനോദ് said...

ഡിങ്കന്‍, യമകം ഒരു ശബ്ദാലങ്കാരം . ശബ്ദം/പാട്ട്/കേള്‍വി ഈ കവിതയുടെ പരിമിതി (പ്രമേയവും അതുതന്നെ !!) ആണെന്നാണോ?

എന്റേതു മാത്രമായി എന്തേലുമിതില്‍ മുഴങ്ങുന്നുണ്ടോ എന്ന് പറയാന്‍ ഞാനാളല്ലല്ലോ? :)

ഗിരീഷ്‌ എ എസ്‌ said...

നല്ല കവിത....
ആശംസകള്‍

ശ്രീലാല്‍ said...

തല വിങ്ങുന്നു ഡിയര്‍... ഒരു ചോദ്യമായോ മുഴക്കമായോ ഒക്കെ വരികളും വാക്കുകളും ചെവിയില്‍ ഇടിവെട്ടുന്നുണ്ട് എനിക്കൊറ്റയ്ക്കായി.

വെള്ളെഴുത്ത് said...

ഉള്ളില്‍ കാടുലച്ചു പെയ്യുന്ന നനവുകാലം ഒഴുകാതെ ഉള്ളില്‍ തന്നെ കെട്ടി...അതു മറ്റൊന്നായി പൊടിയ്ക്കാതിരിക്കും എന്ന അശുഭചിന്തയെന്തിന്? ഭൂമി ഇങ്ങനെ തന്നിലേയ്ക്കു പെയ്യുന്നതിനെ ഉള്‍ലിലൊതുക്കുന്നില്ലേ? ‘ഗ്രഹം’ -ഗ്രഹിച്ചു സ്വാംശീകരിക്കല്‍, കാന്തികത- അങ്ങനെ വിശാലമായ ഒരു പരിപ്രേക്ഷ്യത്തില്‍ വച്ചാണ് പരിശോധിക്കുന്നതെങ്കില്‍ നെഗറ്റീവ് എന്നു പ്രത്യക്ഷത്തില്‍ തോന്നുന്ന ഒരു ദര്‍ശനം ഈക്കവിത മായ്ക്കും. ‘അശുഭ’ എന്നൊക്കെ ഞാന്‍ വിടുവായത്തം പറഞ്ഞതാണോ...ഗോപിയും റോബിയും ദ്വീപു മാത്രമേ കണ്ടുള്ളൂ എന്നു കണ്ടു പറഞ്ഞതാണ്. ‘ദ്വീപ് ‘ ....പാരിസ്ഥിതിക ഹുന്ത്രാപ്പി കളഞ്ഞാല്‍ ...നമുക്ക് നല്ല മെറ്റഫറല്ല.

Sandeep PM said...

ഓരൊ മനുഷ്യനും വ്യത്യസ്തനാകുന്നത്‌ ഒറ്റയ്ക്കുള്ള അനുഭവങ്ങള്‍/ചിന്തകളിലല്ലെ?
തബല മഴയായ്‌ പെയ്തതും കാതിലെ കാടുലയുന്നതും ഒറ്റയായ മനസ്സിന്റെ പ്രതിപ്രവര്‍ത്തനങ്ങളിലൂടെയല്ലെ?

നമ്മുക്ക്‌ വേറിട്ടൊരു സ്വത്വമുണ്ട്‌ എന്നതിന്‌ ഇതിനേക്കാള്‍ നല്ലൊരു തെളിവെന്തുണ്ട്‌?

പി എന്‍,വെള്ളെഴുത്ത്‌ , അവസാനം ലാപുടയ്ക്കും നന്ദി :)

ടി.പി.വിനോദ് said...

നജൂസ്, നന്ദി.

ദ്രൌപദി, നന്ദി.

ശ്രീലാലേ...:)

വെള്ളെഴുത്ത്, ആ വഴിക്കും ഇതിന് ജീവനുണ്ടെന്ന് കാണിച്ചതിന് നന്ദി. എന്നാലും ഞാന്‍ കേള്‍ക്കുന്നത് തന്നെ മറ്റൊരാളും കേള്‍ക്കുന്നുണ്ടെന്ന് അറിയുന്നതില്‍ അകാരണ(?)മെങ്കിലും ജീവിതോന്മുഖമായ ഒരു സംതൃപ്തിയും സാഫല്യവുമില്ലേ? (ഓ.ടോ: ദ്വീപ് നല്ല മെറ്റഫറല്ലെന്ന് പറയരുത്. ഇതൊരു ഭീഷണിയാണ്. ഈ ബ്ലോഗിന്റെ ടൈറ്റില്‍ തന്നെ ഒരു ദ്വീപിന്റെ പേരാണെന്ന് അറിയാമല്ലോ അല്ലേ? :):))

ദീപു, വേറിട്ട വായനയെ പൂരിപ്പിച്ചത് ഇഷ്ടമായി. നന്ദി.

ഗുപ്തന്‍ said...

ഉള്ളില്‍ പെയ്യുന്ന മഴക്ക് അതിന്റെ ധന്യതയില്ലേ എന്ന് സംശയിച്ച്, കവി എന്താണ് പറയാനുദ്ദേശിക്കുന്നതെന്ന് കുഴങ്ങി, കമന്റ് ഇടാതെ പോയതാണ്. വായനകള്‍ കൂടി വായിച്ചപ്പോള്‍ സന്തോഷം ;)

ഒതുക്കത്തില്‍, ഒട്ടുംതുളുമ്പാതെ, തീര്‍ത്തും രഹസ്യമായ്....

വാക്കില്‍ പിശുക്കനെന്ന് ആരോ പറഞ്ഞത് ഈ മനുഷ്യനെ ആണോ എന്ന് സംശയം :)

************
ഓ ടോ.

ബ്ലോഗിന്റെ പേര്‍ എന്നെ കുഴച്ചതിന് കണക്കില്ല. ലാപുട എന്ന് മലയാളത്തില്‍ എഴുതിയത് laputa - la puta എന്നാണ് വായിച്ചത്. തമാശയല്ല. സത്യം. ആ പേരില്‍ ഒരു ഫില്‍ം അന്നേരം ഓടുന്നുണ്ടായിരുന്നു ആ കാലത്ത്. പിന്നെ ഇറ്റാലിയന്‍ അറിയുന്നവര്‍ക്ക് സ്പാനിഷിലേക്ക് വേഗം കണക്ഷന്‍ കിട്ടുകയും ചെയ്യും. ഗളിവറിനെ ലിലിപ്പുട്ടിനുപുറത്തെങ്ങും വായിച്ചിട്ടും ഉണ്ടായിരുന്നില്ല.

അരാജകവാദിയായ ഒരു ആധുനികകവി വ്യവസ്ഥിതിക്കുനേരേ ഉയര്‍ത്തുന്ന പരിഹാസമായൊക്കെ ആ പേരിനെ വായിച്ച് എനിക്കുണ്ടായ രോമാഞ്ചം മൊത്തമായി പാഴായ് പോയി :-))

ടി.പി.വിനോദ് said...

ഗുപ്താ, ആ വാക്കിലെ സ്പാനിഷ് അപകടം ഈയടുത്ത കാലത്താണ് അറിഞ്ഞത്..:) ഗളിവര്‍ പോയ സ്ഥലം മാത്രമായിരുന്നു എനിക്കറിവുണ്ടായിരുന്നത്.
പാഴായിപ്പോയ രോമാഞ്ചത്തിന് അനുശോചനം..:):):)

കവിത നല്ല അനുഭവമായി എന്നറിഞ്ഞതില്‍ സന്തോഷം.

സുധീർ (Sudheer) said...

നനവുകാലങ്ങള്‍ തീരുന്നുവോ?
പെയ്തൊഴിഞ്ഞാലും ‘വെട്ടം വീഴാ വിടവുകളില്‍’
പിന്നെയും ബാക്കിയാവുന്നല്ലോ?

nalan::നളന്‍ said...

നിശബ്ദത പേറുന്ന ഇടിമുഴക്കം പോലെ.

ഏകാന്തതയിലും ചിലപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത് ലോകം മുഴുവനുമായിരിക്കും (ആയിരിക്കാം)
വേണ്ടും ചില dependencies ഉണ്ട്, അതുകൊണ്ട് സാധാരണവല്‍ക്കരിക്കാന്‍ കഴിയില്ല.

പാഠങ്ങള്‍ എല്ലായിടത്തുമുണ്ടല്ലോ, കണ്ണുതുറന്നു നോക്കേണ്ടതേയുള്ളൂ.. ഏകാന്തത നല്‍കുന്ന പാഠമായാലും.

കവിതയിഷ്ടപ്പെട്ടു.

Inji Pennu said...

എനിക്കിത് വളരെ വളരെ ഇഷ്ടമായി. പോസ്റ്റിയപ്പോള്‍ മുതല്‍ ഒരുപാട് പ്രാവശ്യം വായിച്ചൊരു ലാപുട കവിതയാണിത്.

Shooting star - ഷിഹാബ് said...

parrayuvaan arriyilla athrakkum nannaayirikkunnu.

നരേന്‍..!! (Sudeep Mp) said...

kollam ketto...!!!

ടി.പി.വിനോദ് said...

സുധീര്‍, നളന്‍, ഇഞ്ചിപ്പെണ്ണ്, ഷിഹാബ്, നരേന്‍, വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

Mahi said...

ആരുമറിയാതെ ഉള്ളില്‍ നിറയുന്ന നനവുകാലങ്ങളെ താങ്കള്‍ എത്ര ഭംഗിയായ്‌ ധ്വനിപ്പിച്ചിരിക്കുന്നു.ഇപ്പോള്‍ വല്ലാത്തൊരിഷ്ടം ഒതുക്കത്തോടൊട്ടും തുളുമ്പാതകത്തേക്ക്‌...............