Saturday, February 25, 2012

സമ്മതിക്കില്ല !

എന്തിന്റെയെങ്കിലും
പ്രതീകമാവണമെന്ന്
തീരുമാനിച്ചുറച്ച്
രാവിലെ വീട്ടില്‍നിന്നിറങ്ങി.

എന്തുചെയ്തിട്ടും
എന്തുചെയ്യാതിരുന്നിട്ടും
എന്തെങ്കിലും ചെയ്യുമെന്ന്
പറഞ്ഞിട്ടെങ്കിലും
എന്തിന്റെയെങ്കിലും
പ്രതീകമാണെന്ന്
പറയിപ്പിക്കാന്‍
വാശിയില്‍ തന്നെ വെച്ചുപിടിച്ചു.

പ്രതീക്ഷിച്ചതിനെതിരായി
വാശിയുമാവേശവുമൊന്നും
മറ്റാര്‍ക്കുമത്ര രസിച്ചമട്ടില്ല.
ആരും കാര്യമായി സഹകരിച്ചില്ല.
ആളുകളും ആള്‍ക്കൂട്ടങ്ങളും
തെരുവുകളും ഭരണഘടനയുമൊക്കെ
മുഖം വക്രിച്ച്
നോക്കി,
നിരുല്‍‌സാഹപ്പെടുത്തി,
ശാസിച്ചു,
സൈഡാക്കി.

പ്രതീക്ഷിക്കാനിനി
ഒന്നുമില്ലെന്ന് മനസ്സിലായപ്പോള്‍
ഒന്നുമില്ലായ്മയുടെ പ്രതീകമാവാന്‍
ഒരു ശ്രമം നടത്തിനോക്കി.

വിട്ടുപിടി ആശാനേ,
മര്യാദയ്ക്ക്
ക്യൂവിന്റെ ഒടുക്കം ചെന്നുനില്‍ക്കെന്ന്
ഒറ്റത്തൊണ്ടയിലലറി,
ഇതിനുമുകളിലെഴുതിയ
എല്ലാവാക്കുകളും ചേര്‍ന്ന്.


8 comments:

Vinodkumar Thallasseri said...

ഒന്നും അവകാശപ്പെടാനില്ലാത്ത അവസ്ഥയെ വളരെ നന്നായി പറഞ്ഞു.

കാവ്യജാതകം said...

സമ്മതിക്കില്ലല്ലോ!

ടി.പി.വിനോദ് said...

വിനോദ് കുമാര്‍ , കാവ്യജാതകം, നന്ദി.

Kaithamullu said...

പ്രതീക്ഷിക്കാനിനി
ഒന്നുമില്ലെന്ന് മനസ്സിലായപ്പോള്‍
ഒന്നുമില്ലായ്മയുടെ പ്രതീകമാവാന്‍
ഒരു ശ്രമം .....
-വിനോദ്, എത്ര നാളായി..........

അനൂപ് :: anoop said...

'സൈഡാക്കി'!‌:-) കലക്കി.

Joy Varghese said...

ഒന്നുമില്ലായ്മയുടെ പ്രതീകമാവാന്‍
ഒരു ശ്രമം നടത്തിനോക്കി...

Nice
Best wishes

ശ്രീനാഥന്‍ said...

ഹ!ഹ! ജീവിതം ഉദാത്തമാകാൻ, സാർത്ഥകമാക്കാൻ സമ്മതിക്കാത്ത ഒരു ദുഷിച്ചു നാറിയ സാമുഹ്യവ്യവസ്ഥ.ക്യൂ നിന്ന് തൊണ്ട കീറുകതന്നെ.

ഹരിശങ്കരനശോകൻ said...

ഇതിന്റെ പൊളിറ്റിക്സ് അനുഭവമാകുന്നു