Monday, March 19, 2012

സഹവാസം

നീ
(എല്ലാവരെയും പോലെ)
ഒരു വിലാപകാവ്യമാകുന്നു,
ഒരു പുസ്തകത്തില്‍
അച്ചടിച്ച് വന്നിരിക്കുന്നു.

അതിന്റെ താളുകളില്‍
താഴേയറ്റത്തിന്റെ നടുക്ക്
ഒറ്റയ്ക്ക് കാണപ്പെടുന്ന
പേജ് നമ്പറുകളാണ്
ഞാന്‍.

ആയതിനാല്‍ ,
ഞാന്‍ എന്നാല്‍
പലതായി ചിതറിയ
ഒറ്റസംഖ്യകളും
ഇരട്ടസംഖ്യകളും
എന്നുവരുന്നു.

അവയെ
നീ എന്ന ആവശ്യത്തിനുവേണ്ടി
ആരോഹണക്രമത്തില്‍
ആരോ പെറുക്കിവെച്ചിരിക്കുന്നു
എന്നുവരുന്നു.

ഏറ്റവും പ്രധാനമായി,
നിന്റെ അര്‍ത്ഥങ്ങളും
എന്റെ നില്‍പ്പുകളും തമ്മില്‍
പ്രത്യേകിച്ചൊരു ബന്ധവുമില്ല
എന്നുവരുന്നു.

അതായത്,
മുപ്പത്തൊമ്പതാം പേജിലായിരിക്കുന്നതിനുപകരം
അമ്പത്തൊന്നാം പേജിലായിരുന്നെങ്കിലും
ലോകത്തെക്കുറിച്ച്
ലോകത്തില്‍ നിന്ന്
ലോകത്തിനുവേണ്ടിയുള്ള
നിന്റെ രൂപകങ്ങള്‍ക്ക്
എന്നെക്കൂട്ടി വായിക്കാതെ തന്നെ
എന്തെങ്കിലും അര്‍ത്ഥമുണ്ടാകുമെന്ന്
വന്നുകൊണ്ടിരിക്കുന്നു.



Sunday, February 26, 2012

സ്നേഹതന്ത്രം

ഭൂമുഖത്ത്
ആകെമൊത്തമുള്ള
സ്നേഹത്തിന്റെ
3/4 ഭാഗത്തിന്റെ 69%
ചായകുടിക്കുന്നവര്‍ക്ക്
കാപ്പികുടിക്കുന്നവരോടുള്ള
സ്നേഹമാണെന്ന പഠനം
പുറത്തുവരാനൊരുങ്ങിയിരിക്കുന്നു.

സംഭ്രമജനകമായ ഈ വിവരം
പുറത്തുവരുന്നതോടുകൂടി
ലോകത്തിന്റെ
ത്രികാലങ്ങളുടേയും മുഖഛായ
മുച്ചൂടും മാറുമെന്നുറപ്പാണ്.

ഈ വിജ്ഞാനമുത്ത്
നേരത്തേ വെളിപ്പെട്ടുവന്നിരുന്നെങ്കില്‍
ചരിത്രാതീതകാലവും
അടിമത്തവ്യവസ്ഥയും
വിപ്ലവങ്ങളും
ലോകമഹായുദ്ധങ്ങളും
ഐക്യരാഷ്ട്രസഭയുമൊന്നും
ഉണ്ടാവുകയേ ഇല്ലായിരുന്നു,
ചുരുങ്ങിയത് അവയൊന്നും
ഇപ്പോഴുള്ളതുപോലെ
ആവുകയേ ഇല്ലായിരുന്നു.

അല്ലെങ്കിലും
വേണ്ടത് വേണ്ടവിധത്തില്‍
വേണ്ടിടത്ത് വേണ്ടത്ര
ഇല്ലാതിരുന്നതിന്റെ
ദീര്‍ഘനിശ്വാസത്തിനെയാണല്ലോ
ലോകചരിത്രം എന്ന് നമ്മള്‍
വിളിച്ചുപോരുന്നത്.

ഇനിമേലില്‍ കാര്യങ്ങളുടെ
അലകും പിടിയും മാറും,
മാറിയേ പറ്റൂ.
സ്നേഹത്തിനെയാണ്
ഈ പഠനം
ഇന്നോളമില്ലാത്ത കൃത്യതയില്‍
ഇന്നോളമാരും കാണിച്ചിട്ടില്ലാത്ത
വിവേചനബുദ്ധിയില്‍
തരംതിരിച്ച് മനസ്സിലാക്കിയിരിക്കുന്നത്.

ഇനി എളുപ്പമാണ്,
സ്നേഹം ആര്‍ക്ക് ആരോട്
എപ്പോള്‍ തോന്നുമെന്ന് പ്രവചിക്കാന്‍,
ഒരാള്‍ക്ക് വേറൊരാളോട് തോന്നുന്നത്
സ്നേഹം തന്നെയോ എന്ന് പരിശോധിക്കാന്‍,
സര്‍വ്വോപരി,
സ്നേഹത്തിന്റെ
കടുപ്പം, നിറം, മണം എന്നിവയെപ്പറ്റി
പരസ്പരവിശ്വാസത്തിലൂന്നിയ
ഊഹാപോഹങ്ങളെ
ഉന്നംതെറ്റാതെ ഉത്തേജിപ്പിക്കാന്‍.

കാരണം,
ഇനിമുതല്‍
ചായ, കാപ്പി എന്നിവ
സ്നേഹത്തിന്റെ ഡി.എന്‍.എ
എന്നുതന്നെ പരിഗണിക്കപ്പെടും.

സ്ഥിരമായി
ചായയും കാപ്പിയും കുടിക്കാന്‍
വകുപ്പില്ലാത്തവര്‍
ഈ സുതാര്യസുന്ദരമായ
പാനീയലോകക്രമത്തിന്
വെളിയിലായിരിക്കുമെന്ന്
പ്രത്യേകിച്ച് വെളിപ്പെടുത്തേണ്ട
കാര്യമില്ലല്ലോ അല്ലേ ?

Saturday, February 25, 2012

സമ്മതിക്കില്ല !

എന്തിന്റെയെങ്കിലും
പ്രതീകമാവണമെന്ന്
തീരുമാനിച്ചുറച്ച്
രാവിലെ വീട്ടില്‍നിന്നിറങ്ങി.

എന്തുചെയ്തിട്ടും
എന്തുചെയ്യാതിരുന്നിട്ടും
എന്തെങ്കിലും ചെയ്യുമെന്ന്
പറഞ്ഞിട്ടെങ്കിലും
എന്തിന്റെയെങ്കിലും
പ്രതീകമാണെന്ന്
പറയിപ്പിക്കാന്‍
വാശിയില്‍ തന്നെ വെച്ചുപിടിച്ചു.

പ്രതീക്ഷിച്ചതിനെതിരായി
വാശിയുമാവേശവുമൊന്നും
മറ്റാര്‍ക്കുമത്ര രസിച്ചമട്ടില്ല.
ആരും കാര്യമായി സഹകരിച്ചില്ല.
ആളുകളും ആള്‍ക്കൂട്ടങ്ങളും
തെരുവുകളും ഭരണഘടനയുമൊക്കെ
മുഖം വക്രിച്ച്
നോക്കി,
നിരുല്‍‌സാഹപ്പെടുത്തി,
ശാസിച്ചു,
സൈഡാക്കി.

പ്രതീക്ഷിക്കാനിനി
ഒന്നുമില്ലെന്ന് മനസ്സിലായപ്പോള്‍
ഒന്നുമില്ലായ്മയുടെ പ്രതീകമാവാന്‍
ഒരു ശ്രമം നടത്തിനോക്കി.

വിട്ടുപിടി ആശാനേ,
മര്യാദയ്ക്ക്
ക്യൂവിന്റെ ഒടുക്കം ചെന്നുനില്‍ക്കെന്ന്
ഒറ്റത്തൊണ്ടയിലലറി,
ഇതിനുമുകളിലെഴുതിയ
എല്ലാവാക്കുകളും ചേര്‍ന്ന്.


Friday, February 24, 2012

വെളിച്ചത്തിന്റെ രണ്ട് കവിതകള്‍


ഫോട്ടോ

ഒറ്റയ്ക്കുള്ള
എന്റെ ഫോട്ടോ
നിന്റെ അഭാവങ്ങളുടെ
ഗ്രൂപ്പ് ഫോട്ടോ ആണ്.
അതിലുള്ള
ആരെയൊക്കെ
തിരിച്ചറിയുന്നുണ്ടെന്ന്
കാലമൊരുപാട് കഴിഞ്ഞ്
എനിക്ക് നിന്നോട് ചോദിക്കണം.


പിക്സല്‍

എന്നിലൂടെയും
നിന്നിലൂടെയും
ഒരേ വോള്‍ട്ടേജില്‍
ജീവിതം കടന്നുപോവുമ്പോള്‍
പ്രണയം എന്ന്
പ്രത്യക്ഷപ്പെടാനുള്ള
പിക്സലുകളായി
നമ്മുടെ ഏകാന്തതകള്‍
ഘടിപ്പിക്കപ്പെട്ടിരിക്കുന്നു.

Monday, February 20, 2012

കാര്യകാരണം

മുതിര്‍ന്നവരുടെ ഭാഷ
പഠിച്ചുതുടങ്ങിയിട്ടില്ലാത്ത
ചെറിയകുട്ടികള്‍
അവര്‍ പറഞ്ഞിട്ടും
നമുക്ക് മനസ്സിലാകാത്ത
കോടാനുകോടി കാരണങ്ങളാല്‍
ലോകത്തിന്റെ
ഓരോ നിമിഷത്തിലും
കരഞ്ഞുകയര്‍ക്കുന്നു,
ശാഠ്യം‌പിടിച്ച് കുതറുന്നു.

അങ്ങനെ

ലോകത്തിന്റെ
ഏതേതുനിമിഷത്തിലും
മനസ്സിലാക്കപ്പെടാത്ത
കാരണങ്ങളുടെ എണ്ണം
മനസ്സിലാക്കപ്പെട്ട
കാര്യങ്ങളുടെ എണ്ണത്തെ
കുതികുതിച്ച് പിന്തള്ളിക്കൊണ്ടിരിക്കുന്നു,

ഒരുപക്ഷേ,
ലോകത്തിന്
ഒറ്റയൊറ്റ മനുഷ്യജീവിതങ്ങളെക്കാള്‍
എത്രയധികം വേഗമുണ്ടോ
അത്രയുമധികം വേഗത്തില്‍ .

Saturday, December 04, 2010

ഉമി

ഒരുവിധത്തിലല്ലെങ്കില്‍
മറ്റൊരുകാര്യത്തില്‍

പൊതിഞ്ഞുനിന്നിരുന്ന
എന്തെങ്കിലുമൊന്ന്
തന്റേതല്ലാതെ
താനല്ലാതെ
വേര്‍പെട്ടതിനെപ്പറ്റി

അല്ലെങ്കില്‍

വിളഞ്ഞുവളര്‍ന്നൊരടച്ചുറപ്പ്
ഇടിഞ്ഞുനുറുങ്ങുന്ന വേദനയിലൂടെ
പൊടിഞ്ഞടിഞ്ഞതിനെപ്പറ്റി

ശരീരഭാഷയിലുള്ള
വ്യംഗ്യങ്ങളാകയാല്‍

ഈ കവിതയുടെ തലക്കെട്ട്
ചേരാതിരിക്കില്ല
എത് ജീവിതത്തിനും.

Thursday, December 02, 2010

ഛയ്യ ഛയ്യ ഛയ്യാ..

പെരുമഴയത്ത്
ജനലുകളെല്ലാം ഷട്ടറിട്ട്
പട്ടണത്തിലേക്ക് പായുന്ന ബസ്സില്‍
തീവണ്ടിയോടുന്ന ശ്വാസമുള്ള
പാട്ട് കുലുങ്ങിത്തുടങ്ങി.

ആ തീവണ്ടിയിലിരിക്കുന്നവര്‍
ഈ മഴയുടെ ഇരമ്പം
കേട്ട് കാതുകുളിര്‍ക്കുന്നുണ്ട്.

തീവണ്ടിയുടെ
അടുത്ത സ്റ്റേഷനിലിറങ്ങാനുള്ള
ആരെങ്കിലുമൊക്കെ
ബസ്സിന്റെ അടുത്ത സ്റ്റോപ്പില്‍നിന്ന്
കയറണമെന്ന് കണക്കുകൂട്ടുന്നുണ്ട്.

തിക്കുതിരക്കിലൊളിച്ചുപതുങ്ങി
ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്ന
ആരുടേതെന്നില്ലാത്ത വിഭ്രാന്തിയാവട്ടെ,
തീവണ്ടി ചൂളം വിളിക്കുന്ന
കൃത്യം സമയത്ത് ചൂളമിട്ട്
ഒളിവ് തുടര്‍ന്നുകൊണ്ട്
ആഹ്ലാദിക്കുമായിരിക്കും.

Monday, November 29, 2010

സംശയം

നട്ടിന്റെ,
ബോള്‍ട്ടിന്റെ,
ഊരിയെടുക്കാവുന്നവയുടെ,
ഘടിപ്പിച്ചുവെയ്ക്കാവുന്നവയുടെയും മാത്രം
ആകെത്തുകയായി
സ്പെയര്‍പാര്‍ട്സ് കടക്കാരന്‍
ഏത് വണ്ടിയെയും കാണുന്നപോലെ

വികാരജീവികള്‍
ജീവിതത്തെ
ഒരു വികാരസമാഹാരമായി
കാണുന്നില്ലേ എന്ന്
ബലമായ സംശയമുണ്ട്.

സംശയം
ഒരു ആശയമാണോ
വികാരമാണോ എന്ന്
തീര്‍ച്ചയാക്കിയിട്ടുവേണം
അടുത്ത സംശയത്തിലേക്ക് കടക്കാന്‍.

Wednesday, May 05, 2010

അന്തര്‍വാഹിനി

പാളവണ്ടിയും ട്രൌസറും കീറി
ചന്തിയില്‍ ചരലുകള്‍
ചിന്തേരിട്ടതിന്റെ
നീറ്റലിനെയും പുകച്ചിലിനെയും
മറന്നേ പോയിരുന്നു.

ജീവിതത്തിനടിയിലൂടെ
മുങ്ങിക്കപ്പലെന്നോണം
ചില വേദനകള്‍
നമ്മുടെ അതേ പാതയില്‍
നമ്മുടെ അതേ വേഗത്തില്‍
നമ്മോടൊപ്പം കാലം താണ്ടുമെന്ന്
തിട്ടം വന്നത്
ഇന്നത്തെ ദിവസമാണ്,

പരുപരുത്തൊരെന്നിലൂടെ
ഞാനെന്നെത്തന്നെ
വലിച്ചു നീങ്ങുകയാണല്ലോയെന്ന്
മനസ്സുമുറിഞ്ഞ ഇന്നത്തെ ദിവസം.

Wednesday, April 14, 2010

മൂര്‍ച്ച

നിലത്തു വീണ്
പൊളിഞ്ഞു ചിതറിയ
പളുങ്കുപാത്രത്തിന്റെ ചീളുകള്‍
പൊറുക്കിയെടുക്കുന്ന
അതേ സാവകാശത്തില്‍
അതേ ശ്രദ്ധയില്‍ ,

തൊട്ടുമുമ്പത്തെ ഒരു മാത്രയില്‍
ഇല്ലാതിരുന്നതിന്റെ
കുടിശ്ശിക തീര്‍ക്കാന്‍
നഷ്ടബോധം കൊണ്ട് ഗുണിച്ചെന്നോണം
ഇരട്ടിപ്പിച്ചെടുത്ത
അതേ സാവകാശത്തിലും
അതേ ശ്രദ്ധയിലും,

പൊറുക്കിയെടുക്കണമെന്നാവും,
പേടിയോടെ തൊടണമെന്നാവും,
ചില നിമിഷങ്ങള്‍ ,
അവയ്ക്കുള്ളിലൊളിച്ച മൂര്‍ച്ചകള്‍
ഓര്‍ക്കാപ്പുറത്ത്
കൈയില്‍ നിന്ന് കുതറുന്നത്.

Friday, February 26, 2010

പൈറസി

വെളിച്ചത്താലുണ്ടായിവരുന്ന
സ്വന്തം നിഴലുകളെയെല്ലാം
അതാത് സ്ഥലങ്ങളില്‍
അവശേഷിപ്പിച്ച് കടന്നുപോവുന്ന
വിശേഷപ്പെട്ട ഒരിനം ജീവികളെ
രൂപപ്പെടുത്തുകയായിരുന്നു ദൈവം.

പ്രസ്തുത സൃഷ്ടിക്ക് വേണ്ട
സാങ്കേതിക സങ്കീര്‍ണ്ണതയില്‍ ക്ഷീണിച്ച്
ദൈവമൊന്ന് നടുചായ്ക്കാന്‍ കിടന്നപ്പോഴാണ്
പാതിപൂര്‍ത്തിയായ
സാങ്കേതികവിദ്യയും കട്ടുതിന്ന്
മനുഷ്യനൊരാള്‍
ഭൂമിയിലേക്ക് കടന്നുകളഞ്ഞത്.

അര്‍ഹതപ്പെട്ട അനശ്വരത
നിഷേധിക്കപ്പെട്ടതിലുള്ള
നിഴലുകളുടെ അമര്‍ഷം
ഇപ്പോഴും തുടരുന്നു.

കണ്ടിട്ടില്ലേ,
നീണ്ടും കുറുകിയും
മെലിഞ്ഞും വീര്‍ത്തും
ഒടിഞ്ഞും വളഞ്ഞും
ഞാന്‍ നിന്റേതല്ല
നീയെന്റെ ആരുമല്ലെന്ന്
നിഴലുകള്‍ നമ്മളോട്
വിയോജിച്ചുകൊണ്ടിരിക്കുന്നത് ?

Thursday, February 25, 2010

സ്വാതന്ത്ര്യം

കാണാമറയത്ത് കൂട്ടിയിട്ട
പഴയ സാധനങ്ങളുടെ
ദ്രവിച്ച കൂമ്പാരം ഓര്‍മ്മവന്നു,

അതിലൊരിടത്ത് കണ്ട
തുരുമ്പിച്ച അഴികളും കൊളുത്തുമുള്ള
എലിക്കെണി ഓര്‍മ്മവന്നു,

അടഞ്ഞിരിക്കുന്ന അവസ്ഥയിലും
അതിനുള്ളില്‍ നിന്ന് പുറത്തേക്ക്
സ്വൈരസഞ്ചാരം നടത്തുന്ന
ചിതലുകളെ ഓര്‍മ്മവന്നു,

സ്വാതന്ത്ര്യം എന്ന വാക്ക്
പത്രത്തിലൊരു വാര്‍ത്തയില്‍
ഇന്ന് കണ്ടപ്പോള്‍ .

Wednesday, February 24, 2010

പോ(കു)ന്നു

പണ്ടും പിന്നെയും പോയിട്ടില്ലാത്ത
ഇടങ്ങളിലേക്ക്
സഞ്ചരിക്കുന്നുവെന്ന് വിചാരിക്കുന്നു.

പോകാവുന്നത്ര ദൂരം
പോയ്ക്കൊണ്ടിരിക്കുമെന്ന്
പറയുന്നില്ല
(ഭൂമി ഉരുണ്ടതായതുകൊണ്ട്
ചെറിയൊരു പ്രശ്നമുണ്ട്-
തുടങ്ങിയേടത്ത് തന്നെ
തിരിച്ചെത്തുമ്പോഴാണ്
പരമാവധി ദൂരം താണ്ടിയിട്ടുണ്ടാവുക).

അതേപ്പറ്റി തല്‍ക്കാലം
ആലോചിക്കുന്നില്ല.

ആരുമാരും പോയിട്ടില്ലാത്ത
ദിശയിലൂടെ
മുന്നിലുള്ളത് വകഞ്ഞ്
വഴിയുണ്ടാക്കിയാണ്
പോയ്ക്കൊണ്ടിരിക്കുന്നതെന്ന്
സങ്കല്‍പ്പിക്കുന്നു.

തിരിച്ചുവരുമെങ്കില്‍
വഴിതെറ്റാതിരിക്കണമെന്നുണ്ട്.

ഇതുവായിക്കാനെടുത്ത
നിങ്ങളുടെ സമയത്തില്‍
ഏത് വാക്കുകൊണ്ട്
എത്രയാഴത്തില്‍ കൊത്തിയാലാണ്
ഒരടയാളമുണ്ടാവുക?

Tuesday, February 23, 2010

പിന്നെയും മരച്ചുവട്ടില്‍

അതേ തണലെന്ന്
തോന്നലുണ്ടാവുമായിരിക്കും.

അതേ കാറ്റെന്നാവും
ഇലക്കിലുക്കം
കേള്‍വിയാകുന്നുണ്ടാവുക.

സാരമില്ല,

പൊഴിഞ്ഞുപോയവയുണ്ടെന്ന്
തളിര്‍ത്തുവന്നവയുണ്ടെന്നും
കണക്കിലെടുത്ത്
ഒന്നുകൂടെ
കാണാനും കേള്‍ക്കാനും തുനിഞ്ഞാല്‍

തറയിലമര്‍ന്ന്
കാത്തിരിപ്പുണ്ടാവും
സാദ്ധ്യമായതില്‍ വെച്ച്
ഏറ്റവും പുതിയ
നിഴല്‍ത്തിരുത്തുകള്‍ ,

അറിയാമോ എന്ന്
തിളക്കുന്നുണ്ടാവും
ഇനിയൊരിക്കല്‍ക്കൂടി ആവര്‍ത്തിക്കാത്ത
ഇലപ്പാട്ടിരമ്പക്കം.

Wednesday, January 06, 2010

തെറ്റാലി

കേട്ടുകൊണ്ടിരുന്ന
പാട്ടിൽ നിന്നൊരു
വാക്ക്‌ തെറിച്ചുവന്നു.

നമ്മളെ നമ്മൾ
പഗോഡ പണിതതിൻ
കൂട്ടത്തിലേറ്റം കനത്ത വാക്ക്‌.

എങ്ങുനിന്നോ
കേട്ടുതീരുന്നതിനിടയിൽ
നീ തൊടുത്തുവെച്ചതാണോ
ഇതേ പാട്ടിന്റെ തെറ്റാലിയിൽ
വലിച്ചുമുറുക്കിയിതിനെ ?

Thursday, December 24, 2009

വെളിച്ചത്തിന്റെ അക്വേറിയം

കുട്ടിക്കാലത്തെ വീട്ടിൽ
അടുക്കളയുടെ മേൽക്കൂരയിലുണ്ടായിരുന്നു
ഓടുമാറ്റി ചില്ലുവെച്ച ആകാശജാലകം.

പൊടിയും പുകയും തങ്ങിപ്പൊങ്ങി നീന്തുന്ന
വെളിച്ചത്തിന്റെ ഒരു അക്വേറിയത്തെ
അടുക്കളയിലേക്കിറക്കിവെയ്ക്കുമായിരുന്നു
വെയിലുള്ള നേരങ്ങളിലത്.

അന്തംവിട്ടതിനെ
നോക്കി നിന്നിരുന്നതിന്റെ
ഓർമ്മകളിലെവിടെയോ
തങ്ങിപ്പൊങ്ങിയലയുന്നുണ്ട്
ഇപ്പോഴത്തെ ഒരു ഞാൻ.

ആരാവും നോക്കിനിൽക്കുന്നുണ്ടാവുക,
ഞാനുൾപ്പെടുന്ന
വെളിച്ചത്തിന്റെ അക്വേറിയത്തെ ?

Friday, December 04, 2009

കത്ത്

എത്രയും പ്രിയപ്പെട്ട
നിന്റെ ഏകാന്തതേ,

എനിക്ക് സുഖമെന്ന്
നീ കരുതുന്നു.

ഒരുവിധം നന്നായി പോകുന്നു
നിന്റെ അവിടത്തെ ജീവിതം.

അന്വേഷിച്ചതായി
അറിയിക്കരുതെന്ന്
എന്റെ ഏകാന്തത പറയുന്നു.

കത്ത് ചുരുക്കുന്നതുകൊണ്ട്
വേറെ വിശേഷങ്ങളൊന്നുമില്ല.

ശേഷം
അടുത്ത എഴുതായ്കയിൽ.

Thursday, November 26, 2009

പിന്നെയും ഓര്‍മ്മിച്ചു എന്ന്

വേറൊരിടത്തേക്കുള്ള
വഴി മറന്ന് കുഴയുമ്പോള്‍

പഴയ കൂട്ടുകാരന്റെ വീട്ടിലേക്കുള്ള
പണ്ടെങ്ങോ മറന്ന വഴി
ഓര്‍മ്മയിലേക്ക് വന്നു.

ഈ പരിസരത്തൊന്നുമല്ലാത്ത
ആ വഴിയെ ഇപ്പോള്‍
ഓര്‍മ്മവരാനെന്താവുമെന്ന്
തോന്നലുകള്‍ നീളുന്നു.

വളഞ്ഞുപിരിഞ്ഞ്
കുടുങ്ങിക്കുഴമറിഞ്ഞ
തോന്നല്‍ത്തെരുവില്‍ നിന്ന്
തെറ്റാതെ പുറത്തേക്ക്
വഴി നോക്കിയെടുക്കണമിനി.

പണ്ടത്തെ കൂട്ടുകാരന്‍ എന്നിലുടെയും
ഞാന്‍ അവനിലൂടെയും
നടന്ന് കടന്നതിന്റെ
അതേ ജന്മവാസന
സഹായിക്കുമായിരിക്കും.

Monday, October 12, 2009

ജിജ്ഞാസ

ഉണങ്ങാന്‍ ചിക്കിയിട്ട
ചുവന്ന മുളക്
മുറ്റത്ത്, വെയിലില്‍.

എത്രയുണങ്ങിയാലും
ആവിയാകാത്ത എരിവിനെ
കണ്ടുപഠിക്കാന്‍
മുറ്റത്തേക്കുറ്റുനോക്കുന്നു, വീട്.

ലോകം മുഴുവന്‍
വീടുകള്‍ ചിക്കിയിട്ട ദൈവമേ
കണ്ടുപഠിക്കുന്നുണ്ടോ നീ
ഈ ജിജ്ഞാസയെ?

Friday, September 11, 2009

അനുശീലനം

ഉറക്കത്തിന്‍ കോണിലൊരു
കുഴി കുത്തിവെയ്ക്കാം.

ഏതു ചെറുചുവടിലും
ഒടിഞ്ഞുവീഴുന്നത്ര
നേര്‍പ്പിച്ച നിനവുകള്‍
കുഴിവായില്‍ പാകണം.

ഉച്ചവെയിലോലകള്‍
നീ കൊണ്ടുപോരില്ലേ?

പാതിരകിളച്ചിരുള്‍മണ്ണെടുത്ത്
തൂവിയേക്കാം ഞാനതിനുമേലെ.

നമ്മളെക്കുറിച്ചുള്ള
സ്വപ്നത്തില്‍ വീഴ്‌ത്തണം
ജീവിതം ചൊവ്വിനു
പഠിപ്പിക്കാന്‍ നമ്മളെ.


(തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത്)