Thursday, December 24, 2009

വെളിച്ചത്തിന്റെ അക്വേറിയം

കുട്ടിക്കാലത്തെ വീട്ടിൽ
അടുക്കളയുടെ മേൽക്കൂരയിലുണ്ടായിരുന്നു
ഓടുമാറ്റി ചില്ലുവെച്ച ആകാശജാലകം.

പൊടിയും പുകയും തങ്ങിപ്പൊങ്ങി നീന്തുന്ന
വെളിച്ചത്തിന്റെ ഒരു അക്വേറിയത്തെ
അടുക്കളയിലേക്കിറക്കിവെയ്ക്കുമായിരുന്നു
വെയിലുള്ള നേരങ്ങളിലത്.

അന്തംവിട്ടതിനെ
നോക്കി നിന്നിരുന്നതിന്റെ
ഓർമ്മകളിലെവിടെയോ
തങ്ങിപ്പൊങ്ങിയലയുന്നുണ്ട്
ഇപ്പോഴത്തെ ഒരു ഞാൻ.

ആരാവും നോക്കിനിൽക്കുന്നുണ്ടാവുക,
ഞാനുൾപ്പെടുന്ന
വെളിച്ചത്തിന്റെ അക്വേറിയത്തെ ?

35 comments:

വിഷ്ണു പ്രസാദ് said...

തലക്കെട്ടു തന്നെ കവിതയായി.മനോഹരം...

... said...
This comment has been removed by the author.
Anonymous said...

ആരാവും നോക്കിനിൽക്കുന്നുണ്ടാവുക,
ഞാനുൾപ്പെടുന്ന
വെളിച്ചത്തിന്റെ അക്വേറിയത്തെ ?

ആരാണ് നോക്കാത്തത് നമ്മള്‍ ഉള്‍പ്പെടുന്ന അക്ക്വേരിയത്തെ ?

... said...
This comment has been removed by the author.
Pramod.KM said...

ആരാവും നോക്കിനിൽക്കുന്നുണ്ടാവുക?.
ഈ കവിത, അല്ലാതെ ആര്:)

തറവാടി said...

good one :)

ചേച്ചിപ്പെണ്ണ്‍ said...

എനിക്കും അറിയില്ല

സെറീന said...

തലക്കെട്ട്‌ തന്നെ എന്തൊരു കവിത!!
എന്‍റെ ഓര്‍മ്മയിലുമുണ്ട് ഈ അക്വേറിയം..

ആഗ്നേയ said...

വല്ലാത്ത ചന്തം :-)

Rare Rose said...

തലക്കെട്ടിന്റെ ചേലു വരികളിലും.ഇങ്ങനെ ആര്‍ക്കൊക്കെ കാഴ്ചകളാവുന്നുണ്ടാവും ഓരോന്നും..

സന്തോഷ്‌ പല്ലശ്ശന said...

ഞാനും നോക്കി നിന്നിട്ടുണ്ട്‌... ഇങ്ങിനെ ചില അക്വേറിയത്തെ...കുട്ടിക്കാലത്തെ കൌതുകക്കാഴ്ചകളില്‍ ഒന്ന്‌.

പിന്നെ വിനോദുള്‍പ്പെടുന്ന അക്വേറിയത്തെ നോക്കി നില്‍ക്കുന്നു ഞാനുള്‍പ്പെടുന്ന ഒരു കൂട്ടം കവിതാ സ്നേഹികള്‍.... വെളിച്ചത്തിലെക്ക്‌ നീന്തിക്കൊണ്ടേയിരിക്കുക.

വാല്‌: പിന്നെ വൈകിയാണെങ്കിലും വിനോദിന്‍റെ പുസ്തകം കിട്ടി ട്ടോ... നാട്ടിലെ ഒരു സുഹൃത്ത്‌ അയച്ചു തന്നു... ഇപ്പൊ വായിച്ചുകൊണ്ടിരിക്കുന്നു..

അനിലൻ said...

വിനോദ്
അതിമനോഹരമായിരിക്കുന്നു.
അക്വേറിയമല്ല,നിറയെ മീനുകളോടെ കവിതയുടെ വെള്ളിനദിയായൊഴുകുന്നു
കുട്ടിക്കാലത്തിന്റെ ഒരു ചതുരം വെളിച്ചം.

mariam said...

ഭാവന അനന്തതയില്‍ കിതക്കുമ്പോള്‍ ഒരു ചോദ്യം മാത്രം ബാക്കിയാക്കി, സൃഷ്ടിയും സ്രഷ്ടാവും ചേര്‍ന്ന് ചിരിച്ചു കൊണ്ടൂ നില്‍ക്കുന്ന ഒരു കവിത വായിക്കാം.

അവശേഷിക്കുന്ന ചോദ്യം ഇതാണ്.
ആ കവിത എഴുതിയ ചെറ്റ ആര്? :)

മുന്‍പും ഇതേ ആശങ്ക പകരുന്ന ഒരു കവിത വായിച്ചതോര്‍ക്കുന്നു. സംഗതി കുഴപ്പായി തുടങ്ങിയോ ? :)

mariam said...
This comment has been removed by the author.
സജീവ് കടവനാട് said...

അക്വേറിയത്തിനകത്തു കുടുക്കികളഞ്ഞല്ലേ, സകല മീനുകളേയും.

പാമരന്‍ said...

മേല്‍ക്കൂരയുടെ കിഴുത്തകളിലൂടെ ഉള്ളിലേയ്ക്കു വീണിരുന്ന സ്വര്‍ണ്ണ മുട്ടകളെ പിടിക്കലായിരുന്നു എന്‍റെ കൌതുകം. കൈവെള്ളയിലും നെറ്റിയിലും ഒത്തിരി സ്വര്‍ണ്ണമുട്ടകള്‍ പതിഞ്ഞു കിടപ്പുണ്ടിപ്പോഴും.. നന്ദി.

പകല്‍കിനാവന്‍ | daYdreaMer said...

അന്തംവിട്ടതിനെ
നോക്കി നിന്നിരുന്നതിന്റെ
ഓർമ്മകളിലെവിടെയോ
തങ്ങിപ്പൊങ്ങിയലയുന്നുണ്ട്
ഇപ്പോഴത്തെ ഒരു ഞാൻ.
!!!!

സുധീർ (Sudheer) said...

വെളിച്ചത്തിന്റെ അക്വേറിയങ്ങൾ എന്നും ഭ്രമിപ്പിയ്ക്കുന്നവയാൺ.എങ്കിലും അന്തം വിടലും,ഹർഷാൽഭുതങ്ങളും അവസാനിയ്ക്കും നേരെ വെയിലത്തേയ്ക്കിറങ്ങുമ്പോൾ.

ജ്വാല said...

ഓട് മേഞ്ഞ് പുകതങ്ങി നില്‍കുന്ന പഴയ അടുക്കള... വിറകൂതി തീ പിടിപ്പിക്കുന്ന അമ്മ. അവിടെ വെളിച്ചത്തിന്റെ അക്വേറിയത്തെ കൈവെള്ളയില്‍ എടുക്കുവാന്‍ ഞാനും ശ്രമിച്ചിരുന്നു.

ടി.പി.വിനോദ് said...

വിഷ്ണുമാഷേ, നന്ദി, സന്തോഷം.

സുജീഷ്, ആളുകള്‍ കണ്ടുകണ്ടാണ് കടലുകള്‍ ഇത്ര വലുതായതെന്ന് കെ.ജി.എസ് എഴുതിയത് ഓര്‍മ്മവരുന്നു...:)

പ്രമോദേ, :)

തറവാടി, നന്ദി.

ചേച്ചിപ്പെണ്ണ്, :)

സെറീന, അതെനിക്ക് ഊഹിക്കാനാവും...:)

ആഗ്നേയ, നന്ദി.

റേര്‍ റോസ്, നന്ദി.

സന്തോഷ്, നന്ദി. അങ്ങനെ അവസാനം പുസ്തകം കയ്യിലെത്തി അല്ലേ? വായിച്ചിട്ട് അഭിപ്രായം അറിയിക്കുമല്ലോ?

അനിലേട്ടാ, നന്ദി. എങ്ങോട്ട് വേണമെങ്കിലും ഒഴുകാവുന്ന ഒരു നദിയെയെ നമ്മള്‍ ഉള്ളിലോട്ട് വിളിച്ചുപോവുന്നതെന്താവാം പലപ്പോഴും?

മറിയം, ഉം, കുഴപ്പം തന്നെ...

കിനാവ്, നന്ദി.

പാമരന്‍, നന്ദി, സന്തോഷം.

പകല്‍കിനാവന്‍, :)

സുധീര്‍ ‍, നന്ദി.

ജ്വാല, നന്ദി.

ഹരിയണ്ണന്‍@Hariyannan said...

ഞാനും നോക്കിനിന്നിട്ടുണ്ട്...
ദ്രവിച്ച ഓലക്കീറുകള്ക്കിടയിലൂടെ വീണുചിതറുന്ന വെയില്‍ മുട്ടകളെ..

അക്വേറിയം ഓര്മ്മയിലെത്തിച്ച നല്ല കവിത!

വയനാടന്‍ said...

ആർക്കാണു നോക്കി നിൽക്കാതിരിക്കാനാവുക, സുഹൃത്തേ നിങ്ങളുൾപ്പെടുന്ന ഈ വെളിച്ചത്തിന്റെ അക്വേറിയത്തെ....

Manoraj said...

അന്തംവിട്ടതിനെ
നോക്കി നിന്നിരുന്നതിന്റെ
ഓർമ്മകളിലെവിടെയോ
തങ്ങിപ്പൊങ്ങിയലയുന്നുണ്ട്
ഇപ്പോഴത്തെ ഒരു ഞാൻ.

vinod mashe, thangalute kavitha samaharam njan oththiri tedi ..kittiyilla...

Akbar said...

അക്വേറിയം ഇഷ്ടമായി. പുതുവല്‍സരാശംസകള്‍

sreekanav said...

OlamEnja veedenkilo
koorayoornnirangi
sooryan muttyittu pokumaayirunnu..
kai kumpilil kayatti pidichathu
aarokkeyaakaam
manmaranja kaalangale..

-kala kala

നജൂസ്‌ said...

അന്തംവിട്ടതിനെ
നോക്കി നിന്നിരുന്നതിന്റെ
ഓർമ്മകളിലെവിടെയോ
തങ്ങിപ്പൊങ്ങിയലയുന്നുണ്ട്...

പൊടിയും പുകയും ഒന്നും കാണാന്‍ വയ്യ.. :(

Ranjith chemmad / ചെമ്മാടൻ said...

"പൊടിയും പുകയും തങ്ങിപ്പൊങ്ങി നീന്തുന്ന
വെളിച്ചത്തിന്റെ ഒരു അക്വേറിയത്തെ
അടുക്കളയിലേക്കിറക്കിവെയ്ക്കുമായിരുന്നു
വെയിലുള്ള നേരങ്ങളിലത്."


ആ വെളിച്ചത്തിന്റെ അക്വാറിയത്തില്‍ വേണ്ടുവോളം ഞാനും നീന്തിക്കളിക്കുന്നു...
നന്ദി, ഈ നല്ല കാവ്യാനുഭവത്തിന്

Sindhu Jose said...

"ee velichathinenthoru velicham..."
alle?

ടി.പി.വിനോദ് said...

ഹരിയണ്ണന്‍, വയനാടന്‍, മനോരാജ്, അക്ബര്‍‍, കല, നജൂസ്, രണ്‍ജിത്ത്, സിന്ധു, എല്ലാവരോടും നന്ദി.

vasanthalathika said...

വെളിച്ചത്തിന്റെ അക്വരിയം എന്നെ പ്രയോഗം അസ്സലായി. ഒറ്റ തലക്കെട്ട്‌ തന്നെ ധാരാളം.

vasanthalathika said...

വെളിച്ചത്തിന്റെ അക്വരിയം എന്നെ പ്രയോഗം അസ്സലായി. ഒറ്റ തലക്കെട്ട്‌ തന്നെ ധാരാളം.

മാനസ said...

ആരെങ്കിലും അടിയന്തിരമായി നോക്കട്ടെ.......
ഇല്ലെങ്കില്‍ ഓക്സിജനില്ലാതെ നമ്മളെല്ലാം ചത്തു പൊങ്ങും. :(

Vinu Vikram said...

അത് ഭീകരമായി. കവിയുടെ ഭാവനെയെക്കാളും ഒരു ഗൃഹതുരതം തോന്നി

Devarenjini... said...

ആരാവും നോക്കിനിൽക്കുന്നുണ്ടാവുക,
ഞാനുൾപ്പെടുന്ന
വെളിച്ചത്തിന്റെ അക്വേറിയത്തെ?

കവിത മനോഹരമായിരിക്കുന്നു....

thumbapoo said...

അജ്ഞാതമായ ഏതോ കണ്ണുകളുടെ നിരന്തരമായ നിരീക്ഷണത്തിലാണീ പ്റപഞ്ചമെന്ന് പലപ്പോഴും തോന്നാറുണ്ട് .ചിമിഴിൽ ഒതുക്കി യ കടൽ!