Friday, January 09, 2015

സാഹിത്യകുതുകികള്‍ക്ക് വ്യത്യസ്തതയെപ്പറ്റി ഒരു self-help കവിത

വ്യത്യസ്തതയാര്‍ന്ന ജീവിതം
അത്രക്ക് ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല

ചെറിയ ചില വ്യത്യസ്തതകളെ
ചിലനേരങ്ങളിലെങ്കിലും
നിങ്ങളുടെ ജീവിതത്തില്‍
പങ്കെടുക്കാനനുവദിച്ചാല്‍ മതി

ഉദാഹരണമായി ഇതുതന്നെ നോക്കൂ:
ഞാന്‍ എന്റെ ഫോണില്‍
രാവിലെയുണരാന്‍ അലാറം വെയ്ക്കുന്നത്
5:37, 6:12, 7:03 എന്നൊക്കെയാണ്,
അലാറം അടിക്കുമ്പോള്‍
കുറച്ചുകൂടി കഴിയട്ടേ എന്ന് സ്നൂസ് ചെയ്യുന്നത്
13 മിനുട്ട്, 22 മിനുട്ട് എന്നൊക്കെയുമാണ്.

നിങ്ങള്‍ ജീവിക്കുന്ന സമയമേഖലയില്‍
ആരും പ്രത്യേകിച്ച് ഗൌനിക്കാനിടയില്ലാത്ത
5:37 നെയോ 6:12 നെയോ
നിങ്ങളുടെ ചേതമില്ലാത്ത ഒരു പരിഗണന
പ്രധാനപ്പെട്ട ഒന്നാക്കുന്നതെങ്ങനെയെന്ന് നോക്കൂ

ഇത് നിങ്ങളെ
തികച്ചും മൌലികമായൊരു കാര്യം ചെയ്യുന്ന
വ്യതിരിക്ത വ്യക്തിത്വമാക്കുന്നതായി
നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ലേ ?

ശരിക്കും എഴുത്തുകാരൊക്കെ
ഇങ്ങനെയൊക്കെത്തന്നെയല്ലേ ചെയ്യേണ്ടത് ?

ആയിരക്കണക്കിന് നിമിഷങ്ങളില്‍ നിന്ന്
ആരും മനസ്സിലെടുക്കാത്ത ഒരു നിമിഷത്തെ
എന്തിനെന്ന് കൃത്യമായറിയാത്ത കാരണങ്ങളാല്‍
പ്രധാനപ്പെട്ട എന്തിനോ വേണ്ടി തിരഞ്ഞെടുക്കുന്ന
ഈ കിറുക്കിലെ കൃത്യത പോലെയൊക്കെ..

2 comments:

ഇഗ്ഗോയ് /iggooy said...

അറിയാത്തതും തന്റേതല്ലാത്തതുമായ കാരണങ്ങളാൽ നറ്റത്തുന്ന തിരഞ്ഞെടുപ്പുകൾ- അത് രസായി

uttopian said...

ഗംഭീരം