Saturday, June 07, 2008

കാഴ്‌ചപ്പാതി

ചിന്തിച്ചു നീയിരിക്കുന്നതിന്റെ
ഫോട്ടോ ഞാനെടുക്കുന്നു.

അങ്ങനെത്തന്നെയിരിക്ക്
കാണാനൊരു
ഗൌരവമൊക്കെയുണ്ടെന്ന്
നിന്നോട് ഞാ‍നൊരു
പാതിനുണ പറയുന്നു.

ചിന്തിക്കുന്നു എന്ന പോസിലേക്ക്
നിന്നോട് നീ ഉള്ളില്‍
കുശുകുശുക്കുന്നതും
ഏതാണ്ടിതുതന്നെയാണോ?

എന്തായാലും

ഫോട്ടോ കാണുന്നവര്‍ക്ക്
ആവശ്യമുള്ള മിഴിവില്‍
അടങ്ങിയൊതുങ്ങണം
പാതിസത്യത്തിന്റെ
ഭാവി വിസ്തീര്‍ണ്ണം...

അനങ്ങാതിരിക്ക്,
കണ്ണ് ചിമ്മല്ലേ...

21 comments:

ശെഫി said...

കാണുന്നതും പാതി സത്യം മാത്രം അല്ലേ...

Ranjith chemmad / ചെമ്മാടൻ said...

പാതിസത്യത്തിന്റെ
ഭാവി വിസ്തീര്‍ണ്ണം...
നന്നായിരിക്കുന്നു.

തണല്‍ said...

:)

CHANTHU said...

" പാതി സത്യത്തിന്റെ ഭാവി വിസ്‌തീര്‍ണ്ണം "
എന്തു രസകരമായ പ്രയോഗം. നല്ല കവിതക്ക്‌ ആശംസകള്‍

G.MANU said...

ഫോട്ടോ കാണുന്നവര്‍ക്ക്
ആവശ്യമുള്ള മിഴിവില്‍
അടങ്ങിയൊതുങ്ങണം
പാതിസത്യത്തിന്റെ
ഭാവി വിസ്തീര്‍ണ്ണം

യെ ഹി ഹെ ലാപു ടച്ച് ആഹാ

നജൂസ്‌ said...
This comment has been removed by the author.
നജൂസ്‌ said...

പടങ്ങളായി തീര്‍ന്ന ഒരുപാട്‌ ജന്മങ്ങളെ ഈ കവിത ഓര്‍മ്മിപ്പിക്കുന്നൂ. അടച്ച്‌ വെച്ച ഒരിക്കളും വായിക്കാത്ത ഒരുപാട്‌ വാചാലതകള്‍ ഒരേ പടങ്ങളിലും ഓളിഞ്ഞിക്കുന്നുണ്ടാവൂല്ലേ...

സാല്‍ജോҐsaljo said...

നല്ലപാതിയുടെ കാഴ്ചപാതിയോ?

Pramod.KM said...

നാം ചിന്തിക്കുന്നെന്ന് നമ്മുടെ ഉള്ളില്‍ നിന്ന് ആരോ പാതിനുണ പറയുന്നെന്നോ.. നന്നായിട്ടുണ്ട്.:)

ജ്യോനവന്‍ said...

ചിന്തിച്ചു കവിതയുടെ ഫോട്ടം ഞാനും പിടിച്ചു.
എന്റെ പാതി സത്യത്തിന്റെ ഭാവിവിസ്തീര്‍ണ്ണം എന്താവും?
:)
നല്ല കവിത.
(ഒരു കണ്ണ് ചിമ്മിയാലോ!?) :)

വെള്ളെഴുത്ത് said...

‘പലസൈസിലുള്ള ഫോട്ടോകള്‍‘ എന്നു കേട്ടിട്ടുണ്ടായിരുന്നു. അതിലൊരെണ്ണം ഇങ്ങനെയാകാമെന്ന് ഇപ്പോഴാണ് വെളിച്ചപ്പെട്ടത് !

പൊന്നപ്പന്‍ - the Alien said...

ഒട്ടും കാണാത്ത മുഖത്തില്‍
ഒട്ടിപ്പിടിച്ചിട്ടാണ്
ചുറ്റും കാണുന്നത്
എന്റെ കണ്ണുകള്‍ !

എനിക്കപരിചിതമായ
ഏതോ ശബ്ദത്തില്‍
പരിചിതരെല്ലാം കേള്‍ക്കുന്ന
വാക്കുകള്‍ക്കൊപ്പം
ഓരോ ഗോഷ്ഠികള്‍ കാട്ടുന്നുണ്ടാവും
ആ അഗോചര സങ്കല്പം

വലമിടം തിരിക്കുന്ന
കാഴ്ചക്കണ്ണിലൊഴിച്ച്
വിവശമായി ഞാനതു തിരയുമ്പോള്‍
ഞാന്‍ കാണാത്ത ഞാന്‍ തന്നെയോ
നീ കാണുന്നതെന്ന
വികൃതമായൊരു സമസ്യ
ഒരിക്കലുമുത്തരപ്പെടാതെ
പിണങ്ങി നില്‍ക്കുന്നു

പാതി നീ കണ്ടൊരെന്നില്‍
പെട്ടു പോവുന്നുണ്ട്
പാതി ഞാന്‍ കാണാത്തൊരെന്റെ
കാഴ്ചകളൊക്കെയും..

വേണു venu said...

:)

Unknown said...

ക്ലോസ് അപ്പുകള്‍ പ്രകൃതിവിരുദ്ധവും സംസ്കാരവിരുദ്ധവുമാണെന്ന് പറഞ്ഞത് കുറോസോവയാണ്.ക്യാമറ ഒരര്‍ത്ഥത്തില്‍ ഒരു കത്തിയാണ്.സംസ്ക്കാരം പ്രകൃതിയെ മുറിച്ചെടുത്ത് തിന്നുന്ന ഒരു കത്തി.ചങ്ങമ്പുഴയുടെ പ്രസിദ്ധമായ ഇരിപ്പിന് ഉണ്ടായത്ര അനുകരണം കവിതകള്‍ക്കുണ്ടായില്ല എന്നാണ് എന്റെ വിചാരം..‘പല പോസിലുള്ള ഫോട്ടോകളു‘ടെ അവസാനഖണ്ഡത്തില്‍ എങ്ങനെയാണ് ക്യാമറ ഫാസിസ്റ്റാകുന്നത് എന്നു തെളിഞ്ഞുകാണാം.

Roby said...

കാഴ്ചപ്പാതി...

ബുനുവലിന്റെ ചിത്രത്തില്‍ ‘കാഴ്ചയെ’ പാതിയില്‍ മുറിക്കുന്ന തീക്ഷ്ണമായ കാഴ്ച ഞാനോര്‍മ്മിക്കുന്നു.

ശ്രീ said...

ചിന്തിച്ചു കൊണ്ട് തന്നെ വായിച്ചു... പോരേ?
:)

Sarija NS said...

"പാതിസത്യത്തിന്റെ
ഭാവി വിസ്തീര്‍ണ്ണം... "

Nice!!!!!

ബഷീർ said...

നന്നായിരിക്കുന്നു.

aneeshans said...

കഴിഞ്ഞ് ദിവസം ഒരാളെ കണ്ടു, ആദ്യമായി കാണുന്നതാ. ആകെ പരിചയം ഒരു തലയുടെ പടമാ :) . സത്യം പാതി പോലുമില്ല. പിന്നെയോര്‍ത്തു എന്റെ ഒരു തല പടം കണ്ടിട്ട് നേരെ കണ്ടപ്പോള്‍ പറഞ്ഞ അഭിപ്രായം. എല്ലായിടത്തും ഇങ്ങനെയൊക്കെ തന്നെയാ അല്ലേ

Mahi said...

പാതിയായ്‌ പോകുന്ന ചില സത്യങ്ങളെ ഇത്രയും തെളിച്ചത്തില്‍ എഴുതിയതിന്‌ എന്റെ ആശംസകള്‍

ടി.പി.വിനോദ് said...

വായിക്കുകയും അഭിപ്രായമറിയിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി.