Wednesday, November 26, 2008

അറിവിന്റെ ആകൃതിയുള്ള ചോദ്യം

സങ്കീര്‍ണ്ണമായ
മനസ്സുള്ള ആളാണ്.

ഒരിക്കല്‍,
ഇട്ടിരിക്കുന്ന ഷര്‍ട്ട്
പുതിയതാണോ എന്ന് ചോദിച്ചപ്പോള്‍
സെല്ലുലോസ്, കാര്‍‌ബണ്‍,
ഹൈഡ്രജന്‍, ഓക്സിജന്‍
പഴയതേത് പുതിയതേതെന്ന്
മറുപടി ചോദിച്ചു.

ആത്മീയ സമ്മേളനത്തില്‍
മൈക്കിരന്നുവാങ്ങി
നിങ്ങളെല്ലാം മരിച്ചവരല്ലെന്ന് എന്താണുറപ്പ്?
പരലോകത്തില്‍,
നരകത്തിലല്ല, സ്വര്‍ഗ്ഗത്തിലല്ല
ഈ സമ്മേളനം നടക്കുന്നതെന്ന്
ഉറപ്പുള്ളവരാരുണ്ടെന്ന് ആരാഞ്ഞു.

കാമുകനൊടൊത്ത്
ഐസ്ക്രീം കഴിച്ചുകൊണ്ടിരുന്ന
സുന്ദരിയോട്
അറിയാമോ,
നീയിപ്പോള്‍ നുണയുന്ന മധുരം
എത്ര ന്യൂറോണുകളുടെ
അശ്രാന്തപരിശ്രമമെന്ന്
ഇടപെട്ട ശേഷം
തല്ല് വാങ്ങിക്കൂട്ടി.

വെളിവിന്റെ
എല്ലാ പഞ്ഞിത്തുണ്ടുകളെയും
ഇങ്ങനെയിങ്ങനെ
നൂലായ് പിരിച്ചെടുത്ത്
നൂലാമാലയായി
ഉലര്‍ത്തിക്കലര്‍ത്തിയിടും.

ഇലക്ട്രോണുകളെപ്പറ്റി
സംസാരിക്കാന്‍
കമ്പ്യൂട്ടറുകള്‍ തോറും
കറങ്ങി നടപ്പുണ്ടെന്ന് കേട്ടു.
അവിചാരിതമായി ചിലനേരത്ത്
നിങ്ങളുടെ സിസ്റ്റം
സ്തംഭിച്ചുപോവുന്നതാണ്
സാഹചര്യത്തെളിവ്.

26 comments:

R. said...

ലാപുട വീണ്ടും എഴുതിക്കണ്ടതില്‍ വളരെ സന്തോഷം.

പക്ഷേ ഞെട്ടിച്ചത് ഇങ്ങനൊരാളെ അറിയാമല്ലോ എന്നോര്‍ത്തപ്പോള്‍. 2 വര്‍ഷം സീനിയറായിരുന്നു, ബി.എസ്.എന്‍.എല്‍-ലില്‍ ജോലി കിട്ടി പഠിത്തം ഇട്ടു പോയി. ജോലി കളഞ്ഞ് തിരിച്ചു വന്ന് ഞങ്ങളോടൊപ്പൊം ജോയിന്‍ ചെയ്തു. ഫ്രെഡറിക് നീഷേയും റിച്ചാര്‍ഡ് ഫെയ്ന്‍‌മാനും മാത്രം ആഹാരം. വെളിവിന്റെ എല്ലാ പഞ്ഞിത്തുണ്ടുകളെയും വലിച്ചു കീറി കാറ്റില്‍ പറത്തിയിട്ടുണ്ട്, സംസാരിക്കുമ്പോള്‍. ബാക്കിയെല്ലാവരും ക്യാമ്പസ് പ്ലേസ്മെന്റും ജോലിയുമായിപ്പടിയിറങ്ങുമ്പോള്‍ ഈമാക്സും പേള്‍ സ്ക്രിപ്റ്റും ചവച്ചരച്ചു.

സ്വസ്തി. ഓഫിനു മാപ്പ്.

അരവിന്ദ് :: aravind said...

Fantastic

Roby said...

ഇവിടെ വീണ്ടും കവിതയുടെ വെളിച്ചം.

സന്തോഷമുണ്ട്.

മനസ്സുകൾ wavefunction പോലെ orthonormal ആണോ ലാപൂടേ? അതാണോ മറ്റൊരാളുടെ ചിന്തകളെ മറ്റൊരാളുടെ ചിന്തകൾ തന്നെയായി നമ്മൾ മനസ്സിലാക്കുന്നത്?

ഏറ്റവും ചെറിയ ലിമിറ്റിൽ differentiate ചെയ്താൽ എല്ലാ മനസ്സുകളും ഒരുപോലെയാകുമായിരിക്കുമല്ലേ. പക്ഷെ ഏറ്റവും ചെറിയ ചിന്തകളെ integrate ചെയ്താൽ ഒരു മുഴു മനസ്സ് കിട്ടുമോ?

വിഷ്ണു പ്രസാദ് said...

വിനോദിനു പറ്റിയ കമ്പനി തന്നെ... :)
കവിത തുടങ്ങി എന്നു മാത്രം തോന്നി...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

വെളിവിന്റെ പഞ്ഞിത്തുണ്ടുകളില്‍ നിന്നും, നൂലു പിരിച്ച്, നൂലാമാലയാക്കി ഉലര്‍ത്തിക്കലര്‍ത്തി... സൃഷ്ടിച്ച കവിത വളരെ ഹൃദ്യമായിരിക്കുന്നു.

Ranjith chemmad / ചെമ്മാടൻ said...

വായിച്ചു, ചോദ്യങ്ങളും വരികളും ഇഴപിരിച്ചെടുക്കുന്നു.

വികടശിരോമണി said...

പലരേയും ഓർത്തു,വായിച്ചപ്പോൾ.
നന്നായിരിക്കുന്നു.

Mahi said...

അപ്പോ എത്തി അല്ലെ അറിവിന്റെ ആകൃതിയുള്ള കവിതകളുമായി.കവിതയുടെ ഉള്ളിലെ ആ ഫലിതം വളരെ ഇഷ്ടമായ്‌ ഒരു പക്ഷെ ലാപുടയ്ക്ക്‌ മാത്രം കഴിയുന്നത്‌.ഇപ്പോള്‍ ഇരിക്കുന്നത്‌ സ്വര്‍ഗത്തിലാണൊ നരകത്തിലാണൊ എന്ന്‌ എല്ലാവരേയും ഇരുത്തി ചിന്തിപ്പിക്കുന്ന കവിതയ്ക്കുള്ളിലെ വെളിച്ചവും

ശ്രീ said...

കുറച്ചു നാളുകള്‍ക്കു ശേഷമാണല്ലോ വരവ്? എന്തേ ഇത്ര ഗ്യാപ്?

നന്നായിട്ടുണ്ട്. ഇനിയും എഴുതൂ
:)

അനംഗാരി said...

ആ ഇടവേള വെറുതെയായില്ല.
നന്ദി,ഈ കവിതക്ക്.

വേണു venu said...

മനോഹരം. ഉത്തരങ്ങളുടെ ആകൃതിയും അതൊക്കെ തന്നെ അല്ലേ.:)

prasanth kalathil said...

ഒരു ഡീകൺസ്‌ട്രക്ഷൻ കവിത

*******

പരലോകത്തില്‍,
നരകത്തിലല്ല, സ്വര്‍ഗ്ഗത്തിലല്ല
ഈ സമ്മേളനം നടക്കുന്നതെന്ന്
ഉറപ്പുള്ളവരാരുണ്ടെന്ന് ആരാഞ്ഞു.


കണ്ണാടിക്കവിതയിൽ കമന്റിനു മറുപടിയായി വിനോദ് ദെക്കാർത്തെയെ വിളിച്ചത് ഓർത്തുപോയി :
...റെനെ ദെക്കാര്‍ത്തേ പറഞ്ഞതായി ഒരിടത്ത് വായിച്ച കാര്യമുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ ഉള്ളതെന്ന് നമ്മള്‍ വിശ്വസിക്കുന്ന ഈ നിമിഷത്തെ നമ്മള്‍ സ്വപ്നം കാണുകയല്ലെന്ന് തെളിയിക്കാനുതകുന്ന ഒരു പരീക്ഷണം ഡിസൈന്‍ ചെയ്യുന്നത് ഏറെക്കുറെ അസാധ്യമാണെന്ന്. നമ്മുടെ ഈ നിമിഷം കണ്ണാടിയില്‍ സംഭവിക്കുന്നതല്ല എന്ന് തെളിയിക്കാന്‍ പറ്റുമോ എന്ന് വെറുതെ ആലോചിച്ചുപോയി...

smitha adharsh said...

ഇനി സമാധാനത്തോടെ എങ്ങനെ ഐസ്ക്രീം കഴിക്കും?
ചുമ്മാ..
നന്നായിരിക്കുന്നു

Pramod.KM said...

അറിവിന്റെ ആകൃതിയുള്ള ചോദ്യങ്ങള്‍ തലക്കെട്ടുപോലെ തന്നെ നന്നായി:)ആദ്യം ഒന്നു തലപുകഞ്ഞെങ്കിലും.

ഉണ്ണി ശ്രീദളം said...

iam new to this digital world of literature . there is a gradual growth i found in ur poems . i wonder how u could write so much still keeping up the standard . any way congrats . let it flow continuously forever....

Suraj said...

ആരെയോ ഓര്‍മ്മവരുന്നു ;-)

ടി.പി.വിനോദ് said...

രജീഷേ, നന്ദി, വായനയ്ക്കും കമന്റിനും. നമ്മുടെ ‘പക്വത’കള്‍ക്ക് തുഴഞ്ഞെത്താനാവാത്ത അക്ഷാംശരേഖാംശങ്ങളില്‍ ഒരു ദ്വീപായി സ്ഥിതി ചെയ്യുന്നു ഈ ഇനം ആളുകള്‍, ചോദ്യങ്ങള്‍. അപൂര്‍വ്വമെങ്കിലും അവരായി മാറുന്ന അവസരങ്ങളില്‍ നമ്മളും ഇങ്ങനത്തെ ഒറ്റയ്ക്ക്നില്‍പ്പുകളാവുന്നു.

അരവിന്ദ്, നന്ദി.

റോബി, നിന്റെ ചോദ്യങ്ങള്‍ക്കെല്ലാം അങ്ങനെയാവാനിടയില്ല, അങ്ങനെമാത്രമായിരിക്കില്ല എന്നൊക്കെ മറുപടി തോന്നുന്നു. (ഓ.ടോ: നിന്റെ ക്വാണ്ടം കെമിസ്ട്രി ക്ലാസ് തീര്‍ന്നില്ലേ? :))

വിഷ്ണുമാഷേ, നേരായിട്ടും നല്ല ബെസ്റ്റ് കമ്പനിയാണ്..:)

മോഹന്‍, വരവിനും വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി.

രണ്‍ജിത്ത്, നന്ദി.

വികടശിരോമണി, നന്ദി.

മഹി, നന്ദി. ഇഷ്ടമായെന്നറിയുന്നതില്‍ സന്തോഷം.

ശ്രീ, ശ്രീ ഇപ്പോള്‍ എന്നോട് പറഞ്ഞതെല്ലം ഞാന്‍ എന്നോട് പറയാന്‍ മറന്നതായിരിക്കും ഗ്യാപ്പിന് കാരണം..:) നന്ദി.

അനംഗാരി, നന്ദി, സന്തോഷം..

വേണുമാഷ്, നന്ദി. ഓരോ ചോദ്യവും ഉത്തരത്തിന് ഒരു പ്രത്യേക ആകൃതി കാംക്ഷിക്കുന്നുണ്ട്.

പ്രശാന്ത്, ആ കക്ഷിക്ക് ദെക്കാര്‍ത്തെയെ പരിചയമില്ലാതിരിക്കാന്‍ ഇടയില്ല. കണ്ണാടിയില്‍ വെച്ച് എപ്പോഴെങ്കിലും കാണുമ്പോള്‍ ചോദിച്ച് ഉറപ്പാക്കാം..:)

സ്മിത, നന്ദി. മേലില്‍ ഐസ്ക്രീം കഴിക്കുമ്പോള്‍ ജാഗരൂകയായിരിക്കുക....:)

പ്രമോദേ...:)

ഉണ്ണി, വായിച്ചതിലും മിണ്ടിയതിലും വളരെ സന്തോഷം.

ടി.പി.വിനോദ് said...

സൂരജ്, എനിക്കും ആരെയെന്നില്ലാതെ ആരെയോ ഓര്‍മ്മ വന്നു. ആരെയായിരിക്കും? ഒരുവേള അവനവനെത്തന്നെയാവുമോ? എന്ന് കണ്‍ഫ്യൂഷനും..

സുധീർ (Sudheer) said...

U.G ?

ടി.പി.വിനോദ് said...

സുധീര്‍,

യു.ജി.കൃഷ്ണമൂര്‍ത്തി അല്ലേ ഉദ്ദേശിച്ചത്?
കുറേ കാലം മുന്‍പ് കക്ഷിയെ ആദ്യമായി വായിച്ചപ്പോള്‍ അപരിചിതമായ സങ്കീര്‍ണ്ണതകളോട് തോന്നുന്ന കൌതുകമുള്ള താത്പര്യം തോന്നിയിരുന്നു. നമ്മുടെ ഒരു തോട്ട് പ്രോസസ്സിനെ ആഘാതപ്പെടുത്തുന്ന സംഗതികള്‍ അദ്ദേഹത്തിന് ഉള്ളതായും തോന്നി. പക്ഷേ കുറച്ചു കഴിഞ്ഞപ്പോള്‍ ആ ആശയങ്ങളോട് എനിക്ക് അസോസിയേറ്റ് ചെയ്യാന്‍ തോന്നുന്നുണ്ടായില്ല. വളരെ predictable ആയി തോന്നി ആ സമീപനരീതി...എന്റെ ആലോചനയുടെ പരിമിതിയാവാം..

[ nardnahc hsemus ] said...

അല്ല അറിയാന്മേലാഞ്ഞിട്ട് ച്വാദിയ്ക്കുവാ... ഇങ്ങേര്‍ക്കിതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ?
കാലം കുറേയായിട്ട് കാണാതിരുന്നപ്പോള്‍ അന്നേ എനിയ്ക്കൊരു ഡൌറ്റ് ഉണ്ടായിരുന്നു..
ചുമ്മാ, ഓരോരുത്തരുടെ ഐസ്ക്രീമിലും ആത്മീയസമ്മേളനത്തിലും പോയി കട്ടുറുമ്പാകാതെ, ഞങ്ങള്‍ക്ക് ഇമ്മാതിരി വായിയ്ക്കാന്‍ കൊള്ളാവുന്ന വല്ലോം എഴുതി ഇബടെ ഇങ്ങനെ ചുറ്റിപ്പറ്റി നിക്കെന്റെ മാഷെ.. :)

സുധീർ (Sudheer) said...

അതെ ലാപുട!
അഘാതങ്ങൾ ഏറ്റുവാങ്ങാതിരിക്കുകയാണു ഏറ്റവും നല്ല മാർഗ്ഗം,ഒഴിഞ്ഞു മാറാമല്ലോ?
ഇയാൾക്കു വേറേ പണിയൊന്നും ഇല്ലേ എന്ന ലളിതമായ ചോദ്യവും ആവാം

verloren said...

വാഹ്! എന്നു വിളിക്കാതിരിക്കാനേ ആവുന്നില്ല. സങ്കീര്‍ണ്ണതയെപ്പറ്റി ലളിതവും മനോഹരവും ആയി.

Stanly said...

tp,
A good poem man. As some other comrades mentioned in the comments, it tossed some face into my mind as i was going thru the lines. somebody whom i moved past, somebody still follows our metro middle class consciousness.. there's an old man in JNU - nobody knows how long he's been here - who gives loud speaches to the air and sings alone into the dhaba evenings. Some say he's a students a couple of decades ago, none is sure of it. Once in a while he attends the academic seminars, may say something and then go off...none of my friends seems to know his name, or other whereabouts. some say he was an intellectual, some others say he's on IB's payroll. But he lives on the campus, with questions, songs and speaches...

ടി.പി.വിനോദ് said...

സുമേഷ് ചന്ദ്രന്‍, ചുറ്റാനും പറ്റാനും ഇനിമേലിലും ശ്രമിക്കുന്നതാണെന്ന് ഘോരഘോരം വാഗ്ദാനം ചെയ്യുന്നു...:) നന്ദി..

verloren, നന്ദി, സന്തോഷം..

സ്റ്റാന്‍‌ലി, നിന്റെ കമന്റ് എന്നിലേക്കെത്തിച്ച വികാരങ്ങളെ സന്തോഷം, സംതൃപ്തി, ആത്മവിശ്വാസം തുടങ്ങിയ ബലഹീനപദങ്ങള്‍ കൊണ്ട് സാക്ഷ്യപ്പെടുത്താനാവില്ല ...നന്ദി എന്നു മാത്രം പറയട്ടെ.

Neena Sabarish said...

നമ്മളാരും മരിച്ചവരല്ലെന്നെന്താണുറപ്പ്?
എനിക്കം പലപ്പോഴും തോന്നാറുള്ളൊരു മണ്ടന്‍ചോദ്യം....
അസാധ്യ കയ്യടക്കമുളള രചനട്ടോ.....