Friday, September 04, 2009

ഏറ്റുപറയുന്നു

മണ്‍‌മറഞ്ഞൊരു
മണല്‍ ഘടികാരത്തിന്റെ
ഗതികിട്ടാത്ത പ്രേതമുണ്ട്
ഒഴിയാബാധയായി
എവിടെയും കൂടെ .

നേരവും കാലവും നോക്കാതെ
ഉള്ളിലേക്കൊരു വലിഞ്ഞുകേറല്‍
അതിന്റെ ചിട്ട തെറ്റാത്ത പതിവ്.

ഒന്നുവേറൊന്നില്‍ നിന്ന്
അടര്‍ന്ന് വേര്‍പെട്ട്
വീണുനിറയാന്‍ തുടങ്ങുമന്നേരം
ആലോചനകള്‍, പ്രതീക്ഷകള്‍
വികാരങ്ങള്‍, പ്രതിരോധങ്ങള്‍....

ഒഴിഞ്ഞിടം തിരികെനിറയ്ക്കാനൊരു
തിരിച്ചുവെയ്പുണ്ട്, അട്ടിമറിയുണ്ടെന്ന്
അടിക്കടി വിശ്വസിക്കുന്നതും
തെറ്റിദ്ധരിക്കരുത്,
അതിന്റെ ബാധോപദ്രവം.

(ഇപ്പോള്‍ പ്രചാരത്തിലില്ലാത്ത വിധത്തില്‍
സമയം പോക്കുന്നവര്‍
ഇതില്‍ക്കൂടുതലെന്ത് ഏറ്റുപറയാനാണ് ?)

16 comments:

Anonymous said...

കാലത്തിനനുസരിച്ച് കോലവും മാറ്റി,
എങ്കിലും ഘടികാരത്തിന്റെ അട്ടിമറി തുടരുന്നു.
ചിലപ്പോള്‍ സമയത്തെ കൊല്ലാനായി മാത്രം കവിതകള്‍ ,
എങ്ങനെ തിരിച്ചു വെച്ചാലും ചിലപ്പോള്‍ കവിത വരികയുമില്ല.

നല്ല കവിത

ജിപ്പൂസ് said...

വിനോദേട്ടാ ഇതും പിടിച്ച് ഇത്തിരി സമയായി ഇരിക്കുന്നു.പടച്ചോനാണേ ഒരു കുന്തോം മനസ്സിലായില്ല.പള്ളീ പോവാന്‍ സമയവും ആയി.പോയിട്ട് പിന്നെ വരാം ട്ടോ..

Steephen George said...

vayichu...( vayicho?) vayikkanam... (vayikkano?)

Sanal Kumar Sasidharan said...

വിനൊദേ ഞാനിപ്പോൾ ആ മണൽ ഘടികാരത്തിന്റെ ഐക്കൺ മാറ്റി..ചിലപ്പോ കാത്തിരുന്നു വട്ടുപിടിക്കും. ഇപ്പോൾ മാക്കിന്റെ സുദർശനചക്രമാ (ഫേക്ക്) കാത്തിരിപ്പ് ഉണ്ടെങ്കിലും കാണാൻ രസമുണ്ട് ;)

വികടശിരോമണി said...

സമയത്തേക്കാൾ നിഷ്ഠൂരമായി കൊല ചെയ്യാനറിയാവുന്ന രചന!

Jayesh/ജയേഷ് said...

പ്രചാരത്തിലില്ലാത്തത് കൊണ്ടായിരിക്കും ..ഒന്നും പിടികിട്ടിയില്ല...അപ്പോഴേയ്ക്കും ദേ ഒരു മണല്‍ ഘടികാരം കീഴ്മേല്‍ മറിയുന്നു

ടി.പി.വിനോദ് said...

സുജീഷ്, നന്ദി. സമയം കവിതയെത്തന്നെയാവും അട്ടിമറിക്കുന്നത്. മറിച്ചുള്ളത് എപ്പോഴും സംഭവിക്കുമെന്ന് തോന്നാറില്ല.

ജിപ്പൂസ്...:)

സ്റ്റീഫന്‍, (വായിക്കൂ) (വായിക്കൂ)(വായിക്കൂ)...:)

സനല്‍, സ്ക്രീനിലുള്ളത് പിക്സ്ലല്‍ ഘടികാരമല്ലേ/സമയമല്ലേ ആവുന്നുള്ളൂ. അല്ലേ ? :)

വികടശിരോമണി, ആ നിഷ്ഠൂരം എനിക്ക് സുഖിച്ചു..:)

ജയേഷ്, :)

പാവപ്പെട്ടവൻ said...

മണ്‍‌മറഞ്ഞൊരു
മണല്‍ ഘടികാരത്തിന്റെ
ഗതികിട്ടാത്ത പ്രേതമുണ്ട്
ഒഴിയാബാധയായി
എവിടെയും കൂടെ .

ഓണാശംസകള്‍ മാഷേ

Deepa Bijo Alexander said...

തകിടം മറിയലുകൾക്കും തിരിച്ചു വയ്ക്കലുകൾക്കുമൊടുവിലും ഉള്ളിലൊന്നും മാറുന്നില്ല..അവശേഷിക്കുന്നത്‌ അതേ മണൽ....

സിദ്ധാര്‍ത്ഥന്‍ said...

അതെ, അതേ മണല്‍ പക്ഷേ അടുക്കു മാത്രം വ്യത്യാസം

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

എന്താ പറയാന്നറിയണില്ല

മഴവില്ലും മയില്‍‌പീലിയും said...

:)
കൊള്ളാം മാഷെ

തൃശൂര്‍കാരന്‍ ..... said...

നന്നായിട്ടുണ്ട്..

രാജേഷ്‌ ചിത്തിര said...

kollaam....
nalla kavitha,,,:)

ടി.പി.വിനോദ് said...

പാവപ്പെട്ടവന്‍, ദീപ, സിദ്ധാര്‍ത്ഥന്‍, സഗീര്‍, പ്രദീപ്, തൃശൂര്‍ക്കാരന്‍, മഷിത്തണ്ട് എല്ലാവര്‍ക്കും നന്ദി.

മാനസ said...

ഞാന്‍ മാപ്പുസാക്ഷി... :(