Sunday, February 26, 2012

സ്നേഹതന്ത്രം

ഭൂമുഖത്ത്
ആകെമൊത്തമുള്ള
സ്നേഹത്തിന്റെ
3/4 ഭാഗത്തിന്റെ 69%
ചായകുടിക്കുന്നവര്‍ക്ക്
കാപ്പികുടിക്കുന്നവരോടുള്ള
സ്നേഹമാണെന്ന പഠനം
പുറത്തുവരാനൊരുങ്ങിയിരിക്കുന്നു.

സംഭ്രമജനകമായ ഈ വിവരം
പുറത്തുവരുന്നതോടുകൂടി
ലോകത്തിന്റെ
ത്രികാലങ്ങളുടേയും മുഖഛായ
മുച്ചൂടും മാറുമെന്നുറപ്പാണ്.

ഈ വിജ്ഞാനമുത്ത്
നേരത്തേ വെളിപ്പെട്ടുവന്നിരുന്നെങ്കില്‍
ചരിത്രാതീതകാലവും
അടിമത്തവ്യവസ്ഥയും
വിപ്ലവങ്ങളും
ലോകമഹായുദ്ധങ്ങളും
ഐക്യരാഷ്ട്രസഭയുമൊന്നും
ഉണ്ടാവുകയേ ഇല്ലായിരുന്നു,
ചുരുങ്ങിയത് അവയൊന്നും
ഇപ്പോഴുള്ളതുപോലെ
ആവുകയേ ഇല്ലായിരുന്നു.

അല്ലെങ്കിലും
വേണ്ടത് വേണ്ടവിധത്തില്‍
വേണ്ടിടത്ത് വേണ്ടത്ര
ഇല്ലാതിരുന്നതിന്റെ
ദീര്‍ഘനിശ്വാസത്തിനെയാണല്ലോ
ലോകചരിത്രം എന്ന് നമ്മള്‍
വിളിച്ചുപോരുന്നത്.

ഇനിമേലില്‍ കാര്യങ്ങളുടെ
അലകും പിടിയും മാറും,
മാറിയേ പറ്റൂ.
സ്നേഹത്തിനെയാണ്
ഈ പഠനം
ഇന്നോളമില്ലാത്ത കൃത്യതയില്‍
ഇന്നോളമാരും കാണിച്ചിട്ടില്ലാത്ത
വിവേചനബുദ്ധിയില്‍
തരംതിരിച്ച് മനസ്സിലാക്കിയിരിക്കുന്നത്.

ഇനി എളുപ്പമാണ്,
സ്നേഹം ആര്‍ക്ക് ആരോട്
എപ്പോള്‍ തോന്നുമെന്ന് പ്രവചിക്കാന്‍,
ഒരാള്‍ക്ക് വേറൊരാളോട് തോന്നുന്നത്
സ്നേഹം തന്നെയോ എന്ന് പരിശോധിക്കാന്‍,
സര്‍വ്വോപരി,
സ്നേഹത്തിന്റെ
കടുപ്പം, നിറം, മണം എന്നിവയെപ്പറ്റി
പരസ്പരവിശ്വാസത്തിലൂന്നിയ
ഊഹാപോഹങ്ങളെ
ഉന്നംതെറ്റാതെ ഉത്തേജിപ്പിക്കാന്‍.

കാരണം,
ഇനിമുതല്‍
ചായ, കാപ്പി എന്നിവ
സ്നേഹത്തിന്റെ ഡി.എന്‍.എ
എന്നുതന്നെ പരിഗണിക്കപ്പെടും.

സ്ഥിരമായി
ചായയും കാപ്പിയും കുടിക്കാന്‍
വകുപ്പില്ലാത്തവര്‍
ഈ സുതാര്യസുന്ദരമായ
പാനീയലോകക്രമത്തിന്
വെളിയിലായിരിക്കുമെന്ന്
പ്രത്യേകിച്ച് വെളിപ്പെടുത്തേണ്ട
കാര്യമില്ലല്ലോ അല്ലേ ?

8 comments:

Jayesh/ജയേഷ് said...

ഇത് അപകടം പിടിച്ച പരിപാടിയാണ്‌

ടി.പി.വിനോദ് said...

ജയേഷ്, ആളില്ലാത്തിടത്ത് അപകടത്തില്‍പ്പെട്ടിട്ട് കയ്യില്‍കിട്ടിയതെല്ലാം എടുത്ത് പൊക്കിവീശി ഒച്ചയുണ്ടാക്കുംപോലെയുള്ള എന്തോ പരിപാടിയുമാണ് :)

കാവ്യജാതകം said...

ആസൂത്രണ-തന്ത്രങ്ങളും മാറ്റേണ്ടിവരുമല്ലൊ!

ശ്രീനാഥന്‍ said...

പഠനവും വിശകലവും നിർദ്ധാരണവും കണ്ടെത്ത്തലുകളുമെല്ലാം നന്നായി. ഇനി പ്രയോഗം തുടങ്ങാം. അസ്സലായി.

വെറുതെ...വെറും വെറുതെ ! said...

ഹ ഹ .. കൊള്ളാം വിനോദ്. ഇഷ്ടായി :)

MOIDEEN ANGADIMUGAR said...

കൊള്ളാം, നന്നായിട്ടുണ്ട്.

Anil cheleri kumaran said...

ഇഷ്ടായി.

Ronald James said...

തലപുകച്ചു.... ഇഷ്ട്ടപ്പെട്ടു...