Wednesday, April 08, 2009

അകത്തിരിപ്പ്

വെള്ളരിക്കയില്‍
കവിത ഇരിപ്പുണ്ടോ എന്ന്
നോക്കിയിരിപ്പായിരുന്നു.

വരയന്‍പുലിയുടെ
തൊലിയുണ്ടായിട്ടും
തെറിച്ചുനില്‍പ്പില്ല
തരിമ്പും ശൌര്യം.

ഉള്ളിലാവും
ഉണ്മ, കവിത എന്ന്
ഊഹം മൂര്‍പ്പിച്ച്
പിളര്‍ന്നുനോക്കി പിന്നെ.

നനവില്‍ കുളിര്‍മ്മയില്‍
വരിയായി വിന്യസിച്ച്
ഹാ !
വിത്തുകളുടെ സൂക്ഷ്മസന്നാഹം,

ഉത്‌കണ്ഠകളെ നമ്മള്‍
ഉപമകളിലൊളിപ്പിക്കുന്നതിലും
ചാതുരിയില്‍, കവിതയില്‍.

17 comments:

പകല്‍കിനാവന്‍ | daYdreaMer said...

നനവില്‍ കുളിര്‍മ്മയില്‍
വരിയായി വിന്യസിച്ച്
ഹാ !
:)

നജൂസ്‌ said...

ഒരു നോട്ടം കിട്ടിയിരുന്നെങ്കില്‍..
ആരെങ്കിലും തൊട്ടെങ്കിലും നോക്കിയാലോ..

Mahi said...

വിത്തുകളുടെ സൂക്ഷ്മസന്നാഹം ഇത്‌ വളരെ ഇഷ്ടപ്പെട്ടു

ശ്രീ said...

അങ്ങനെയും ഒരു കവിത അല്ലേ? :)

Unknown said...

എന്റെ ഉള്ളിലിരിപ്പിലെ ഉത്കണ്ഠയില്ലായ്മയിൽ വെള്ളരിക്കാവിത്തുകളുടെ നിരനിരകൾ നാണിക്കുന്നുണ്ടോ എന്നാണു് ചിലപ്പോഴൊക്കെ എന്റെ ദുഃഖം.

'നന്നായി' എന്നു് പറയുന്നതു് ഒരു മാർക്കിടലാവുമോ എന്നൊരു സംശയം ഈയിടെയാണു് തോന്നിത്തുടങ്ങിയതു്. കവിത ഇഷ്ടമായി എന്നു് പറയാമായിരിക്കുമല്ലേ? :)

ഗുപ്തന്‍ said...

അവസാന (3) വരികള്‍ക്ക് അവലാപുഡീകരണം സംഭവിച്ചോ :)) പതിവുപോലെയുള്ള പഞ്ചില്ലെന്ന് തന്നെയല്ല അധികപ്പറ്റാണെന്ന് പോലും തോന്നി.

(ഉത്‌കണ്ഠകളെ ഉപമകളില്‍ ഒളിപ്പിക്കുന്നത് തകര്‍പ്പന്‍ പ്രയോഗം തന്നെ. പഴത്തിനു പുറത്തു കുരു കശുമാവിലല്ലേ സാധാരണ ?)

ജ്വാല said...

വെള്ളരിക്കായിലെ കവിത
“വിത്തുകളുടെ സൂക്ഷ്മസന്നാഹം,

ഉത്‌കണ്ഠകളെ നമ്മള്‍
ഉപമകളിലൊളിപ്പിക്കുന്നതിലും
ചാതുരിയില്‍, കവിതയില്‍“
പ്രകൃതിയില്‍ ഓരോന്നിലും കവിത കണ്ടെത്താന്‍
കഴിയട്ടെ.ആശംസകള്‍

ടി.പി.വിനോദ് said...

പകല്‍കിനാവന്‍, നന്ദി.

നജൂസ്, നമ്മളിലേക്കുള്ള ഓരോ നോട്ടവും ഒരു തൊട്ടുനോട്ടമായി മുതിരുന്നത്ര അലിവില്‍, അഴിവില്‍ സ്വയം ഒരുക്കിനിര്‍ത്താന്‍ എപ്പോഴും കഴിഞ്ഞിരുന്നെങ്കില്‍‍...അല്ലേ?

മഹി, സന്തോഷം..

ശ്രീ, എങ്ങനെയാണ് ആവാന്‍ പാടില്ലാത്തത് ? :):)

ബാബു മാഷേ, ഉത്കണ്ഠയില്ലായ്മയെക്കുറിച്ചുള്ള ഉത്കണ്ഠ നല്ല്ലതിനാവാതെ തരമില്ല. നന്ദി..

ഗുപ്തന്‍, താങ്ക്സ്. ഒരു പക്ഷേ എഴുത്ത് ഒരു പതിവല്ലാതാവുന്നതിന്റെ കുഴപ്പമായിരിക്കുമോ കവിതയ്ക്ക്?

ജ്വാല, നന്ദി.

ushakumari said...

ഗോപാല്‍ ഹൊണ്ണഗരെയുടെ ആപ്പിള്‍ കാമ്പിലെ മരണം ഓര്‍മ വന്നു. (അതൊരു കുറവല്ല). അവലാപുഡീകരണമില്ല, പതിവ് തുരന്നു നോക്കലും തിരഞ്ഞു പോകലും എല്ലാം ഉണ്ടല്ലോ,ഗുപ്താ.

ശെഫി said...

ഉള്ളിലൊളിപ്പിക്കുന്ന കവിത അല്ലേ. ഊഹം മൂർച്ചിപ്പില്ലെങ്കിൽ കാണാതെ പോവും, പോയേനെ,

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കവിതയിലെ അവസാനവരികളാണ് ഏറെ ഇഷ്ടമായത് ...

അകത്തിരിപ്പിന്റെ കാഴ്ച കേമമായി

Unknown said...

വെള്ളരിയ്ക്കയെ ഉള്ളില്‍ നിന്നും പുറത്തേയ്ക്കു വായിച്ചാലോ? കടുവയാകാന്‍ കൊതിച്ച ഒരു മുയലിന്റെ ചിത്രം കിട്ടും. ആരാണ് ആ കടുവയെ പൂര്‍ത്തിയാക്കാഞ്ഞത്?
പുലിക്കളി കഴിഞ്ഞ് ദയനീയമായി തിരിച്ചെത്തുന്ന തൃശ്ശൂരിലെ പുലികളെപ്പോലെ ഒരു വെള്ളരിക്ക!

Pramod.KM said...

അപ്പോള്‍ നോക്കിയാല്‍ അകത്തും പുറത്തും കവിത കാണാം എന്നര്‍ത്ഥം!:)

kadathanadan:കടത്തനാടൻ said...

മെയ്‌ 3 ന്‌ വടകര ശിൽപ ശാലയിൽ പങ്കെടു
ക്കാനും ശിൽപശാല വിജയിപ്പിക്കാനും താങ്കളെ താൽപര്യപൂർവ്വം ക്ഷണിക്കുകയാണ്. തീർച്ചയായും പങ്കെടുക്കുമല്ലോ.

The Prophet Of Frivolity said...

നന്ദി വെള്ളരിക്ക പറയട്ടെ അല്ലേ? എന്നെ ആരുമെന്തേ ചൂഴ്ന്നുനോക്കാത്തതെന്നാണ്. ഉന്തിനില്‍ക്കുന്ന വാരിയെല്ലുകള്‍ക്ക് വരയന്‍പുലിയുടെ തൊലിയുടെ പോലും ആകര്‍ഷണീയതയില്ലാത്തതാവും.
----
എഴുത്ത് പോകെപ്പോകെ ‘ബുദ്ധിമുട്ടായി‘ മാറുന്നില്ലേ വിനോദ്? വിനോദിനെങ്ങിനെ കവിതയെഴുതാന്‍ സാധിക്കുന്നു എന്ന് പലവുരു സ്വയം ചോദിച്ചിട്ടുണ്ട് ഞാന്‍. You are, forever, on the edge. Aren't you?

ടി.പി.വിനോദ് said...

ഉഷ ടീച്ചര്‍, ഗോപാല്‍ ഗൊണാല്‍ഗരെ തുരന്നാലെത്തുന്നിടത്ത് ഞാന്‍ നോക്കിയാല്‍ പോലും എത്തില്ലെന്നുറപ്പല്ലേ ? :)

ശെഫി...:)

പ്രിയ, നന്ദി, സന്തോഷം..

ഗോപിയേട്ടന്‍, അകത്തുനിന്ന് പുറത്തേക്കും കൂടി ആവുമ്പോഴേ നോട്ടം പൂര്‍ത്തിയാവുന്നുള്ളൂ എന്ന് മനസ്സിലാവുന്നു. നന്ദി.

പ്രമോദേ, നോട്ടമാണ് കാര്യം..:)

കടത്തനാടന്‍, പരിപാടിക്ക് ആശംസകള്‍.

പ്രോഫറ്റേ, എനിക്ക് എന്നോട് തന്നെ ഒട്ടും കുറവല്ലാത്ത അളവില്‍ ആത്മാര്‍ത്ഥതക്കുറവുണ്ട്. അതാവണം എഴുത്താവുന്നത് എന്ന് ഊഹിക്കുന്നു.

KS Binu said...

കവിതയിലേക്കെത്താന്‍ എന്തെല്ലാം വഴികള്‍.... കവിതയുടെ ഉഷ്ണം തിരയുന്ന കവിയും 9 മാസം തികഞ്ഞ ഗര്‍ഭിണിയും ഒരു പോലെ...