Thursday, August 30, 2012

അത്ഭുതസാക്ഷ്യം

ഈയിടെയായി
ഞാന്‍ മരിച്ചുപോയി

ഇക്കാണുന്നതിന്റെ
അങ്ങേയറ്റം വരെ
പാതയ്ക്കിരുപുറവുമുള്ള
പരസ്യപ്പലകകളില്‍ പലതിലുമായി
എനിക്കുള്ള അനുശോചനക്കുറിപ്പിന്റെ
വാക്കുകള്‍
ചിതറിനില്‍പ്പുണ്ടെന്ന്
തെരുവ്
എന്റെ തോളത്ത് തട്ടി

വിസ്മയകരം എന്ന്,
സംതൃപ്തി എന്ന്,
മറ്റെന്തിനെക്കാളും എന്ന്,
ആനന്ദത്തിന്റെ എന്ന്,
വിജയിക്കുവിന്‍ എന്ന്,
(പരിഹരിക്കുന്നു എന്നുപോലും)
വാക്കുകള്‍ , മേന്മകള്‍
എന്നെപ്പറ്റിയും ആവാമെന്ന്
കണ്ടുകണ്ട്
അത്ഭുതംകൊണ്ട്
ആത്മാവുപൊട്ടി
ഞാന്‍
ഒന്നുകൂടി മരിച്ചു.


6 comments:

Neelima said...

അത്ഭുതംകൊണ്ട്
ആത്മാവുപൊട്ടി
ഞാന്‍
ഒന്നുകൂടി മരിച്ചു.

കൊള്ളാം നല്ല കവിത.

ടി.പി.വിനോദ് said...

നീലിമ, നന്ദി.

പൊന്നപ്പന്‍ - the Alien said...

നീ ചതിയനാണ്
എനിക്കും എന്റെ ബന്ധു മിത്രാദികള്‍ക്കും എന്റെ രാജ്യ ലോക പ്രപഞ്ച നിതാന്തതക്കും കിട്ടാനുള്ള റീത്തുകളുടെ മനോജ്ഞ സ്വപ്നത്തെ നീ വെറും മണ്ണിനും മരണത്തിനും ഒറ്റി നല്‍കി.
ഒന്നോര്‍ത്തു നോക്ക് - ഇല്ലാത്ത ചാവിനില്ലാത്ത ജന്മം കൊടുക്കുമ്പോള്‍ ഇല്ലാത്തൊരോര്‍മയുടെയൊത്തിരിയഹന്തക്കിത്തിരി റീത്തിത്ര വല്യ ധൂര്‍ത്താണോ?
അത്യുദാത്ത പൊളിയെങ്കിലും എത്ര വല്യ മനിതനെന്ന ഒറ്റ വാക്കിലെന്റെ നീരാവി സട കുടഞ്ഞു സ്വര്‍ലോകത്തേക്കുള്ള ബസ് പിടിക്കുന്നതിനപ്പുറം പുണ്യമോ പാപമോ നിന്റെ നിഘണ്ടുവിലുണ്ടോടാ അത്ഭുതലോകത്തിലെ ആലിക്കോയേ?
നീ കേട്ടോ, നിന്റെ അപദാനങ്ങള്‍ നിരത്തിലെഴുതുന്നത് ഞാന്‍ തന്നെ..! നിന്നെ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്താനുള്ള എന്റെ സ്വകാര്യ തീവ്രവാദം.
കുമിളകളുടെ പുനര്‍മരണങ്ങള്‍ - ടമാര്‍...... പഠാര്‍!! !!

ടി.പി.വിനോദ് said...
This comment has been removed by the author.
ടി.പി.വിനോദ് said...

പൊന്നപ്പാ, മരിക്കാന്‍ സമ്മതിക്കെടാ ..:)

പൊന്നപ്പന്‍ - the Alien said...

അത്താഴം കഴിഞ്ഞതിനാല്‍, യുദ്ധ ധര്‍മ്മമനുസരിച്ച് ഇന്നത്തേക്ക് നിനക്ക് മരിക്കാം. ഇന്നത്തേക്ക് മാത്രം!