Thursday, February 25, 2010

സ്വാതന്ത്ര്യം

കാണാമറയത്ത് കൂട്ടിയിട്ട
പഴയ സാധനങ്ങളുടെ
ദ്രവിച്ച കൂമ്പാരം ഓര്‍മ്മവന്നു,

അതിലൊരിടത്ത് കണ്ട
തുരുമ്പിച്ച അഴികളും കൊളുത്തുമുള്ള
എലിക്കെണി ഓര്‍മ്മവന്നു,

അടഞ്ഞിരിക്കുന്ന അവസ്ഥയിലും
അതിനുള്ളില്‍ നിന്ന് പുറത്തേക്ക്
സ്വൈരസഞ്ചാരം നടത്തുന്ന
ചിതലുകളെ ഓര്‍മ്മവന്നു,

സ്വാതന്ത്ര്യം എന്ന വാക്ക്
പത്രത്തിലൊരു വാര്‍ത്തയില്‍
ഇന്ന് കണ്ടപ്പോള്‍ .

8 comments:

നഗ്നന്‍ said...

എല്ലാം വെറുമൊരു മാനസികാവസ്ഥയെന്ന്.

മാനസ said...

'എലിക്കെണിയെ ' നമ്മുടെ മനസ്സായും ,
'ചിതലുകളെ' നമ്മുടെ ചിന്തകളായും സങ്കല്‍പ്പിക്കാന്‍ നല്ലരസം .....:)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഇനിയൊരിക്കല്‍ ഏതെങ്കിലും സ്വാതന്ത്രസമര സേനാനിയുടെ ചിത്രം കണ്ടാല്‍ ആ എലിക്കണിയില്‍ ശ്വാസം മുട്ടിച്ചത്ത പാവം എലിയെ ഒാര്‍മ്മവരുമോന്നു പേടി. വളരെ നന്ദി.

ടി.പി.വിനോദ് said...

നഗ്നന്‍, എല്ലാ അവസ്ഥകളും മാനസികാവസ്ഥയാണോ ?

മാനസ, സങ്കല്‍പ്പം (imagination) സ്വാതന്ത്ര്യത്തിന്റെ ഡി.എന്‍.ഏ ആണെന്ന് തോന്നാറുണ്ട്.

ജിതേന്ദ്രകുമാര്‍ , കവിത സംവദിച്ചു എന്നറിയുന്നതില്‍ സന്തോഷം.

വായനയ്ക്കും കമന്റിനും എല്ലാവരോടും നന്ദി.

Vinu Vikram said...

എലിയുടെ അസ്വാതന്ത്ര്യത്തിലും ചിതല്‍ സ്വതന്ത്രന്‍. കൊള്ളാം

അഭിജിത്ത് മടിക്കുന്ന് said...

കാണാമറയത്ത് കൂട്ടിയിട്ടവയില്‍ നിന്ന് പൊടി തട്ടിയെടുത്ത കവിത.
നന്നായി ഈ ചിന്താ ശകലങ്ങള്‍.

Sabu Hariharan said...

നന്നായി..
ഇതും ഒന്നു നോക്കു..

http://neehaarabindhukkal.blogspot.com/2010/04/blog-post_08.html

Unknown said...

nice..