Friday, April 17, 2009

വാക്കുപോക്കുകള്‍

നൊടിനേരം വൈകിയതുകൊണ്ട്
തൊട്ടുമുന്നില്‍വെച്ച്
വിട്ടുപോയ ലിഫ്റ്റ് പോലെ

സമയത്തിനുച്ചരിക്കാത്ത
ചില വാക്കുകള്‍,
അവയുടെ വാതിലുകള്‍,

നമ്മളെ നിന്നിടത്ത് നിര്‍ത്തി
അടഞ്ഞുപോയ ശേഷം
നമ്മളെക്കൂടാതെയുള്ള
അവയുടെ ഉള്ളടക്കത്തോടെ
ഉയരത്തിലേക്കോ
ആഴത്തിലേക്കോ
സഞ്ചരിക്കുന്നു,
സാക്ഷാത്ക്കരിക്കുന്നു.

വാക്കിനൊപ്പം വിട്ടുപോയ
നമ്മുടെ സമയം
കാത്തിരിപ്പിലേക്ക്
പര്യായപ്പെടുകമാത്രം ചെയ്യുന്നു.

32 comments:

R. said...

പറയാതെ പോയ വാക്കുകളുടെ നോവില്‍ തപീക്കുന്നവന്‍!

Calvin H said...

ഇനി പറഞ്ഞിട്ട് കാര്യമില്ല...

ജ്യോനവന്‍ said...

വാക്കിന് വാതില്‍ തുരക്കുന്നവന്‍
വാക്കിനുള്ളില്‍ മുറിയൊരുക്കുന്നവന്‍
ഉള്ളിലുള്ളടക്കി ഞങ്ങള്‍ക്ക് അത്ഭുതങ്ങള്‍ കാട്ടിത്തരുന്നവന്‍............
(എത്ര മുറികളിലൂടെ നിനക്കു തുരങ്കങ്ങള്‍, ഒഴുക്കുകള്‍!!!)

സെറീന said...

സമയത്തിന്
ഉച്ചരിക്കാത്ത ഒരൊറ്റ
വാക്കിന്‍റെ വാതിലടഞ്ഞു
ഞാനകത്തും ജീവിതം
പുറത്തുമായി നിന്നിട്ടുണ്ട്..
അതുകൊണ്ട് തന്നെ പതിവുപോലെ വന്നു
മിണ്ടാതെ പോകാന്‍ വയ്യ..

ശ്രീ said...

അതെ, നഷ്ടം നമുക്കു മാത്രം...

ഗുപ്തന്‍ said...

മെട്രോ റെയില്‍ പ്ലാറ്റ് ഫോമിലേക്ക് പടിയിറങ്ങിച്ചെല്ലുമ്പോളള്‍ ഒരുപാട് ആളിളക്കം വാതിലടയുന്ന ഒച്ച. പിന്നെ തൊട്ടുമുന്നില്‍ ഇടത്തേക്കും അപ്പുറത്ത് വലത്തേക്കും പാഞ്ഞുപോകുന്ന അലര്‍ച്ച. തൊട്ടുമുമ്പ് പൂരപ്പറമ്പായിരുന്ന പ്ലാറ്റ്ഫോമില്‍ ഒരുകാല്‍ മാത്രം ഉറപ്പിച്ച് മറുകാല്‍ ഏതുവാതിലിനു നേരേ വയ്ക്കണം എന്ന് ഫ്രീസായിപ്പോയ അവസ്ഥയില്‍ പൊടുന്നനെ ഒറ്റക്കായിപ്പോകുന്ന ഞാന്‍.

സന്ദിഗ്ധനു പറഞ്ഞിട്ടുള്ളതല്ല സംവാദം എന്ന് ഭയപ്പെട്ട് ഇപ്പോള്‍ മൌനം ശീലിച്ചു തുടങ്ങിയിരിക്കുന്നു. :)

വിശാഖ് ശങ്കര്‍ said...

‘സമയത്ത്’ഉച്ചരിക്കപ്പെടാതെപോയ ഒരുപാട്‌ വാക്കുകളെ, മറ്റൊരു സ്ഥലത്തിനും, കാലത്തിനും യോജ്യമാവാതെ ഉപേക്ഷിക്കപ്പെട്ട അവയുടെ അനാഥത്വത്തെ ഒക്കെ ഓര്‍മ്മിപ്പിച്ചു ഈ ‘വാക്കുപോക്കുകള്‍’.

നന്ദി ലാപുട.

പാവപ്പെട്ടവൻ said...

വാക്കുകള്‍ നുള്ളിനോവിച്ച പോകുന്ന മുറിവുകള്‍
മനോഹരം ആശംസകള്‍

ശെഫി said...

പറഞു പോയ വാക്കുപോലെയും അപ്പൊ കൈവിട്ടു പോയ സമയ്ം പോലെയും തന്നെ ചിലപ്പൊ ഓര്ര്ത്തോറ്ത്ത് നിരാശപ്പെടുത്തും പറയാതെ പോയ വാക്കും

സുജനിക said...

വാവിട്ട വാക്ക്....ഇതിലും കുഴപ്പമാകാം...എന്നാശ്വസിക്കുക.

ബഷീർ said...

പറയാതെ അടഞ്ഞുപോയ വാക്കുകളേക്കാൾ പറയേണ്ടാത്തിടത്ത് കുതറിത്തെറിച്ചേക്കാവുന്ന വാക്കുകളെയാണ് ഞാൻ ഭയപ്പെടുന്നത്

tradeink said...

you have so many fans.
that make you feel good?
fansibanian and revolution.
bravo....

ടി.പി.വിനോദ് said...

രജീഷ് :)

ശ്രീഹരി, പോയതു പോയി അല്ലേ ? എന്നാലും പോവാനായി ചിലതു വരാനുണ്ടെന്ന മുന്നറിവിലേക്കുമാവാം ചില പറച്ചിലുകള്‍...:)

ജ്യോനവന്‍...:)

സെറീന, നന്ദി.

ശ്രീ,..:)

ഗുപ്തന്‍, സന്ദേഹിയുടെ സംവാദം എന്ന പേരില്‍ ഒ.വി.വിജയന്റെ ഒരു പുസ്തകമുള്ളത് അറിയാമായിരിക്കുമല്ലോ അല്ലേ ? സന്ദേഹമുള്ളവര്‍ക്കും കൂടി ഉള്ളതാണ് സംവാദങ്ങള്‍ എന്ന് എന്റെയും വിശ്വാസം. (സന്ദേഹവും സന്നിഗ്ധതയും തമ്മില്‍ അത്ര കാര്യമായ വ്യത്യാസമുണ്ടോ? )

വിശാഖ്, നന്ദി, സന്തോഷം.

പാവപ്പെട്ടവന്‍, നന്ദി.

ശെഫി, അതെ ശരിയാണ്.

രാമനുണ്ണി, എല്ലാ ആശ്വാസങ്ങളും ഒരു വണ്‍‌വേ ട്രാഫിക്ക് ആണ്. അല്ലേ ?

ബഷീര്‍, പറച്ചിലുകളാണ് കാലം ആവശ്യപ്പെടുന്നത് എന്ന് എന്റെ തോന്നല്‍.

tradeink, ഈ ദുനിയാവില്‍ ആരെങ്കിലും എന്റെ ഫാന്‍ ആയി ഉണ്ടെന്ന് വിചാരിക്കുന്നില്ല. കാരണം, ആളുകളുടെ വിവേചനശേഷിയെ സമഗ്രമായി അവിശ്വസിക്കേണ്ടതില്ല എന്നാണ് എനിക്ക് മനസ്സിലായിടത്തോളം ജീവിതം എന്നോട് പറഞ്ഞിട്ടുള്ളത്..

ഗുപ്തന്‍ said...

ഞാന്‍ ഉപയോഗിച്ച അര്‍ത്ഥത്തിലെ സന്ദിഗ്ധതക്കും സന്ദേഹത്തിനും ഒരേ അര്‍ത്ഥമാണ് വിനോദ്. സംശയം. ആപത്ശങ്ക എന്നൊക്കെ. (സംശയകരമായ കുറ്റംചുമത്താവുന്നത് എന്നൊക്കെ പഴയ അര്‍ത്ഥം കൂടി ഉണ്ടെന്ന് തോന്നുന്നു ആ വാക്കിന്.)

അതെന്തായാലും മുദ്രാവാക്യം പോലെ തീക്ഷ്ണവും അര്‍ത്ഥശങ്കയില്ലാത്തതുമായ തെരഞ്ഞെടുപ്പുകള്‍ നടത്തുന്നവരുടെ മാത്രം കാലമാണിത്. സന്ദിഗ്ധന്റെ സ്വരം കേള്‍ക്കാതെ സംവാദങ്ങള്‍ ഇരമ്പിപ്പൊയ്ക്കൊണ്ടേയിരിക്കും.

ആദ്യമൊക്കെ (ഇപ്പോഴും ചിലപ്പോള്‍) സ്വന്തം സംശയങ്ങളില്‍ നിന്ന് സ്വയം രക്ഷപെടുത്താന്‍ വളരെ ഇന്റിമിഡേറ്റിംഗ് ആകാവുന്ന ശൈലിയിലില്‍ (often to the degree of being ridiculous) ഞാന്‍ സംവാദങ്ങളില്‍ പങ്കെടുക്കുമായിരുന്നു. പക്ഷെ അത് ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്.

R. said...

ഗുപ്താ,
ശരിയാണ്. പക്ഷേ ആ ഒഴിഞ്ഞുനില്‍ക്കലുകള്‍ പല അര്‍ത്ഥശൂന്യമായ ബൗദ്ധികവ്യായാമങ്ങളില്‍ നിന്നും സമയനഷ്ടങ്ങളില്‍ നിന്നും രക്ഷിച്ചെടുക്കാറുണ്ട്.

എങ്കിലും, എന്തു കൊണ്ടാവാം നമുക്കു് നമ്മെത്തന്നെ വിശ്വസിപ്പിക്കേണ്ട തെളിവുകള്‍ പലപ്പോഴും ആവശ്യമായി വരുന്നത്? സന്ദിഗ്ധന്റെ ജീവിതം എന്നും അശ്വത്ഥാത്മാവിന്റേതോ?

[ ഓഫ്: സംശയാത്മാ വിനശ്യതിഃ എന്നു ഗീത :-) ]

നഗ്നന്‍ said...

കാത്തിരിപ്പിലേയ്ക്ക്‌
കുടിയിറക്കപ്പെടുന്നു.............

ജ്വാല said...

ആയിരം നാവുള്ള മൌനം....

Jayasree Lakshmy Kumar said...

പറയാതെ പോയതു പോലെ തന്നെ കേൾക്കാതെ പോയ വാക്കുകളും, കേൾക്കുന്നതിനു മുന്നേ മുന്നിലടയ്ക്കപ്പെട്ട വാതിലുകളും, പിന്നെ മുകളിലേക്കോ താഴേക്കോ എന്നറിയാത്ത പ്രയാണങ്ങളുടെ ജീവിതവും

ഒരുപാടിഷ്ടപ്പെട്ടു ഈ വരികൾ

Pramod.KM said...

ഒരു നീക്കുപോക്കുമില്ലാതെ സമയത്തിനുച്ചരിച്ച വാക്കുകളാണ് കവിത മുഴുവന്‍..

Mahi said...

ഇങ്ങനെ വാക്കുകളെ തുരന്ന്‌ തുരന്ന്‌ ചെന്നാല്‍ അപ്പുറത്ത്‌ എന്താവും

ടി.പി.വിനോദ് said...

ഗുപ്തന്‍, രജീഷ്, സന്ദിഗ്ധതകള്‍ക്കും പല തലങ്ങളില്ലേ? കാര്യങ്ങളെക്കുറിച്ച് നമ്മുടെ അപ്പോഴുള്ള തിരിച്ചറിവുകളുടെ എല്ലാ വോള്‍ട്ടേജും ഉപയോഗിച്ച് നിഗമനങ്ങളില്‍/ നിഗമനപ്രതീതികളിലെങ്കിലും എത്തേണ്ടത് ആവശ്യമാണ് എന്ന് തോന്നാറുണ്ട്. ഇതില്‍ നിന്നാണ് കൂടുതല്‍ വിപുലമായ സന്ദിഗ്ധതകളിലേക്ക് നമ്മള്‍ എത്തുക എന്നും..

നഗ്നന്‍, അതിനെ ഒരു കുടിയേറ്റമായും മനസ്സിലാക്കാമെന്ന് വരുമ്പോഴാണ് സംഗതികള്‍ സങ്കീര്‍ണ്ണമാവുന്നത്...:)

ജ്വാല...:)

ലക്ഷ്മി, നന്ദി, സന്തോഷം.

പ്രമോദേ...:)

മഹി, എന്തെങ്കിലുമാവട്ട്, നമുക്ക് തുരന്നു നോക്കാം...:)

അനിലൻ said...

നൊടിനേരം വൈകിയതുകൊണ്ട്
തൊട്ടുമുന്നില്‍വെച്ച്
വിട്ടുപോയ ലിഫ്റ്റ് പോലെ

സമയത്തിനുച്ചരിക്കാത്ത വാക്കുകളെക്കുറിച്ചുള്ള വ്യഥകളാണ് പലപ്പോഴും പുതിയ ചില ഇടങ്ങളിലെത്തിക്കുക, നല്ലതിനായാലും ചീത്തയ്ക്കായാലും. ലിഫ്റ്റിനു പകരം നമ്മള്‍ കോണിപ്പടിയില്‍ കേറുന്നതുപോലെ. :)

Unknown said...

nalla varikal

KS Binu said...

കൊള്ളാം.... നല്ല വരികള്‍... ജീവിതത്തിലേക്കുള്ള ഒരു കണ്ണാടി....

R.K.Biju Kootalida said...

arthamulla varikal ...
pakshe chilappozhekke aashayam
kooduthal aazhathilekku pokumbol
varikalude ozhukk thatasappedunnundo?
Laputa yil ninnum kootuthal pratheeshikkunnu athukondaaaa..

Sureshkumar Punjhayil said...

Samayam vaakkinte koodepovukayumakam... Nannayirikkunnu...!! Ashamsakal..!!!

Jayesh/ജയേഷ് said...

ഉദ്ദേശിച്ചിടത്ത് എത്താന്‍ വാക്കുകള്‍ പരുങ്ങുമ്പോള്‍ ...വാക്കുകളുടെ ദൌര്‍ ബല്യം

naakila said...

സമയത്തിനുച്ചരിക്കാത്ത
ചില വാക്കുകള്‍...
അനുഭവം നീറ്റുന്നു

yousufpa said...

വാക്കിനൊപ്പം വിട്ടുപോയ
നമ്മുടെ സമയം
കാത്തിരിപ്പിലേക്ക്
പര്യായപ്പെടുകമാത്രം ചെയ്യുന്നു.

ഈ വരികള്‍ നന്നായി ഇഷ്റ്റപ്പെട്ടു.

വെള്ളെഴുത്ത് said...

ലിഫ്റ്റെന്ന ഒരൊറ്റ വഴിയില്‍ തട്ടി കാത്തിരിപ്പിലേയ്ക്ക് പര്യായപ്പെടണ്ട.. പടിക്കെട്ടിന്റെ സാധ്യതകളില്ലേ കിതപ്പോടെയെങ്കിലും ഓടിക്കേറി (അല്ലെങ്കില്‍ ഓടിയിറങ്ങി)ലിഫ്റ്റിനും മുന്‍പങ്ങെത്താന്‍.. ജലത്തേക്കാള്‍ സാധ്യതയുള്ള വഴികള്‍ !!....:)

ശ്രീഇടമൺ said...

വരികള്‍ നന്നായിട്ടുണ്ട്...
ആശയഭംഗിയാര്‍ന്ന കവിത...

ആശംസകള്‍...*

റ്റിജോ ഇല്ലിക്കല്‍ said...

ningalude KEEN OBSERVATION enne albhuthappeduthunnu.